ഇസ്ലാമാബാദ്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സമ്മതിച്ചു.
അമേരിക്കയ്ക്കും, ബ്രിട്ടണുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ പ്രവൃത്തി ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭീകരവാദികളെ സഹായിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാവുകയയിരുന്നു. അതൊരു വലിയ തെറ്റായിരുന്നുവെന്നും പാകിസ്താന്‍ ഇപ്പോള്‍ അതിന്റെ പരിണിത ഫലങ്ങള്‍ നേരിടുകയാണെന്നും മന്ത്രി വിശദീകരിച്ചു.
പഹല്‍ഗാമിലെ ആക്രമണത്തിന് ഉത്തരവാദികളെ കണ്ടെത്തി തിരഞ്ഞുപിടിച്ച് ശിക്ഷിക്കുമെന്ന് ഇന്ത്യൻ
പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിരുന്നു. അതിന് മറുപടിയായാണ് ഖവാജ ആസിഫിന്റെ പ്രതികരണം.
സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ അമേരിക്കയുടെ ഭീകരവാദികളെ ഉപയോഗിച്ച് നിഴല്‍യുദ്ധം നടത്തിയെന്ന് ഖവാജ ആസിഫ് പറയുന്നു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അത് ഇന്ത്യ ആസൂത്രണം ചെയ്ത നാടകമാണ് എന്ന് ഖവാജ ആസിഫ് ആരോപിച്ചു.
ലഷ്‌കര്‍- ഇ തോയ്ബ ഇപ്പോള്‍ നിലവിലില്ല. ഇന്ത്യയില്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന റെസിസ്റ്റന്‍സ് ഫ്രണ്ടിനെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല. പഹല്‍ഗാം ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും വര്‍ഷങ്ങളായി പാകിസ്താനും ഭീകരാക്രമണങ്ങളുടെ ഇരയാണെന്നും ഖവാജ ആസിഫ് പറഞ്ഞു.
ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പാകിസ്താന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഓര്‍മിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.