April 24, 2025 11:28 am

പാക് പൗരന്മാരെ പുറത്താക്കും; അതിർത്തി അടച്ചു; നദീജലകരാർ മരവിപ്പിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ പകിസ്ഥാൻ്റെ സഹായത്തോടെ നടത്തിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാനുള്ള തീരുമാനങ്ങൾ കേന്ദ സർക്കാർ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് സുരക്ഷാസമിതി യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനങ്ങൾ.

പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചു. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വീസ റദ്ദാക്കി.

എല്ലാ പാകിസ്ഥാൻ പൗരന്മാരും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം.ഇനി അവർക്ക് വീസ നൽകില്ല. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കും.

പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും.പാകിസ്ഥാൻ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കും.പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത് ഇതാദ്യമായാണ്.

രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം. നയതന്ത്ര കാര്യാലയത്തിൽ ഏതാനും ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ഒഴിച്ചാൽ പാക്കിസ്ഥാനുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ഈ ഭീകരാക്രമണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ നടപടികള്‍ തീരുമാനിച്ചതെന്ന് മിസ്രി പറഞ്ഞു.

നടപടികൾ :

# അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കുന്നത് വരെ 1960 ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു.

# വാഗ-അട്ടാരി അതിര്‍ത്തി ഉടനടി അടച്ചിടും. കൃത്യമായ രേഖകളോടെ അതിർത്തി വഴി കടന്നവര്‍ക്ക് മെയ് ഒന്നിന് മുമ്പ് അതുവഴി മടങ്ങാം.

# സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മുന്‍പ് നല്‍കിയിട്ടുള്ള SVES വിസകള്‍ റദ്ദാക്കിയതായി കണക്കാക്കും. നിലവില്‍ SVES വിസയില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണം.

# ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷെമാർ ഒരാഴ്ചയ്ക്കകം ഇന്ത്യ വിടണം.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കും.

# ഇരു രാജ്യങ്ങളുടെയും ഹൈക്കമ്മീഷനുകളിലെ ഡിഫന്‍സ് അറ്റാഷെ തസ്തികകള്‍ റദ്ദാക്കിയതായി കണക്കാക്കും.
പാക് ഹൈക്കമ്മീഷനിലെ അഞ്ച് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെയും ഇന്ത്യ പുറത്താക്കി.ഇന്ത്യയും പാകിസ്താനിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ പിന്‍വലിക്കും.

# ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. നിലവിലിത് 55 ആണ്‌.മെയ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News