April 3, 2025 9:50 am

കഥ അറിയാതെ മോഹൻലാൽ അഭിനയിക്കുമോ ? ആർ എസ് എസ്

ന്യൂഡൽഹി: എമ്പുരാൻ എന്ന സിനിമയിലെ നായകൻ മോഹൻലാലിനെയും സംവിധായകൻ പൃഥ്വിരാജിനെയും അതിനിശിതമായി വിമർശിച്ച് ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൽ വീണ്ടും ലേഖനം.

മോഹൻലാൽ കഥ മുൻകൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് കരുതുന്നില്ല. ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തയിബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു.

പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ വ്യക്തമായിരുന്നു. കേരളത്തിലെ ചലച്ചിത്രമേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് പൃഥ്വിരാജ്.

വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയിൽ കാണുന്നത്. ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക ഭീകരതയെ വെള്ളപൂശുന്നതാണ് തിരക്കഥ.

രാജ്യ ചരിത്രത്തിലെ ദാരുണവും സങ്കീർണവുമായ അധ്യായമാണ് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഗുജറാത്ത് കലാപം. സിനിമയിൽ‌ വസ്തുതകളെ സൗകര്യപ്രദമായി വളച്ചൊടിക്കുകയാണ്. ഗോധ്രയിൽ 59 നിരപരാധികളായ ശ്രീരാമഭക്തരുടെ കൂട്ടക്കൊലയെ സിനിമ അവഗണിക്കുന്നു. വേദനാജനകമായ ഓർമകൾ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുന്ന തരത്തിൽ ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്നതാണ് കഥ.

സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫർ, രാജ്യത്തെ പാർട്ടികൾ അദൃശ്യമായ വിദേശ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളാണെന്ന ആശയം സൂക്ഷ്മമായി അവതരിപ്പിച്ചു. രണ്ടാം ഭാഗമായ എമ്പുരാൻ, അന്വേഷണ ഏജൻസികൾ, നിയമപാലകർ, ജുഡീഷ്യറി എന്നിവയെ ലക്ഷ്യം വെക്കുന്നു.

ഈ സിനിമ,ജനങ്ങളെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽനിന്ന് അകറ്റാൻ സാധ്യതയുണ്ട്. ദേശീയ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഒരു സൂക്ഷ്മമായ ശ്രമവും ഇതിൽ കാണാം. പ്രധാന കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളാണ്. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ മാത്രമേ നീതി നടപ്പാക്കാൻ കഴിയൂ എന്നു സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News