ഹൈദരാബാദ്: ഹൃദയസംബന്ധമായ രോഗങ്ങള്‍ വെറും ഏഴു സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടെത്താൻ കഴിയുന്ന ‘സിര്‍കാഡിയവി’ എന്ന ആപ്ലിക്കേഷൻ ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശിയായ പതിനാലുകാരൻ സിദ്ധാര്‍ത്ഥ് നന്ദ്യാല വികസിപ്പിച്ചെടുത്തു.
ഹൃദയാഘാതം അടക്കം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇതു വഴി മനസ്സിലാക്കാനാവും. അമേരിക്കയില്‍ താമസക്കാരനാണ് ഈ വിദ്യാർഥി. ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സിദ്ധാര്‍ത്ഥ് ആപ്പ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു.
കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിദ്ധാര്‍ത്ഥിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനം എന്നിവയില്‍ കണ്ടുപിടുത്തങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉറപ്പു നല്‍കി. സിദ്ധാര്‍ത്ഥ്, പിതാവ് മഹേഷ് എന്നിവര്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു.
ഡള്ളാസില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സര്‍ട്ടിഫൈഡ് പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് നന്ദ്യാലയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, ഒറാക്കിള്‍, ARM എന്നിവയില്‍ നിന്ന് സിദ്ധാര്‍ത്ഥ് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആപ്പായ സര്‍ക്കാഡിയന്‍ എഐ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന മെഡിക്കല്‍ രംഗത്തെ ഒരു മുന്നേറ്റമാണ്. ചന്ദ്രബാബു നായിഡു സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രോഗനിര്‍ണയത്തില്‍ 96 ശതമാനം കൃത്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ 15,000-ത്തിലധികം രോഗികളിലും ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളുള്‍പ്പെടെ ഇന്ത്യയിലെ 700 രോഗികളിലും ഇതിനോടകം ആപ്ലിക്കേഷന്‍ വഴി പരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാനുള്ള സിദ്ധാര്‍ത്ഥിന്റെ പരിശ്രമം ഏറെ മാതൃകാപരമാണെന്ന് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.