തിരുവന്തപുരം : മുഖ്യശത്രുവായ കോൺഗ്രസിനോടുള്ള സമീപനം എന്തായിരിക്കണം എന്ന കാര്യത്തിൽ സി പി എം ഇപ്പോഴും ഇരുട്ടിലാണെന്ന് ദേശാഭിമാനി മുൻ അസോസിയേററ് എഡിററർ ജി.ശക്തിധരൻ ഫേസ്ബുക്കിലിട്ട കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ:
കോൺഗ്രസ്
എന്തുകൊണ്ട്
പ്രതികരിക്കുന്നില്ല?
അടിമുടി ആശയകുഴപ്പത്തിൻ്റെ കയത്തിൽ ആണ്ടുപോയ സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സ് കൂടുതൽ അലോസരങ്ങൾ ഇല്ലാതെ അതിൻ്റെ പരിസമാപ്തിയിൽ എത്തിയതിൽ ആശ്വാസം കൊളളുകയാണ് പാർട്ടി നേതൃത്വം.
പുറമെ നിന്ന് നോക്കുന്ന ഒരാൾക്കു എല്ലാം ശാന്തമാണ് എന്ന് തോന്നിപ്പിക്കുമെങ്കിലും സമ്മേളനം ഓരോ മണിക്കൂറും കടന്നുപോയത് സ്ഫോടകാവസ്ഥയിലായിരുന്നു എന്നതാണ് സത്യം . ഇത്ര നിഷ്പ്രഭമായ പാർട്ടി കോൺഗ്രസിന് രാജ്യത്തെ ഒരു സംസ്ഥാനവും മുമ്പ് ആതിഥ്യം അരുളേണ്ടിവന്നിട്ടുണ്ടാവില്ല.
മലയാളിയായ വിദേശപ്രതിനിധിയെ സമ്മേളന ഹാളിൽ നിന്ന് ഇറക്കിവിടേണ്ടിവന്നതടക്കം തുടക്കം തന്നെ അസാധാരണമായ കല്ലുകടിയോടെയായിരുന്നു. പ്രതിനിധി സമ്മേളനത്തിൽ ചരിത്രത്തിൽ ആദ്യമായി വോട്ടെടുപ്പിന് നിർബന്ധിതമായതും സമ്മേളനത്തിന് കൈപ്പേറിയ പുതിയ അനുഭവമായി.
പേരിനെങ്കിലും ദേശീയ മാധ്യമശ്രദ്ധ ആകർഷിച്ചത് കേരളത്തിൽ മാത്രമാണ്’ എന്നതാണ് മറ്റൊരു ക്ഷീണം . മറ്റു സംസ്ഥാനങ്ങൾ വാർത്തകൾ പാടേ തമസ്കരിച്ചു. ചർച്ച ചെയ്ത വിഷയങ്ങൾ മിക്കതും കേരളത്തെ മുൻ നിർത്തിയായിപ്പോയിയെന്നതും ന്യൂനതയായി . .
പാർട്ടി കോൺഗ്രസ് ചുരുങ്ങി ചുരുങ്ങി അവസാനം കേരളത്തിലെ പാർട്ടി മാത്രമായി. ഒരു ദേശീയ പാർട്ടിയുടെ സമ്മേളനമാണ് നടക്കുന്നതെന്ന പ്രതീതിയേ കണ്ടില്ല. മലബാറിലുള്ള കുറേ കുടുംബങ്ങൾ ആറ്റുകാലിൽ വന്നു പൊങ്കാല ഇട്ടുപോകുന്ന പ്രതീതിയിലായിരുന്നു.
സിപിഎമ്മിന്നുണ്ടായ ശോഷണം മാത്രമല്ല രാഷ്ട്രീയ രംഗത്ത് സിപിഎം ഉയർത്തിപ്പിടിയ്ക്കുന്ന ആശയങ്ങളുടെ അപ്രസക്തിയും അനാകർഷകത്വവും മാറ്റുരയ്ക്കുന്നതായിരുന്നു സമ്മേളനം. സമ്മേളനത്തിൻ്റെ ഫലം എന്താണെന്ന് ചോദിച്ചാൽ സംഘാടകർ ഉത്തരം മുട്ടും. അകക്കാമ്പു വെറും പൊള്ളയായ വാചാടോപം.
മുഖ്യശത്രുവായ കോൺഗ്രസിനോട് സിപിഎമ്മിന് എന്ത് സമീപനം ആയിരിക്കും എന്ന വിഷയത്തിൽ ഇപ്പോഴും ഇരുട്ടിലാണ്. കോൺഗ്രസിനോട് കാട്ടിയ സമ്മിശ്ര നിലപാടുകൾക്കുള്ള പ്രതികരണത്തിലേക്ക് ഇരുപാർട്ടികളും കടക്കുന്നില്ല.
സമ്മേളനത്തെ സമ്പൂർണ്ണമായി അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്തത്, പക്ഷെ സമ്മേളനത്തിന്റെ കുന്തമുന്ന പതിവ്പോലെ കോൺഗ്രസിന് നേരെയാണെന്ന് തിരിച്ചുവെച്ചതെന്ന് പറയാനാകില്ല.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയശക്തികളുടെ ഭീഷണി എങ്ങിനെ നേരിടും എന്നതിലും ഇരുവിഭാഗവും ഇരുട്ടിൽ തപ്പുകയാണെന്നാണ് മനസിലാകുന്നത്. സമ്മേളനത്തിൻ്റെ രേഖകൾ ചോർന്നും അല്ലാതെയും മിക്കവാറും തീരുമാനങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അത് കോൺഗ്രസ് എങ്ങിനെയാണ് നോക്കിക്കാണുന്നതെന്ന് പോലും ആരും പ്രതികരിച്ചു കാണുന്നില്ല.
ഇങ്ങിനെയല്ലല്ലോ സിപിഎം സമ്മേളനങ്ങളെ കോൺഗ്രസ് മുമ്പ് കണ്ടിരുന്നത്. ഒട്ടേറെ നിർദേശങ്ങൾ പല രേഖകളിലായി സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനോട് കോൺഗ്രസ് എങ്ങിനെയാണ് പ്രതികരിക്കുന്നത് ആർക്കറിയാം?
മാദ്ധ്യമങ്ങൾ പ്രസിദ്ധീകരണ ചെലവ് കുത്തനെ കുറയ്ക്കാൻ രാഷ്ട്രീയ സംവാദങ്ങളും വിശകലനങ്ങളും പരിമിതപ്പെടുത്തിയിരിക്കുന്നത് കൊണ്ട് പത്ര വായനക്കാർ അരാഷ്ട്രീയതയിലേക്ക് മുങ്ങിത്താണ് കൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും സമകാലിക വിഷയങ്ങളിൽ കാലോചിത പ്രസ്താവനകൾ പോലുമില്ല. രാഷ്ട്രീയ നിരീക്ഷകരും അപ്രസക്തരായിരിക്കുന്നു.
.