പാലക്കാട്: കെ-റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രിയുമായി സംസാരിക്കാം. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബദൽ പദ്ധതി നിർദേശം സർക്കാരിന് ഇഷ്ടമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തതാണ് ബദൽ പദ്ധതി.കെ റെയിലിനേക്കാള്‍ വലിയ ഉപകാരപ്രദമായ ഒന്നാണ് താന്‍ സമര്‍പ്പിച്ച നിർദേശം. കൂടാതെ ഇത് നാട്ടുകാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടും ഉണ്ടാക്കില്ല.
റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആയിട്ടാണ് അത് വരിക. എന്നാല്‍ വേഗത്തില്‍ പണി നടക്കും. അതേസമയം സംസ്ഥാന സര്‍ക്കാരിന് അതില്‍ 49 ശതമാനം പങ്കും ഉണ്ട്.
കെ റെയിൽ മാറ്റിവെച്ചിട്ട് വേണം പുതിയ പദ്ധതി അവതരിപ്പിക്കാന്‍. പാരിസ്ഥിതക ആഘാതം, ഭൂമിയേറ്റെടുക്കല്‍ എല്ലാം കുറഞ്ഞ പദ്ധതിയാണ് ബദല്‍ നിർദേശം. അണ്ടര്‍ഗ്രൗണ്ടും എലിവേറ്റഡുമായ പാതയാണ് ഇതില്‍ കൂടുതലും വരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഒരു വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഡിഎംആര്‍സിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവര്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കൈയില്‍ എല്ലാ ഡാറ്റകളും ഉണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു.
‘കെ റെയില്‍ ഞങ്ങള്‍ മാറ്റിവെച്ചു, പുതിയ പദ്ധതി എടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി ഒരു കത്തെഴുതണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. കത്തെഴുതിയിട്ട് ഞാന്‍ തന്നെ മന്ത്രിയെ കണ്ട് അനുമതി വാങ്ങിത്തരമാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ കത്ത് ഇതുവരെ പോയിട്ടില്ല’ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.രാജൻ. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്‌നമില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.