കൊച്ചി : ഇടതുമുന്നണി സർക്കാരിൻ്റെ ഇടുക്കിയിലെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. എറണാകുളം വൈററിലയിലെ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് തീരുമാനം. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ് വേടൻ എന്ന ഹിരൺദാസ് മുരളി
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന സമയത്ത് വേടൻ ഫ്ലാറ്റിലുണ്ടായിരുന്നു.
ലഹരി ഉപയോഗിച്ചതായി സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. വേടൻ്റെ ഫ്ലാറ്റിൽ നിന്ന് ഒമ്പതര ലക്ഷം രൂപയും കണ്ടെത്തി. ഷോകൾ നടത്തിയതിൽ നിന്ന് കിട്ടിയ പണമാണിത് എന്ന് വേടൻ പറഞ്ഞു. ഫ്ലാറ്റിൽ 9 പേർ ഉണ്ടായിരുന്നു, വേടൻ ഉൾപ്പെടെ എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാൻ ശ്രമം ശക്തമാണെന്ന് എറണാകുളം അസി.എക്സൈസ് കമ്മിഷണർ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു.
എംഎഡിഎംഎ പോലെ ഹൈബ്രിഡ് കഞ്ചാവും പാർസൽ വഴി കടത്താനുള്ള ശ്രമം ശക്തമാണെന്നാണ് എക്സൈസ് നിഗമനം. പുറത്തു നിന്നു വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇപ്പോൾ പിടികൂടുന്നതെങ്കിലും ഇന്ത്യക്കകത്തു തന്നെ ഹൈബ്രിഡ് കഞ്ചാവ് ഉൽപാദിപ്പിക്കുന്നുണ്ട് എന്ന് സൂചനകളുണ്ട്. ഈ രീതിയിൽ കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനാണ് വേടൻ. പിന്നീട് മലയാള സിനിമയില്‍ അടക്കം ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച വേടന് നിരവധി ആരാധകരാണ് ഉള്ളത്.