March 10, 2025 6:40 pm

സിനിമ നടിയിൽ നിന്ന് പിടിച്ചത് 17.29 കോടിയുടെ സ്വർണവും പണവും

ബംഗലൂരു: കന്നഡ സിനിമ നടി രന്യ റാവുവിൽ നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ 17.29 കോടിയുടെ വസ്തുക്കൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതുവരെ പിടികൂടി.

ഭീഷണിക്ക് വഴങ്ങിയാണ് താന്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് അവർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ബംഗലൂരു ലാവലി റോഡിലെ അപാര്‍ട്ട്‌മെന്റില്‍ ഡി ആർ ഐ പരിശോധന നടത്തിയിരുന്നു.

മൂന്ന് വലിയ പെട്ടികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടി രന്യ റാവുവിനെ പരപ്പന അഗ്രഹാര ജയിലില്‍ അടച്ചു. ദുബായില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രന്യ റാവുവിനെ ബംഗലൂരു വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

14.2 കിലോ സ്വര്‍ണമാണ് രന്യ റാവുവില്‍ നിന്നും കണ്ടെടുത്തത്. ശരീരത്തില്‍ അണിഞ്ഞും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 12.56 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം 30 തവണയാണ് രന്യ റാവു വിദേശയാത്ര നടത്തിയത്. ഓരോ തവണയും സ്വര്‍ണം കടത്തി. ഓരോ യാത്രയിലും 12 മുതല്‍ 13 ലക്ഷം രൂപ വരെയാണ് രന്യ റാവു സമ്പാദിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

കടത്തുന്ന സ്വര്‍ണത്തിന് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ് നടി പ്രതിഫലമായി ഈടാക്കിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിക്കോ ഭര്‍ത്താവിനോ വിദേശത്ത് അടുത്ത ബന്ധുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും, അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്.

കര്‍ണാടകയിലെ ഉന്നത ഐപിഎസ് ഓഫീസറുടെ മകളായതിനാല്‍ പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന ഒഴിവാക്കിയാണ് രന്യ റാവു വിമാനത്താവളത്തില്‍ നിന്നും പുറത്തു കടന്നിരുന്നത്.

2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം.

മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം രണ്ടുപെണ്‍മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്.

ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. അതേസമയം, രന്യയുമായി നിലവില്‍ ബന്ധമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു. വിവാഹശേഷം മകള്‍ തങ്ങളെ കാണാനെത്തിയിട്ടില്ലെന്നും മകളുടെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News