ശ്രീനഗർ : പഹൽഗാമിലെ ആക്രമണം കഴിഞ്ഞ വർഷം ഇസ്രായേലിൽ നടന്ന ഹമാസ് ശൈലിയിലുള്ള ആക്രമണവുമായി വളരെ സാമ്യമുള്ളതാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരിൽ രണ്ട് പേർ പാകിസ്ഥാൻ പൗരന്മാരും രണ്ട് പേർ കശ്മീരിൽ നിന്നുള്ള തദ്ദേശവാസികളുമാണ്. നാലുപേരും പാക് അധിനിവേശ കശ്മീരിലെ ക്യാമ്പുകളിൽ പരിശീലനം നേടിയവരാണെന്ന് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു.
അവിടെ ഹമാസ് ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) കേന്ദ്രങ്ങൾക്കുള്ളിൽ ഒരു പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ഫെബ്രുവരി 5 ന് ഇസ്രായേൽ മോചിപ്പിച്ച ഹമാസ് നേതാക്കൾ പാകിസ്ഥാൻ സർക്കാരിന്റെ ക്ഷണപ്രകാരം പാകിസ്ഥാനിലേക്ക് പോയിരുന്നു.എൽഇടി, ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്താൻ അവരെ പാക് അധിനിവേശ കശ്മീരിൽ എത്തിക്കുകയുണ്ടായി.
അവരുടെ സന്ദർശന വേളയിൽ, റാവലകോട്ടിൽ ഒരു റാലിയും സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഹമാസ് നേതാക്കളെ തെരുവുകളിലൂടെ കുതിരപ്പുറത്ത് പരേഡ് ചെയ്ത് വിമോചകരായി വാഴ്ത്തി. ഹമാസ് വക്താക്കളായ ഡോ. ഖാലിദ് ഖദ്ദൂമി, ഡോ. നാജി സഹീർ, മുതിർന്ന നേതാക്കളായ മുഫ്തി അസം, ബിലാൽ അൽസല്ലത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള മുൻനിര ഭീകര നേതാക്കളായ തൽഹ സെയ്ഫ്ജെ (ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ), ലോഞ്ചിംഗ് കമാൻഡർ അസ്ഗർ ഖാൻ കശ്മീരി, മസൂദ് ഇല്യാസ് തുടങ്ങി നിരവധി മുതിർന്ന എൽഇടി കമാൻഡർമാർ എന്നിവരും ഇതിൽ പങ്കെടുത്തു.
“കശ്മീർ സോളിഡാരിറ്റിയും ഹമാസ് ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡും” എന്ന ബാനറിൽ നടന്ന റാലി, കശ്മീരും പലസ്തീനും ഏകീകൃത പാൻ-ഇസ്ലാമിക് ജിഹാദിന്റെ ഭാഗമാണെന്ന് അറിയിക്കുന്നതിനായിരുന്നു. ഇന്ത്യയ്ക്കും ഇസ്രായേലിനുമെതിരെ ഒന്നിച്ചു നിൽക്കാനായിരുന്നു ആഹ്വാനം.
ഹമാസ് നേതാക്കളെ പാകിസ്ഥാൻ്റെ ഐഎസ്‌ഐ ധാക്കയിലേക്കും കൊണ്ടുപോയിരുന്നു. അൽ-ഖ്വയ്ദയുമായി നേരിട്ട് ബന്ധമുള്ള അറിയപ്പെടുന്ന മുഫ്തി ഷാഹിദുൽ ഇസ്ലാം സ്ഥാപിച്ച ‘അൽ മർകസുൽ ഇസ്ലാമി’ എന്ന ഇസ്ലാമിക സംഘടന സംഘടന നടത്തിയ പരിപാടിയിൽ അവർ പങ്കെടുക്കുകയും ചെയ്തു.