ന്യൂഡൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഐ സി സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ യുഡിഎഫ്, എൽഡിഎഫ് എംപിമാർ കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം ആവശ്യപ്പെട്ടത്. വിശദാംശങ്ങൾ പിന്നീട് നൽകാമെന്നാണ് അമിത് ഷാ അറിയിച്ചത്.
എന്നാൽ കേരള സർക്കാർ ആവശ്യപ്പെട്ടതുപോലെ ഈ ദുരന്തത്തെ ലെവൽ 3 വിഭാഗത്തിലാണോ ഉൾപ്പെടുത്തുക എന്ന് വ്യക്തമല്ല. 2219 കോടി രൂപയുടെ പാക്കേജ് മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നു.
ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ ഇത് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് വ്യക്തമാക്കിയത്. ഡൽഹിയിൽ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.