March 10, 2025 7:02 pm

പണി പഠിച്ചാൽ വിദേശത്ത് ഇനിയും അവസരങ്ങൾ

കൊച്ചി: അനധികൃത കുടിയേററക്കാരെ അമേരിക്കയും ബ്രിട്ടനും തിരിച്ചയക്കുകയാണെങ്കിലും  നിയമവിധേയമായി വിദേശങ്ങളിലേക്ക് കുടിയേറാൻ അവസരങ്ങൾ വർദ്ധിക്കുമെന്ന്  ഡോ. മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ അഭിപ്രായപ്പെടുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ  ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് അദ്ദേഹം.
ഫേസ്ബുക്കിൽ ആദ്ദേഹമിട്ട കുറിപ്പ് ഇങ്ങനെ:
കുടിയേറ്റത്തിന്റെ കാലം അവസാനിക്കുന്നു?
ഇന്ന് ജർമ്മനിയിൽ തിരഞ്ഞെടുപ്പാണ്.
കുടിയേറ്റം വലിയൊരു വിഷയമാണ്.
കഴിഞ്ഞ പതിനഞ്ചു വർഷമായി ലോകത്തെ മറ്റു പല രാജ്യങ്ങളും കുടിയേറ്റത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ഒക്കെ ചെയ്യുന്ന തരത്തിൽ പോളിസി വ്യതിയാനങ്ങളിലൂടെ കടന്നു പോയപ്പോഴും എല്ലാ സമയത്തും കുടിയേറ്റത്തിന് അനുകൂലമായ നയങ്ങൾ ആണ് ജർമ്മനിയിൽ ഉണ്ടായിരുന്നത്.
ആ നയങ്ങൾ ആൺ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിഷയമാകുന്നത്. കുടിയേറ്റത്തിനോട് ശക്തമായ എതിർപ്പുള്ള കക്ഷി ഭൂരിപക്ഷം നേടിയില്ലെങ്കിലും വലിയ മുന്നേറ്റം നടത്തുമെന്നും അതുകൊണ്ട് തന്നെ അടുത്ത സർക്കാരിന് കുടിയേറ്റ നയം പുനർവിചിന്തനം നടത്തേണ്ടി വരുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോൾ ലോകത്ത് പൊതുവെ കുടിയേറ്റത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമല്ല എന്നത് വ്യക്തമാണല്ലോ. അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ പുറത്താക്കാനുള്ള കർശനമായ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഇംഗ്ലണ്ടിലും കുടിയേറ്റത്തിന് എതിരായ മനോഭാവം കൂടി വരുന്നു. നിയമപരമായി വരുന്നവർക്ക് പോലും നിയന്ത്രണങ്ങൾ കൂടുന്നു.
അടുത്ത കാനഡ തിരഞ്ഞെടുപ്പിലും കുടിയേറ്റം വിഷയമാകുമെന്നതിനാൽ ഇപ്പോൾ തന്നെ അവിടെ നിയന്ത്രണങ്ങൾ കൂടുന്നു.
കുടിയേറ്റത്തിന്റെ വസന്തകാലം അവസാനിച്ചോ?
രണ്ടായിരത്തി ഇരുപതിൽ കോവിഡിന്റെ തുടക്ക കാലത്ത്  ലോകത്തെമ്പാടും വിമാനയാത്രകൾ ഇല്ലാതാവുകയും ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ അനുമതി കൊടുക്കാതിരിക്കുകയും ഷെനാഗൻ രാജ്യങ്ങളിൽ പോലും അതിർത്തികൾ അടക്കുകയും ലോകത്തെ ടൂറിസം രംഗം നടുവൊടിഞ്ഞു കിടക്കുകയും ചെയ്ത സമയത്ത് കേരളത്തിലെ ടൂറിസം ഓപ്പറേറ്റർമാരുടെ സംഘടന എന്നെ ഒരു വെബ്ബിനാറിന് ക്ഷണിച്ചു.
ലോകത്ത് ടൂറിസത്തിന്റെ കാലം അവസാനിച്ചു എന്ന് ഒരു കൂട്ടർ. വിമാനയാത്ര പഴയത് പോലെ ആകാൻ രണ്ടായിരത്തി ഇരുപത്തി എട്ട് എങ്കിലും ആകുമെന്ന് വിദഗ്ധർ ഒക്കെ പറയുന്ന കാലമാണ്.
“കോവിഡിന്റെ കാലം അവസാനിക്കും, ജീവിതത്തിൽ പണം ഉണ്ടായിട്ടും യാത്ര ചെയ്യാതിരുന്നവർ ഒക്കെ യാത്രകൾ കൂടുതൽ ചെയ്യും, ടൂറിസം കുതിച്ചു ചാട്ടം നടത്തും. ടൂറിസത്തിന്റെ വസന്തകാലം വരും”  എന്ന് ഞാൻ അവരോട് പറഞ്ഞു.
“സാർ പറയുന്നത് സത്യമാവുമോ എന്നറിയില്ല, പക്ഷെ ഞങ്ങളുടെ ഒക്കെ ആത്മവിശ്വാസം ഇത്രയും താഴെ നിൽക്കുന്ന സമയത്ത് ഇങ്ങനെ പറയാൻ തോന്നിയതിന് നന്ദി” എന്ന് സംഘാടകർ എന്നോട് പറഞ്ഞു.
കോവിഡ് അവസാനിച്ചു
അതിർത്തികൾ തുറന്നു
യാത്രകൾ കൂടി
കോവിഡിന് മുൻപ് എട്ടു കോടി ടൂറിസ്റ്റുകൾ വന്നിരുന്ന സ്‌പെയിനിൽ ടൂറിസ്റ്റുകളുടെ എണ്ണം പത്തുകോടിയുടെ മുകളിൽ എത്തി.
ഓവർ ടൂറിസം എന്ന വാക്ക് വന്നു.
ഇത് സ്‌പെയിനിലെ മാത്രം കാര്യം മാത്രമല്ല
കുടിയേറ്റത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്
ഇപ്പോഴത്തെ കോലാഹലങ്ങൾ കാണുമ്പോൾ കുടിയേറ്റത്തിന്റെ കാലം അവസാനിച്ചു എന്നൊക്കെ തോന്നും.
വെറുതെയാണ്.
കുടിയേറ്റത്തിനും, പ്രത്യേകിച്ച് അനധികൃത കുടിയേറ്റത്തിനും, എതിരായി ഇപ്പോൾ നടക്കുന്ന നടപടികളും നിയമങ്ങളും നയങ്ങളും ഒക്കെ കുടിയേറ്റത്തിന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കും.
കാരണം എ ഐ യും റോബോട്ടും ഒക്കെ വളരുമ്പോഴും തൊഴിൽ കമ്പോളത്തിൽ ആളുകളുടെ ആവശ്യം കൂടുകയാണ്
വികസിത രാജ്യങ്ങളിൽ എല്ലാം തന്നെ  ജനസംഖ്യ  വളർച്ച നിരക്ക് ഏറെ കുറഞ്ഞിരിക്കുന്നു. ജപ്പാൻ പോലെ ചില രാജ്യങ്ങളിൽ ജനസംഖ്യ തന്നെ കുറയുന്നു.
അപ്പോൾ കുടിയേറ്റത്തിന്റെ ആവശ്യം കൂടി വരും.
അതുകൊണ്ട് തന്നെ അടുത്ത ഒരു വർഷത്തിലെ ഒച്ചപ്പാടെല്ലാം കഴിയുമ്പോൾ എങ്ങനെയാണ് നിയമവിധേയമായി കുടിയേറ്റം വർധിപ്പിക്കുന്നത് എന്നതിലേക്ക് ചർച്ച മാറും.
വികസിത രാജ്യങ്ങളിലേക്ക് അൺ സ്‌കിൽഡ് സെമി സ്‌കിൽഡ് തൊഴിൽ മേഖലകളിലേക്ക് (കൃഷിത്തോട്ടത്തിൽ ഉള്ള ജോലികൾ, ഡ്രൈവർമാർ, കെയർ ഹോസ്പിറ്റാലിറ്റി മേഖലകളിലെ അനവധി ജോലികൾ)  ഉള്ള കുടിയേറ്റത്തിന് ഇപ്പോൾ കൃത്യമായ രീതികൾ ഇല്ല.
പക്ഷെ ഇത്തരം അവസരങ്ങൾ അവിടെ ഏറെ ഉണ്ട്, വർദ്ധിക്കുകയുമാണ്. പക്ഷെ അതിനുള്ള മാനുഷിക ശേഷി വികസിത രാജ്യങ്ങളിൽ ഇല്ല.
സ്വന്തം നാട്ടിൽ എൻജിനീയറും ഡോക്ടറും കോളേജ് അദ്ധ്യാപകരും ഉൾപ്പടെ ഉള്ള തൊഴിലുകളിൽ ലഭിക്കുന്നതിന് പലമടങ്ങ് ശമ്പളം ആണ് വികസിത രാജ്യങ്ങളിൽ ഡ്രൈവർ ആയാലും കൃഷിപ്പണി ആണെങ്കിലും മുടിവെട്ടാനെങ്കിലും ലഭിക്കുന്നത്. അതുകൊണ്ട്  സാമ്പത്തിക സ്ഥിതി കുറഞ്ഞ  രാജ്യങ്ങളിൽ  ഡ്രൈവർ ആയവരും മുടിവെട്ടുന്നവരും മാത്രമല്ല ഉയർന്ന യോഗ്യതയും തൊഴിൽ പരിചയവും ഉള്ളവർ വരെ വികസിത രാജ്യങ്ങളിൽ അൺ സ്‌കിൽഡ് അല്ലെങ്കിൽ സെമി സ്‌കിൽഡ് തൊഴിലുകൾ ചെയ്യാൻ എത്തുന്നു.
ഇതാണ് മനുഷ്യക്കടത്തുകാർ ദുരുപയോഗം ചെയ്ത് ലക്ഷങ്ങളും കോടികളും  ആളുകളുടെ കയ്യിൽ നിന്നും വാങ്ങി അവരെ അമേരിക്കയിലും യൂറോപ്പിലും ഒക്കെ എത്തിക്കുന്നത്.
ഇതൊക്കെ പല തരത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു
സാധാരണ മനുഷ്യരെ ക്രിമിനലുകൾ ആക്കുന്നു
മനുഷ്യക്കടത്ത് ലാഭക്കച്ചവടം ആക്കുന്നു
ക്രിമിനൽ സംഘങ്ങളെ സമ്പന്നരാക്കുന്നു
 അവർ ജനിച്ച രാജ്യങ്ങളിൽ അധ്യാപകർക്കോ ഡോക്ടർമാർക്കോ ഒക്കെ ക്ഷാമം ഉണ്ടെങ്കിൽ പോലും അവർ വികസിത രാജ്യങ്ങളിൽ ഡ്രൈവർ ആയോ പിസ ഡെലിവറി ആയോ പോകുന്ന സാഹചര്യത്തിൽ അവരുടെ കഴിവുകൾ  രണ്ടു രാജ്യങ്ങൾക്കും നഷ്ടമാകുന്നു. അവരുടെ പരിശീലനം വൃഥാവിൽ ആകുന്നു.
ഡോക്ർ ആയി പരിശീലനം നേടിയവർ മറ്റൊരു രാജ്യത്ത് എത്തിയത് കൊണ്ട് മാത്രം അവരുടെ തൊഴിലുകൾക്ക് അംഗീകാരം ഇല്ലാതെ പിസ ഡെലിവറി ചെയ്ത് നടക്കേണ്ടി വരുന്ന സാഹചര്യം ആത്മവിശ്വാസക്കുറവും അപകർഷതാ ബോധവും ഉണ്ടാക്കുന്നു.
ഇപ്പോൾ നടക്കുന്ന കർശനമായ നടപടികൾ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴി വക്കും. പുതിയ, കുടിയേറ്റം കൂടുതൽ എളുപ്പവും നിയമവിധേയവും ആകുന്ന നയങ്ങൾ വരും.
ഈ കാലത്തിനാണ് നമ്മൾ തയ്യാറെടുക്കേണ്ടത്.
എഞ്ചിനീയറിങ്ങും ഡിഗ്രിയും കഴിഞ്ഞ കുട്ടികൾ യൂറോപ്പിൽ വന്നു കെയർ ജോലിയും ഇറച്ചിവെട്ടും നടത്തുന്ന ലോകത്തിനല്ല നമ്മൾ തയ്യാറെടുക്കേണ്ടത്.  വികസിത രാജ്യങ്ങളിൽ ലഭ്യമായ ജോലികൾക്ക്, അത്  ഇറച്ചി വെട്ട് ആയാലും മുടി വെട്ട് ആയാലും,   ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആ ജോലിയും ചെയ്യാൻ സാധിക്കുന്ന ലോകത്തിനാണ്.
ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് പോലെ വികസിത രാജ്യങ്ങളിൽ ഏതൊരു ജോലിക്കും കൃത്യമായ പരിശീലനം വേണം. മുടി വെട്ടാൻ മൂന്നു വർഷത്തെ പരിശീലനം നൽകുന്ന “സ്കൂൾ ഓഫ് ഹെയർ” ഞാൻ കണ്ടിട്ടുണ്ട്. ഇറച്ചി വെട്ടാനുള്ള ജോലിക്കും പരിശീലനവും പരിചയസമ്പന്നരുടെ കീഴിൽ അപ്രന്റീഷിപ്പും കഴിഞ്ഞാലേ ആ തൊഴിൽ ചെയ്യാനായി സാധിക്കൂ. പക്ഷെ ഇത്തരം പരിശീലന സ്‌കൂളുകളും ഡിഗ്രികളും നമ്മുടെ നാട്ടിൽ ഇപ്പോൾ വേണ്ടത്ര ഇല്ല.
ഇറച്ചി വെട്ടുന്ന ജോലിക്ക് പരിശീലിക്കാൻ ജർമ്മനിയിലേക്ക് ഈ വർഷം പത്തോളം പേർ കേരളത്തിൽ നിന്നും എത്തി എന്നാണ് വായിച്ചത്. എന്നാണ് വികസിത രാജ്യങ്ങളിലെ നിലവാരത്തിൽ ഇത്തരം പരിശീലനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത്?
അതിന് ആദ്യം വേണ്ടത് നമ്മുടെ നാടുകളിലും നിർമ്മാണ തൊഴിൽ ഉൾപ്പടെ ഏതൊരു തൊഴിലും ചെയ്യുന്നതിന് പരിശീലനവും അപ്രന്റീഷിപ്പും നിർബന്ധമാക്കണം. അതിൽ സുരക്ഷയും ഒക്ക്യൂപ്പേഷണൽ ഹെൽത്തും ഇൻഷുറൻസും ലയബിലിറ്റിയും സ്റ്റാൻഡേർഡും  ഒക്കെ വിഷയം ആക്കണം.
നാട്ടിൽ ഏതൊരു തൊഴിൽ ചെയ്യാനും വരുന്നവർക്ക് ആ തൊഴിലിൽ പരിശീലനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. അത് മരം വെട്ടോ പുല്ലു വെട്ടോ ആകട്ടെ. ലഭ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അത് കൂടുതൽ പ്രൊഡക്ടിവിറ്റിയോടെ സുരക്ഷിതമായി ചെയ്യുന്ന തരത്തിൽ ആകണം ഇത്തരം പരീശീലനങ്ങൾ. പുല്ലുവെട്ടാൻ ഫ്ലിപ്പ് ഫ്ളോപ്പും ഇട്ട് ഒരു അരിവാളുമായി ഇറങ്ങുന്നതിൽ നിന്നും അല്ലെങ്കിൽ ഒരു പുല്ലു വെട്ടുന്ന മെഷീനുമായി ഇറങ്ങുന്നതിൽ നിന്നും മാറി പുല്ലുവെട്ടുന്ന റോബോട്ടുകൾ ഉപയോഗിക്കുന്ന തരത്തിലേക്ക് പരിശീലനം മാറണം.  പത്തു ആളുകൾ ഒരു ദിവസം കൊണ്ട് ചെയ്യുന്ന ജോലി ഒരാളും രണ്ടു റോബോട്ടും കൂടി ഒരു അരദിവസം കൊണ്ട് സുരക്ഷിതമായി ചെയ്ത് തീർക്കുന്ന സാഹചര്യം ഉണ്ടാകും.
ഇങ്ങനെ എല്ലാ ജോലികൾക്കും ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും അതിനനുസരിച്ച്  പ്രൊഡക്ടിവിറ്റിയും ശമ്പളവും  രജിസ്‌ട്രേഷനും ഇൻഷുറൻസും ഒക്കെ ഉണ്ടാകുന്ന കാലത്ത്  ഈ ജോലികൾക്ക് കൂടുതൽ ശമ്പളവും  “മാന്യതയും” ഉണ്ടാകും.
പ്ലസ് റ്റു പഠിച്ചവർ ഒക്കെ ഡിഗ്രിക്ക് പോവുകയും അതിന് ശേഷം ബി ടെക് കഴിഞ്ഞവർ നാട്ടിൽ വില്ലേജ് അസിസ്റ്റന്റ് ആയും വിദേശത്ത് കെയർ ജോലിക്കായും പോകുന്ന സാഹചര്യം ഒഴിവാകും.
ഓരോരുത്തർക്കും അവരുടെ കഴിവിനും അഭിരുചിക്കും ചേർന്ന ജോലികൾ ചെയ്യാനും അതിന് ന്യായമായ ശമ്പളം ലഭിക്കാനും ഉള്ള സാഹചര്യം നാട്ടിൽ തന്നെ ഉണ്ടാകും. തൊഴിലിന്റെ മാന്യതയെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങൾ മാറും.
സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന തലത്തിൽ സ്കില്ലുകൾ  ഉള്ളവർക്ക് ലക്ഷക്കണക്കിന് ജോലികൾ ലോകത്തെവിടെയും  ലഭ്യമാകും. സാമ്പത്തികമോ അല്ലാത്തതോ ആയ കാരണങ്ങളാൽ വിദേശത്ത് പോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ കൂടി വരും.
ആ കാലത്തിനാണ് നമ്മൾ തയ്യാറെടുക്കേണ്ടത്
– മുരളി തുമ്മാരുകുടി

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News