സുല്‍ത്താന്‍ ബത്തേരി: റിപ്പോർട്ടർ ടി വി ഉടമകൾ പ്രതികളായ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജോസൂട്ടി അഗസ്റ്റിന്‍, ആന്‌റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്.
അനുബന്ധ കുറ്റപത്രം കൂടി നല്‍കും.മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് ആകെയുള്ളത്.സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്. മുട്ടില്‍ വില്ലേജില്‍നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് 104 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. അന്വേഷണം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. 85 മുതല്‍ 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളാണ് കടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
2020 ഒക്ടോബര്‍ 24ന് ഇറങ്ങിയ വിവാദ സര്‍ക്കാര്‍ ഉത്തരവിന്റെ മറപറ്റിയാണ് മുട്ടിലില്‍നിന്ന് വിലകൂടിയ മരങ്ങള്‍ വെട്ടിമാറ്റുകയും കടത്തുകയും ചെയ്തത്. നൂറുകണക്കിന് വര്‍ഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങള്‍ പോലും സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വെട്ടിമാറ്റി.
കോടികളുടെ വനംകൊള്ള നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറത്തുവന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ആദിവാസികളായ ഭൂവുടമകള്‍ മരം മുറിക്കാന്‍ നല്‍കിയ അനുമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 104 മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചെടുത്തതെന്നാണ് കണ്ടെത്തല്‍.
മുട്ടില്‍ മരം മുറിയെ ചാരി ചാനല്‍ യുദ്ധവും നടന്നതും വിവാദമായിരുന്നു. കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി പുനഃസംപ്രേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആദ്യം മാതൃഭൂമിയും പിന്നീട് ഏഷ്യാനെറ്റ് മീഡിയാവണ്‍, ന്യൂസ് 18 എന്നീ ചാനലുകളും കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, പ്രതികളും റിപ്പോര്‍ട്ടറിന്റെ നടത്തിപ്പുകാരുമായവരെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ നല്‍കി പ്രതിരോധിക്കുകയും ചെയ്തു.
മരംമുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി അഗസ്റ്റിന്‍ സമീപിച്ചതെന്ന ആദിവാസി കര്‍ഷകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 കേരള, മീഡിയവണ്‍ തുടങ്ങിയ ചാനലുകള്‍ മുട്ടില്‍ മരം മുറി വിഷയം ചര്‍ച്ചയാക്കിയത്