ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ, ബിഎസ്പിക്കും സിപിഎമ്മിനും ‘നോട്ട’യേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.
മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത വോട്ടർമാർക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നതാണ് ‘നോട്ട’.
യഥാർത്ഥ മത്സരം ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലായിരുന്നു, എന്നാൽ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പാർട്ടികളായ ബിഎസ്പി (0.55 ശതമാനം), സിപിഐ എം (0.01 ശതമാനം) എന്നിവയെ പിന്തള്ളിയാണ് നോട്ട 0.57 ശതമാനം വോട്ട് നേടിയത്.
ബിജെപി, ആം ആദ്മി പാർട്ടി , കോൺഗ്രസ്, സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റ് അംഗീകൃത ദേശീയ പാർട്ടികൾ.
ഇവരെ കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡും (ജെഡിയു) യഥാക്രമം 0.01 ശതമാനവും 0.53 ശതമാനവും വോട്ട് വിഹിതം നേടി.