വാഷിങ്ടണ്‍: റഷ്യയുടെ സൈനിക അധിനിവേശത്തെ ചെറുക്കുന്ന യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഉക്രൈൻ പ്രസിഡണ്ട് സെലൻസ്കിയും തമ്മിൽ നടന്ന തർക്കത്തിന് പിന്നാലെയാണ് നിർണായക തീരുമാനം.പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം.
യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി വ്യക്തമാക്കിയിരുന്നു. ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്‍റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്‍റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി
വിശദീകരിച്ചു.
റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയാണ് പ്രധാന ഭിന്നത. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്‌കി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യുക്രൈന്‍റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.