കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ ബി ജെ പി നേതാക്കളെ ഒഴിവാക്കി. തിരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ച പണമാണ് ഇതെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് കുറ്റപത്രം.
ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് വസ്തു വാങ്ങുന്നതിന് ദല്ലാൾ ആയ ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം ഹൈവേയില്‍ വച്ച് കൊളളയടിച്ചുവെന്നായിരുന്നു ആരോപണം. കള്ളപ്പണം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചിരുന്നതായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.
കുഴൽപ്പണ കവർച്ച സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു
കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത് ഹൈവേ കവര്‍ച്ചയിലെ കള്ളപ്പണ ഇടപാട് മാത്രമെന്ന് കുറ്റപത്രം പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നതിലേക്ക് അന്വേഷണം നീങ്ങിയില്ല. ആലപ്പുഴയിലെ ഭൂമി വാങ്ങാന്‍ ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് കൊള്ളയടിച്ചതെന്ന് ഇഡി കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് ഫണ്ടായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണമാണിതെന്ന് തെളിവ് സഹിതം പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ച് കള്ളപ്പണ ഇടപാടില്‍ ഇഡി നടത്തിയ അന്വേഷണം പോലീസ് റിപ്പോര്‍ട്ടിനെ അപ്പാടെ നിരാകരിക്കുന്നു. പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്.
ഇത് ബിജെപിക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തില്‍ അന്വേഷണമോ അത്തരത്തിലൊരു കണ്ടെത്തലോ ഇഡി നടത്തിയിട്ടില്ല. മറിച്ച് ധര്‍മരാജന്‍ ഇതിന്റെ ഉത്ഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഇഡി കുറ്റപത്രത്തിലുള്ളത്.
ഭൂമിയിടപാട് സംബന്ധിച്ചൊരു കണ്ടെത്തല്‍ പോലീസ് നടത്തിയിരുന്നില്ല. ബിജെപിക്ക് തിരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന പണമാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നാണ് പോലീസ് കുറ്റപത്രത്തിലുള്ളത്. പല മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സമര്‍ഥിച്ചത്. ധര്‍മരാജന്‍ തന്നെ നേരത്തേ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്.
കുഴൽപ്പണ കവർച്ചക്കേസിൽ ഇതുവരെയും ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബിജെപിക്കെതിരെ പൊലീസിൽ മൊഴി നൽകിയ ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സാക്ഷിയാക്കിയിട്ടുണ്ടോയെന്ന് അറിയില്ല.
മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഇഡിയോ മറ്റ് അന്വേഷണ ഏജൻസിയോ ബന്ധപ്പെട്ടാൽ അത് പറയാൻ തയ്യാറാണ്. ചാക്കുകെട്ടുകളിലാണ് ബിജെപി ഓഫീസിൽ പണം എത്തിയത്. അത് അന്വേഷിക്കാൻപോലും ഇഡിക്ക് കഴിവില്ല. ബിജെപി നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണിതെന്ന് ഇപ്പോൾ വ്യക്തമായി. അന്വേഷകസംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് കുറ്റപത്രം. ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നടന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും താൻ നിയമ പോരാട്ടം തുടരുമെന്നും തിരൂർ സതീഷ് പറഞ്ഞു.
കേസെടുത്തിട്ട് നാല് വർഷം തികയുന്നതിന് തൊട്ടു മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2021 മെയ് അഞ്ചിനാണ് ഇഡി കേസന്വേഷണം ആരംഭിച്ചത്.