April 4, 2025 5:23 am

‘ലൈംഗികക്കെണികൾ’: കർണാടകയിൽ 48 നേതാക്കൾ കുടുങ്ങി ?

ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ രാഷ്ടീയ പാർടികളിലെ നേതാക്കളെ ‘ലൈംഗികക്കെണി’യിൽ പെടുത്തിയ കേസുകളിൽ ഉന്നതതല അന്വേഷണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു.

ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചർച്ച കർണാടക നിയമസഭയെ പിടിച്ചുകുലുക്കി. രാഷ്ട്രീയത്തിലെ ബ്ലാക്ക് മെയിൽ തന്ത്രങ്ങളെക്കുറിച്ച് പാർട്ടി ഭേദമന്യേ നിയമസഭാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.

“നമ്മുടെ അംഗങ്ങളുടെ അന്തസ്സ് സംരക്ഷിക്കണമെങ്കിൽ, ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണം എന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. വേഗത്തിലുള്ള നടപടിയും അദ്ദേഹം ഉറപ്പ് നൽകി.

48 പേർ ‘ലൈംഗികക്കെണി’ക്ക് ഇരയായതായും അവരുടെ അശ്ലീല വീഡിയോകൾ പ്രചരിച്ചതായും സഹകരണ മന്ത്രി കെ എൻ രാജണ്ണ പറഞ്ഞു. “കർണാടകയിൽ ഒരു സിഡി, പെൻ ഡ്രൈവ് ഫാക്ടറി ഉണ്ടെന്ന് ആളുകൾ പറയുന്നു… നിരവധി കേന്ദ്ര മന്ത്രിമാർ പോലും കുടുങ്ങിയിട്ടുണ്ട്” – അദ്ദേഹം ആരോപിച്ചു.

ഒരു സഹപ്രവർത്തകന് രണ്ട് തവണ ‘ലൈംഗികക്കെണി’നേരിടേണ്ടി വന്നതായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു.രാഷ്ട്രീയ നേട്ടങ്ങൾക്കായി അത്തരം തന്ത്രങ്ങൾ ഉപയോഗിക്കരുത്. അദ്ദേഹം പോലീസ് അന്വേഷണവും ആവശ്യപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള ‘ലൈംഗികക്കെണി’കൾ തുടരുകയാണെന്ന് ബിജെപിയിലെ ബസനഗൗഡ പാട്ടീൽ യത്നാലും വി സുനിൽ കുമാറും ആരോപിച്ചു.

“ഒരു മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തുമ്പോൾ സ്ഥിതി വളരെ മോശമാണ്. നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ അതിൽ പങ്കാളിയാണെന്ന് ഞങ്ങൾ നിഗമനത്തിലെത്തും,” കുമാർ മുന്നറിയിപ്പ് നൽകി.

തന്നെ ഒരു ബലാത്സംഗ കേസിൽ വ്യാജമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ മുനിരത്ന ആരോപിച്ചു, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം സുഗമമാക്കുന്നതിന് പരാതികൾ നൽകാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മന്ത്രിമാരോട് ആവശ്യപ്പെട്ടു. “ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകട്ടെ, അത് അന്വേഷിക്കാം,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News