കൊച്ചി: വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ചിട്ടിക്ക് എന്ന പേരിൽ നിയമവിരുദ്ധമായി പ്രവാസികളിൽനിന്നു നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
ഗോകുലം ഗ്രൂപ്പിന്‍റെ മറ്റു സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ എന്ന സിനിമയ്ക്കായി നിക്ഷേപിച്ച പണവും ഇതിൽപ്പെടുന്നതാണോ എന്ന അന്വേഷണവും നടക്കുന്നതായി സൂചനയുണ്ട്.
അതേസമയം,സിനിമ വിവാദങ്ങളുമായി പരിശോധനയ്ക്കു ബന്ധമില്ലെന്നും 2022ൽ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നുമാണ് ഇ.ഡി പറയുന്നത്.
പ്രവാസികളിൽനിന്നു നേരിട്ട് സമാഹരിച്ച 593 കോടി രൂപ അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതർ അറിയിച്ചു.
പ്രവാസികള്‍ക്ക് പണമായി തിരികെ നല്‍കിയതും ചട്ടലംഘനമാണ്. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫീസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡിയുടെ വാർത്തക്കുറിപ്പിൽ പറയുന്നു.
ഇന്നലെ കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസ്, ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിന്റെ കോർപറേറ്റ് ഓഫീസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ചെന്നൈയിലെ തിരച്ചിൽ ഇന്നു പുലർച്ചെയാണ് അവസാനിച്ചത്. ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലുമാണ് ഗോകുലം ഗോപാലനെ ഏഴര മണിക്കൂറിലേറെ ചോദ്യം ചെയ്തത്.
ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നും സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമാണെന്നുമുള്ള വിലയിരുത്തലിലായിരുന്നു പരിശോധനകളും ചോദ്യംചെയ്യലും.
എന്നാൽ ഇ ഡി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗോകുലം ഗോപാലൻ മാധ്യമങ്ങളെ അറിയിച്ചു.എല്ലാം സ്വാഭാവികമായ പരിശോധന മാത്രമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.
കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.
അതിനിടെ, പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്,
കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം.