March 10, 2025 6:32 pm

കള്ളപ്പണക്കേസിൽ എസ് ഡി പി ഐ ദേശീയ പ്രസിഡണ്ട് അറസ്ററിൽ

ന്യൂഡല്‍ഹി : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ എസ് ഡി പി ഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റില്‍.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.

നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും സമഗ്രമായ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടാണ് ഫൈസി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് അറസ്ററ്.

2009ലാണ് എസ്ഡിപിഐ എന്ന പാര്‍ട്ടി സ്ഥാപിതമായത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി എസ്ഡിപിഐക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ സ്വതന്ത്ര സംഘടനയാണെന്നും പിഎഫ്ഐയുമായി ബന്ധമില്ലെന്നുമാണ് എസ്ഡിപിഐ വ്യക്തമാക്കിയത്.

വിദേശ ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ രാജ്യത്തുടനീളം ഇഡിയും എന്‍ഐഎയും റെയ്ഡ് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം 26 പേര്‍ അറസ്റ്റിലായിരുന്നു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐയാണെന്നും എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണെന്നും ഇഡി പറയുന്നു.

എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐയാണ്, എസ്‌ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നൽകിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി ഇരു സംഘടനകൾക്കും പണം ലഭിച്ചതായും ഇഡി പറയുന്നു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. ഹവാലയടക്കം മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു.

12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ല. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തി. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്‌ഡിപിഐ പ്രവർത്തിക്കുന്നത്. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം ശേഖരിച്ചു, ഒപ്പം റമദാന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News