April 5, 2025 8:16 am

കള്ളപ്പണ ഇടപാട് ? ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു

ചെന്നൈ: അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിൻ്റെ ( ഇ ഡി )പരിശോധന.

ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് തിരച്ചിൽ. ചിട്ടി ഇടപാടുകളുടെ മറവില്‍ ഗോകുലം ചിട്ടിഫണ്ട് വിദേശനാണ്യ നിയന്ത്രണ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോർപറേറ്റ് ഓഫിസിൽ ഗോപാലനെയും ചോദ്യം ചെയ്യുന്നുണ്ട്. ആദ്യം വടകരയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലൻ ഓഫിസിലേക്ക് എത്തുകയായിരുന്നു.

ചെന്നൈയിലെ ഓഫിസിൽ പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും ഇ.ഡി ഉദ്യോഗസ്ഥരെത്തിയത്.

കുറച്ച് ദിവസം മുൻപ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളിൽ നിന്നാണോ തുക വന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ചോദിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

കോഴിക്കോട് നഗരത്തിലെ ഗോകുലത്തിന്റെ മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന നടക്കുന്നുണ്ട്.

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഗോപാലനെ ചോദ്യം ചെയ്യുന്നത്. ചിത്രത്തിനെതിരെ ആർഎസ്എസും ബിജെപിയും രംഗത്തെത്തിയതിനെ തുടർന്നു അതിലെ കുറെ ഭാഗങ്ങൾ നിർമാതാക്കൾ തന്നെ നീക്കിയിരുന്നു.

എന്നാൽ ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നാണ് ഇ.ഡി നൽകുന്ന സൂചന. മുൻപും ഗോകുലം കമ്പനിയിൽ ഇത്തരം തിരച്ചിലുകൾ നടന്നിട്ടുണ്ട്.

കള്ളപ്പണ ഇടപാട് ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തുകയായിരുന്നു.

ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നായിരുന്നു ഇഡിക്ക് അന്ന് ലഭിച്ച പരാതി. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്സിന് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News