January 30, 2025 10:30 pm

എഐ വിദ്യയുടെ വളർച്ച സോഷ്യലിസം കൊണ്ടു വരുമെന്ന് ഗോവിന്ദൻ

കണ്ണൂർ :  നിർമിത ബുദ്ധി എന്ന എഐ സാങ്കേതികവിദ്യയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും, മാർക്സിസത്തിന് കാര്യമായ പ്രസക്തി ഈ സാഹചര്യത്തിലുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

മുതലാളിത്തത്തിന്റെ കയ്യിലായ എഐ വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യന്റെ അധ്വാന ശേഷി 60 ശതമാനം കുറയുകയും അധ്വാനിക്കുന്ന വർഗ്ഗത്തിന് അധ്വാനമില്ലാതെ ആവുകയും ചെയ്യും. പകരം എഐ ആയിരിക്കും അധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവ് വരും. മുതലാളിത്തത്തിന്റെ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകുന്നതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയും.

ഇത് മൌലിക മാറ്റത്തിന് കാരണമാകുമെന്നും ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനം എന്ന് പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഇതാണ് സോഷ്യൽ വിപ്ലവത്തിന്റെ അടിസ്ഥാനമെന്നും അങ്ങനെയാണ് എഐയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായി തീരുതീരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിലെ ചുമർ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ .

മുമ്പ് തൊഴിൽ നഷ്ടപ്പെടുമെന്ന കാരണത്താൽ കമ്പ്യൂട്ടറിനെ തളളി നിലപാടെടുത്ത സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ അണികളിലും അമ്പരപ്പ് ഉണ്ടാക്കി.. ‘കമ്പ്യൂട്ടർ: തൊഴിൽ തിന്നുന്ന ബകൻ’ എന്ന ലഘുലേഖ പാർട്ടിയുടെ നേതൃത്വത്തിൽ എഴുപതുകളിൽ കേരളത്തിലെമ്പാടും   പാർടി പ്രചരിപ്പിച്ചിരുന്നു.

എഐ വരുന്നതോടെ ലോകത്തുള്ള നിരവധി പേർക്ക് ജോലി നഷ്ടമാകും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ഗോവിന്ദൻ്റെ പ്രതികരണം. സോഷ്യലിസവും എഐയുമായി എന്ത് ബന്ധം എന്ന മുറുമുറുപ്പും പരിപാടിയില്‍ നിന്നും പങ്കെടുത്തവരിൽ നിന്നും ഉയർന്നു.

കമ്പ്യൂട്ടറിനെതിരെയും മൊബൈൽ ഫോണിനെതിരെയും സമരം നടത്തിയവർ ഇപ്പോൾ ലാപ്ടോപ്പും ആപ്പിൾ ഐഫോണും ഉപയോഗിക്കുന്നു എന്ന വിമർശനം രാഷ്ട്രീയ എതിരാളികൾ ആവർത്തിക്കുന്നതിന് ഇടയിലാണ്  സെക്രട്ടറിയുടെ പ്രസ്താവന.

സോഷ്യൽ മീഡിയയിയിലെ ട്രോളൻമാർ ഇതിനോടകം ഗോവിന്ദൻ്റെ പരാമർശം ഏറ്റെടുത്ത് കഴിഞ്ഞു. ഗോവിന്ദൻ്റെ പുതിയ താത്വിക അവലോകനം എന്ന പേരിൽ പ്രതിപക്ഷ, ബിജെപി ഹാൻഡിലുകളും പരാമർശത്തെ ആഘോഷമാക്കുന്നുണ്ട്.

എഐ സാങ്കേതിക വിദ്യ വളർന്നാൽ മാർക്സിസത്തിന് എന്തു പ്രസക്തിയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. എഐയുടെ വളർച്ച മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായി തീരുകയെന്നും ഗോവിന്ദൻ വിശദീകരിച്ചു.

ഇതിനു ചിലപ്പോൾ നൂറോ ഇരുന്നൂറോ വർഷങ്ങൾ എടുക്കും. സാമൂഹിക പരിവർത്തനം എന്ന് പറഞ്ഞാൽ ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്നു വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും. അപ്പോൾ അധ്വാനിക്കുന്ന വർഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുന്നതെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.

എഐ തൊഴിൽ എടുക്കാൻ തുടങ്ങുന്നതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. സ്വത്ത് വാങ്ങാൻ ആളില്ലാതാകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുകയെന്നും ഗോവിന്ദൻ അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News