ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് എതിരായ അന്വേഷണത്തിന് സുപ്രിംകോടതി മൂന്നംഗ ജുഡീഷ്യൽ സമിതി രൂപീകരിച്ചു.
രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉൾപ്പെടുന്ന സമിതിയാണിത്.പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ ചീഫ് ജസ്റ്റിസ് ജി എസ് സന്ധ് വാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവർ ആണ് അംഗങ്ങൾ..
ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്ക് ജുഡീഷ്യൽ ചുമതല നൽകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ നടപടി.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.
ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു.
ഇതിനിടെ യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് തീരുമാനമെടുത്തത്.
അതിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധവുമായി അലഹബാദ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്തെത്തി. സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍, അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സേനാ മേധാവി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് അദ്ദേഹം നിഷേധിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത