കൊച്ചി : ലഹരി ഉപയോഗം, അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, അതിൽ പങ്കാളിയാകുക അടക്കമുള്ള കുറ്റങ്ങൾ ചുമത്തി നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായി.സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസാണിത്.
നോർത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം ആണ് കേസ്.
കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും പറയുന്നു.
പൊലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കെത്തിയപ്പോൾ ഷൈൻ എറണാകുളത്തെ
ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടിയിരുന്നു.തുടർന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.
ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസ്സിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ചാടി രക്ഷപ്പെട്ടതെന്നുമാണ് ഷൈൻ നൽകിയ മൊഴി.
ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിച്ചത്. മുൻകാല കേസുകളെപ്പറ്റിയും ചോദിച്ചറിഞ്ഞു.
32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കുന്നുണ്ട്. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്.
ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്‍റെ ഫോൺ കോളുകളും നിർണായകമായി.
കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്.
ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നല്‍കിയത്.
പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.
എന്നാല്‍, ഷൈന്‍റെ ഈ മൊഴികളെ ഒന്നും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് കേസ് എടുത്തതില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് എടുത്തതോടെ ഷൈന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്താനാകും.
കേസിന്‍റെ മുന്നോട്ട് പോക്കില്‍ ഈ പരിശോധന ഫലം നിര്‍ണായകമാണ്. നിലവിൽ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈന്‍റെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം അതിനിര്‍ണായകമാണ്.
രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പോലീസിനോട് സമ്മതിച്ചു.എന്നാല്‍, ഹോട്ടലില്‍ പോലീസ് സംഘം എത്തിയദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.
ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ചോദ്യം ചെയ്യലിന് മുന്നോടിയായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ ഷൈനെതിരെയുള്ള കുരുക്ക് മുറുക്കുന്നതായിരുന്നു. വാട്സ് ആപ്പ് ചാറ്റും ഗുഗിൾ പേ ഇടപാടുകൾ അടക്കം പരിശോധിച്ചപ്പോൾ ഷൈനെതിരെ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ഒപ്പം ഷൈന്‍റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസെടുക്കാനുള്ള കാരണമായിട്ടുണ്ട്.
One Response
എല്ലാ മലമറിക്കലും കഴിഞ്ഞ് പുഷ്പം പോലെ ഷൈൻ പുറത്തുവരും…. മുൻപത്തെ കേസീന് ഊരിപ്പോന്ന പോലെ