തിരുവനന്തപുരം: മലയാള സിനിമയിലെ ചരിത്രമാകുന്നു എന്ന് ഉദ്ഘോഷിച്ച് പുറത്തിറക്കിയ ‘എമ്പുരാൻ’ എന്ന ചിത്രം മൂലം നടൻ മോഹൻലാലിൻ്റെയും സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ്റെയും പ്രതിച്ഛായയിൽ
ഗുരുതരമായ പൊള്ളലേററു.
ഹൈന്ദവ വിശ്വാസികളും ആർ എസ് എസും രുക്ഷമായ വിമർശങ്ങൾ ഉന്നയിച്ചതോടെ വിവാദത്തിൽ ഖേദം പ്രകടിപ്പിക്കാൻ മോഹൻലാൽ നിർബന്ധിതനായി. സിനിമ വ്യവസായ മേഖലയിലെ ലാൽ അനുകൂലികളും
ഒരു വിഭാഗം ആർ എസ് എസ് നേതാക്കളും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല.
സൈബറിടത്തിൽ സംഘ് പരിവാർ – സി പി എം പോരാട്ടം ഇതിൻ്റെ പേരിൽ അതിരൂക്ഷമായി നടന്നപ്പോഴും ക്ഷീണം സംഭവിച്ചത് മോഹൻലാലിനായിരുന്നു. ഇതിനിടെ, നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ, ചിത്രത്തിൽ വിവാദ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് പരസ്യമായി സംവിധായകൻ പൃഥ്വിരാജ് സുകുമാരനോട് ആവശ്യപ്പെട്ടപ്പോൾ മോഹൻലാലിനു പിടിച്ചുനിൽക്കാൻ കഴിയാതായി. തുടർന്നാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോൾ പററിയ തെററിൽ ക്ഷമ ചോദിച്ച് മോഹൻലാലിന് പ്രതികരിക്കേണ്ടി വന്നത്.
ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം സമ്മതിച്ചു.കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ലാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടു.ഈ കുറിപ്പ് പൃഥ്വിരാജ് സുകുമാരനും പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു.
ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു…
സ്‌നേഹപൂര്‍വ്വം,
മോഹന്‍ലാല്‍
സിനിമയുടെ പുതുക്കിയ പതിപ്പ് വ്യാഴാഴ്ചയോടെയാണ് തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
അതേസമയം. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാനെന്നും സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചിത്രം കണ്ടതിനു ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നതെന്നും അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്നും അദ്ദേഹം കുറിച്ചു.
സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. എമ്പുരാൻ സിനിമയെ പിന്തുണച്ചുകൊണ്ട് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സതീശന്റെ പ്രതികരണം.
ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും അത് പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
2 Responses
മോഹൻ ലാൽ ഒരു അഭിനേതാവ് മാത്രമാണ്.
ഈ ചിത്രം കഥാകൃത്തോ സംവിധായകനോ മിണ്ടുന്നില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർക്കല്ലേ ഉത്തരവാദിത്വം
തെറ്റുകൾ തിരുത്തപ്പെടേണ്ടതാണ്. പക്ഷെ, അത് ആവർത്തിക്കുന്നതാണ് മതഫാസിസത്തിൻ്റെ ചരിത്രം. കലകാരന്മാർ മാത്രം തിരുത്തിയാൽ പോരാ, തമ്പുരാന്മാരെല്ലാം തെറ്റുകൾ ആവർത്തിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. എങ്കിലേ ലോകത്ത് ശാന്തിയും സമാധാനവും പുലരുള്ളൂ.