ഡോ ജോസ് ജോസഫ്.
നവാഗതരായ സംവിധായകരോട് കൂട്ടുചേർന്ന് പുതിയതെന്തെങ്കിലും പരീക്ഷിക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തിലാണ് അടുത്ത കാലത്ത് മെഗാസ്റ്റാർ മമ്മൂട്ടി.
നവാഗതനായ ഡീനോ ഡെന്നിസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ബസൂക്കയിൽ ഗെയിമർമാരുടെ രാജാവായ ബസൂക്ക, സീക്രട്ട് ഏജൻ്റ് ജോൺ സീസർ എന്നീ രണ്ട് വ്യത്യസ്ത അവതാരങ്ങളിലാണ് മമ്മൂട്ടി എത്തുന്നത്.
സങ്കീർണ്ണമായ കോഡുകളും ക്രിപ്റ്റോഗ്രാമുമെല്ലാം അതിവേഗം അഴിച്ചെടുക്കുന്നവരാണ് ഇരുവരും . രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൻ്റെ അവസാനത്തെ 20 മിനിറ്റിലാണ് താരത്തിൻ്റെ ഞെട്ടിക്കുന്ന പ്രകടനം. അതുവരെ പതിവ് പ്രകടനം മാത്രം.
അവസാന നിമിഷങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം കൊണ്ടു മാത്രം ചിത്രത്തെ രക്ഷിച്ചെടുക്കാനായിട്ടില്ല. സങ്കീർണ്ണതകളുള്ള ഗെയിമിംഗ് പസിലുകളാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. അഞ്ചു ലെവലുകളിലായി പൂർത്തിയാകുന്ന ഗെയിമിംഗ് ചലഞ്ചുകളിലൂടെ നോൺ- ലീനിയറായാണ് കഥ പുരോഗമിക്കുന്നത്.
ഓരോ ലെവൽ കഴിയുമ്പോഴും കഥ കൂടുതൽ സങ്കീർണ്ണമാവുന്നു.കുരുക്കുകൾ മുറുകുന്നു. ഗെയിമിംഗിൽ നല്ല പശ്ചാത്തലമുള്ള ന്യൂ ജെൻ തലമുറയ്ക്ക് ചിത്രം ഇഷ്ടപ്പെടും.എന്നാൽ മറ്റ് പ്രേക്ഷകർ കഥയോടൊപ്പം ഓടിയെത്തി ആവേശം കൊള്ളാൻ ഇടയില്ല.
കുരിശു തലകീഴായി വീഴ്ത്തുന്ന ദൃശ്യത്തോടെയാണ് എമ്പുരാൻ്റെ തുടക്കമെങ്കിൽ കുരിശുമാല ധരിച്ചെത്തുന്ന കന്യാസ്ത്രീ എയർപോർട്ടിൽ നിന്നും ടാക്സി കാറിൽ പുറത്തു വരുന്നതോടെയാണ് ബസൂക്കയുടെ തുടക്കം. ഇടയ്ക്ക് കന്യാസ്ത്രീക്ക്, ദ കൊൺജൂറിംഗ് യൂണിവേഴ്സിലെ പിശാച് വാലകിൻ്റെ മുഖം മൂടി നൽകുന്നുമുണ്ട് സംവിധായകൻ.
തുടർന്ന് ടാക്സി കാറിൽ നിന്നും ഒരു പെയിൻ്റിംഗ് കൊച്ചിയിലെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ബെഞ്ചമിൻ ജോഷ്വ (ഗൗതം വാസുദേവ് മേനോൻ) പിടിച്ചെടുക്കുന്നു. പെയിൻ്റിംഗും കഥയിലെ ഗെയിമിംഗ് ചലഞ്ചുമായുള്ള ബന്ധം വ്യക്തമാകാൻ അവസാനം വരെ കാത്തിരിക്കണം.
ചിത്രത്തിൻ്റെ തുടക്കം ആകർഷകമാണെങ്കിലും ആ പിരിമുറുക്കം പിന്നീടങ്ങോട്ട് നിലനിർത്താനാവുന്നില്ല. ഗെയിമിംഗിൻ്റെ സാങ്കേതികത്വത്തിലൂടെയും സങ്കീർണ്ണതകളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. പഴയ കാല കുറ്റകൃത്യങ്ങളെക്കുറിച്ചും ഷെർലക് ഹോംസിൻ്റെ ഡാൻസിംഗ് മെൻ എന്ന കഥയെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങളും ഇടയ്ക്ക് കാണാം.
കഥാപാത്രങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ പോലും കഥയോട് ബന്ധപ്പെട്ടതാണ്. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്കുള്ള ഒരു ബസ് യാത്രയ്ക്കിടെയാണ് ആദ്യ പകുതി പുരോഗമിക്കുന്നത്. ഹാക്കറും നമ്പർ വൺ ഗെയിമറുമായ സണ്ണി വർഗീസാണ് ( ഹക്കിം ഷാജഹാൻ ) മമ്മൂട്ടിയുടെ കഥാപാത്രത്തോടൊപ്പമുള്ള സഹയാത്രികൻ. ചാർട്ടേഡ് അക്കൗണ്ടൻ്റ് ആര്യൻ ആചാര്യ എന്നു പരിചയപ്പെടുത്തുന്ന കഥാപാത്രം പിന്നീട് സീക്രട്ട് ഏജൻ്റ് ജോൺ സീസറാണെന്ന് (മമ്മൂട്ടി ) സണ്ണി തിരിച്ചറിയുന്നു.
കേരളാ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ബെഞ്ചമിൻ ജോഷ്വയെ ഒരു രഹസ്യ ദൗത്യത്തിൽ സഹായിക്കാനെത്തിയതാണ് ജോൺ സീസർ. കൊച്ചിയിലെ അധോലോക സംഘങ്ങളെ അടിച്ചമർത്തിയ ബെഞ്ചമിൻ ജോഷ്വയ്ക്കു വെല്ലുവിളിയായി ഒരു സീരിയൽ റോബറി സംഘം ഉയർന്നു വരുന്നു.
കേരളാ പോലീസിന് ബുദ്ധിമുട്ടായി മാറിയ ഈ കേസിൻ്റെ കുരുക്കഴിക്കാൻ വിളിച്ചു വരുത്തിയ കോഡിംഗ് വിദഗ്ദ്ധനാണ് ജോൺ സീസർ. നീളമുള്ള അലങ്കോലമായ മുടിയും ചെറിയ പോണിടെയിലുമായി ആകർഷകമായ വേഷപ്പകർച്ചയോടെയാണ് മമ്മൂട്ടിയുടെ സ്ക്രീനിലെ സാന്നിധ്യം.എന്നാൽ അതു മാത്രം പോരല്ലോ.അനാവശ്യമായ ഉപകഥകൾ സസ്പെൻസൊന്നും കൂട്ടാതെ തന്നെ ആദ്യ പകുതിയിൽ കഥാഗതി വലിച്ചുനീട്ടിയതായി തോന്നും.
അതിൽ ഒരു കൂട്ടം ബൈക്ക് യാത്രക്കാരും ജോൺ സീസറുമായുള്ള ഏറ്റുമുട്ടലും മറ്റൊരു സംഘവുമായുള്ള ഏറ്റുമുട്ടലും ഉൾപ്പെടുന്ന രണ്ട് ആക്ഷൻ സീക്വൻസുകളുമുണ്ട്. രണ്ടാമത്തെ സംഘട്ടനത്തെ കഥാഗതിയുമായി കണക്ട് ചെയ്യാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.റോഡരികിലെ ഒരു ദാബയിലെ മേശയ്ക്കു പിന്നിൽ ഒളിച്ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഒരു വെടിവയ്പ്പിൽ അത്യാധുനിക ആയുധങ്ങളുമായി നിൽക്കുന്ന 5 പേരെ നേരിടുന്നതൊന്നും പ്രേക്ഷകരെ ആകർഷിക്കുന്നില്ല.
രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളിലെ മമ്മൂട്ടിയുടെ പകർന്നാട്ടം പ്രേക്ഷകരെ അമ്പരിപ്പിക്കും. ഗെയിമിംഗിലിലെ മാരിയോ എന്ന വില്ലനു വേണ്ടി നടത്തുന്ന അന്വേഷണം അവസാനം ചെന്നെത്തുന്നത് ബസൂക്ക എന്ന ക്രേസി ഗെയിമറിലാണ്. കൃത്യമായി ലക്ഷ്യത്തിൽ കൊണ്ട് എതിരാളികളെ തകർക്കുന്ന ആയുധമാണ് ബസൂക്ക.ആരാണ് ബസൂക്ക? എന്താണ് അയാളും ബെഞ്ചമിൻ ജോഷ്വയും തമ്മിലുള്ള കള്ളനും പോലീസും കളിയ്ക്കു പിന്നിൽ ? ഈ ചോദ്യങ്ങൾക്കുത്തരമാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
അവസാന മിനിറ്റുകളിൽ നെഗറ്റീവ് ഷെയ്ഡിലുള്ള മമ്മൂട്ടി കഥാപാത്രത്തിൻ്റെ വേഷപ്പകർച്ച അതിശയിപ്പിക്കും.പക്ഷെ ആദ്യ പകുതിയിലെ പ്രകടനത്തിൽ സ്റ്റൈലിനപ്പുറം പ്രത്യേകതകൾ ഒന്നുമില്ല.ബഞ്ചമിൻ ജോഷ്വ എന്ന പോലീസ് ഓഫീസറെ ഗൗതം വാസുദേവ് മേനോനും മികച്ചതാക്കി.എന്നാൽ മലയാളം ഡയലോഗ് ഡെലിവറി പോര.
ഹക്കിം ഷാജഹാൻ്റെ സണ്ണി വർഗീസ് എന്ന ഹാക്കർ കം ഗെയിമറുടെ വേഷവും ശ്രദ്ധേയമായി .സിദ്ധാർത്ഥ് ഭരതൻ, ദിവ്യാ പിള്ള, ബാബു ആന്‍റണി, ഐശ്വര്യ മേനോൻ, ഷൈൻ ടോം ചാക്കോ, സുമിത് നവാൽ, ബിനു പപ്പു, മീനാക്ഷി രവീന്ദ്രൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, വസിഷ്ഠ് ഉമേഷ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ആദ്യന്തം പിരിമുറുക്കം നിലനിർത്തുന്നതല്ല ചിത്രത്തിൻ്റെ തിരക്കഥ. പലയിടത്തും പ്രേക്ഷകരും കഥാപാത്രങ്ങളും തമ്മിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കുന്നതിൽ തിരക്കഥാകൃത്ത് പരാജയപ്പെട്ടു. എന്നാൽ സംവിധായകൻ എന്ന നിലയിൽ ഡീനോ പ്രതീക്ഷ നൽകുന്നു.
അന്തരിച്ച നിഷാദ് യൂസഫും പ്രവീൺ പ്രഭാകറും ചേർന്നാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചത്. സയീദ് അബ്ബാസ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിൻ്റെ ഗെയിമിംഗ് ചലഞ്ച് മൂഡിനോട് ചേർന്നു പോകുന്നതാണ്.നിമിഷ് രവിയുടെ ഛായാഗ്രഹണവും മികച്ചതാണ്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)