ക്ഷത്രിയൻ.
എന്തൊക്കെ കുറവുണ്ടെങ്കിലും കണിച്ചുകുളങ്ങരയിലെ നടേശൻ മൊതലാളി അക്ഷരവിരോധിയാണെന്ന് ആരും പറയരുത്. മലപ്പുറത്തെക്കുറിച്ച് മൊതലാളി മൊഴിഞ്ഞതിനെതിരെ പ്രതികരിക്കുന്നവരൊക്കെ ഒന്ന് അടങ്ങിയിരിക്കണം.
മലപ്പുറം പ്രത്യേക രാജ്യമാണെന്നാണ് മൊതലാളി പറഞ്ഞത്. ബഹിരാകാശത്ത് സഞ്ചരിക്കവെ സുനിത വില്യംസ് ഇന്ത്യയെ നോക്കിയത് പോലെ കണിച്ചുകുളങ്ങരയിലെ കിളിവാതിലിലൂടെ മൊതലാളിയും ഒന്ന് നോക്കി.
പച്ചപിടിച്ച ഹിമാലയസാനുക്കളും വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളുമൊക്കെയുള്ള ഇന്ത്യയാണ് സുനിത വില്യംസ് കണ്ടത്. പച്ച പിടിച്ചതാണെന്നതിനാൽ കണിച്ചുകുളങ്ങര മുതലാളിയുടെ ദൃഷ്ടിയിൽ പതിഞ്ഞത് മലപ്പുറവും.
സ്വർണച്ചട്ടയുള്ള കണ്ണടയിലൂടെ കണ്ടപ്പോൾ മലപ്പുറം പ്രത്യേക രാജ്യമാണെന്നങ്ങ് തോന്നി. അത്രയേയുള്ളൂ കാര്യം. മൊതലാളി പറഞ്ഞതിൽ എന്താണ് പിഴവുള്ളത്. പരന്ന വായനക്കാരനായ മൊതലാളി അവസാനം വായിച്ച പുസ്തകം പത്രപ്രവർത്തകനായ ശംസുദ്ദീൻ മുബാറക് എഴുതിയ ‘മലപ്പുറം മനസ്’ ആയിരുന്നുവെന്നാണ് കേൾവി.
മലപ്പുറമെന്നാൽ വേറൊരു രാജ്യമാണെന്ന് തീർച്ചമൂർച്ചയോടെ മനസ്സിലാക്കാൻ ആ പുസ്തകം മതി. മലയാളി മുസ്ലിംകളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ മമ്പുറം മഖാമും മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപ്തി കുറിക്കുന്ന കളിയാട്ടക്കാവിലെ ഉത്സവവും തമ്മിലുള്ള സ്നേഹക്കൈമാറ്റത്തിൻ്റെ ചരിത്രമുണ്ട് പുസ്തകത്തിൽ. തിരുനാവായയിൽ ബലിയിടാനെത്തുന്നവർക്ക് കരുതലിൻ്റെ കാവലാളായി സേവനം ചെയ്യുന്ന യാഹൂട്ടിയുടെ കഥയുമുണ്ട്.
റമസാൻ 27ന് കൊടിഞ്ഞിപ്പള്ളിയിലെത്തുന്ന ചീരണികളിൽ മൂന്നിലൊന്ന് സഹോദര സമുദായാംഗങ്ങൾക്ക് അവരുടെ അവകാശമെന്നോണം നൽകിപ്പോരുന്ന സൗഹൃദത്തിൻ്റെ കഥയും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താനൂർ ശോഭപറമ്പ് കുറുമ്പ ഭഗവതിക്ഷേത്രത്തിൽ പ്രധാന കാർമികനെ നിയമിക്കുന്ന ‘ആവേൻ വിളി’യ്ക്ക് കാർമികത്വം വഹിക്കുന്ന മുസ്ലിം തറവാടിനെക്കുറിച്ച് പറയുന്നുണ്ട്. 800 വർഷം പഴക്കമുള്ളതും ഇന്നും തുടരുന്നതുമായ മനോഹരമായ പാരമ്പര്യമാണ് അത്.
വെട്ടത്ത് പുതിയങ്ങാടി നേർച്ചയ്ക്ക് കൊടിയേറ്റുന്നത് പ്രമുഖ ഹിന്ദു തറവാടായ അമ്പാട്ട് വീട്ടിലെ കാരണവരാണ്. കോവിഡ് കാലത്ത് ലോക്ഡൗണിൽ എൻട്രൻസ് കോച്ചിങ്ങ് സെൻറർ അടച്ചുപൂട്ടിയതിനെ തുടർന്ന് പ്രയാസത്തിലായ ലക്ഷദ്വീപുകാരി ലുഖ്മാനുൽ സബയെ പഠനം പൂർത്തിയാകുംവരെ മഞ്ചേരി കോവിലകംകുണ്ടിലെ സ്വന്തം വീട്ടിൽ പാർപ്പിച്ച മാളവികയുടെ സ്നേഹക്കഥ വേറെ.
ക്ഷേത്രങ്ങളിലേക്ക് ഇല്ലം നിറയ്ക്കാൻ പുന്നെല്ലും കതിർക്കറ്റകളും എത്തിക്കുന്ന അങ്ങാടിപ്പുറം സ്വദേശി ഹംസയുമുണ്ട് പുസ്തകത്തിൽ. ഇയ്യാത്തുവിൻ്റെ സ്നേഹത്തിൽ അഭയം ലഭിച്ച കാളികാവ് നിലാഞ്ചേരി കുണ്ടിലാംപാടം തളീങ്ങൽ സരോജിനി അമ്മ.
നടക്കാൻ പോലും വയ്യാതെ ഒറ്റയ്ക്ക് താമസിക്കുന്ന 74കാരി തുവ്വൂർ തെക്കുംപുറത്ത് പടിഞ്ഞാറെ കളത്തിൽ നാരായണിയമ്മയെ കുടിലിലെത്തി പരിചരിച്ച റിൻഷിദ് എന്ന പതിനൊന്നുകാരൻ, ആരോരുമില്ലാതെ മരിച്ച തെക്കൻ ജില്ലക്കാരി ബ്രിഡ്ജറ്റ് റിച്ചാർഡ്സ് എന്ന ക്രിസ്ത്യൻ വനിതയുടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യകർമ്മങ്ങൾക്കായി മദ്രസാ അങ്കണം വിട്ടുനൽകിയ എടവണ്ണപ്പാറ പൊന്നാട്ടെ തഅലീമുൽ ഇസ്ലാം മദ്രസ കമ്മിറ്റി, രാമൻ എന്ന കുട്ടിയെ യതീംഖാനയിൽ പഠിപ്പിക്കുകയും അവിടെത്തന്നെ അധ്യാപകനും പിന്നീട് എംഎൽഎയുമാക്കിയ എം.കെ.ഹാജി തുടങ്ങി ഒട്ടേറെ ആളുകളെക്കുറിച്ചും പുസ്തകം പറയുന്നു.
പുലാമന്തോൾ തിരുത്ത് മരക്കാടത്തുപറമ്പിൽ ശ്രീകുറംബ ഭഗവതിക്ഷേത്ര വാതിലിൽ മലവട്ടത്ത് അമീറലിയുടെ പേരെഴുതിവച്ചിട്ടുണ്ട്. നൂറ്റാണ്ടിൻ്റെ പഴക്കമുള്ള ക്ഷേത്രം പുതുക്കിപ്പണിതപ്പോൾ അമീറലി വാതിൽ നിർമിച്ചുനൽകുകയായിരുന്നു. നന്ദിസൂചകമായി ക്ഷേത്രഭാരവാഹികൾ വാതിലിൽ അമീറലിയുടെ പേരും എഴുതിവച്ചതാണ്.
പുലാമന്തോൾ വടക്കൻ പാലൂർ ജുമാ മസ്ജിദിൻറെ മിനാരം കളിമൺ ശിൽപി കൃഷ്ണൻ്റെ സാധനയും അർപ്പണമനോഭാവവുമാണ്. കോട്ടക്കൽ ചെനക്കൽ ജുമാ മസ്ജിദിൻ്റെ മൂന്നാം നില കല്ലും മണലും മാത്രമല്ല മഠത്തിൽ വിനോദിൻ്റെയും ചപ്പയിൽ സുരേഷ് ബാബുവിൻ്റെയും വിയർപ്പ് തുള്ളികളും കലർന്നതാണ്.
ഓട്ടോ തൊഴിലാളിയായ വിനോദും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുരേഷ് ബാബുവും വൈകുന്നേരങ്ങളിൽ പള്ളിയിലെത്തി നിർമാണവസ്തുക്കൾ സൗജന്യമായി മൂന്നം നിലയിലേക്ക് ചുമന്നുകൊണ്ടുപോയവരാണ്.പാണക്കാട്ട് കുടുംബവുമായി ബന്ധപ്പെട്ട് മത സൗഹാർദ്ദത്തിൻറെ അനുഭവസാക്ഷ്യങ്ങൾ വേറെയും.
ഇതൊക്കെ വായിച്ചാൽ കണിച്ചുകുളങ്ങരയിലെ നവോത്ഥാന നായകന് മാത്രമല്ല, ഭൂമി മലയാളത്തിൽ അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും മലപ്പുറം പ്രത്യേക ‘രാജ്യം’ ആണെന്ന്. അഥവാ സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ, സൗഹൃദത്തിൻ്റെ പശിമയുള്ള നല്ല മണ്ണാണെന്ന്. നടേശൻ മൊതലാളിയും അങ്ങനെ കരുതിയാകാം പറഞ്ഞതെന്ന് സമാധാനിക്കാം.
ഇനി മറിച്ചൊന്ന് ചിന്തിച്ചാലോ ? നാക്കിൻ്റെ മികവിൽ മാത്രമുള്ള നായകത്വത്തിൽ ഊറ്റം കൊള്ളുന്ന മൊതലാളിയെ നവോത്ഥാന നായകനാക്കിയ കാരണഭൂതനാണ് സംസ്ഥാനം ഭരിക്കുന്നത്. അങ്ങനെയുള്ള മുഖ്യൻ പ്രതിസന്ധിയിലാകുമ്പോൾ ഒരുകൈ സഹായം മൊതലാളി വക എന്നത് കുറ്റമല്ലല്ലോ.
ഭരണത്തിൽ പ്രശ്നം തോന്നുമ്പോൾ അതിർത്തിക്കപ്പുറത്ത് പടനീക്കമെന്ന് വരുത്തുന്ന വിദ്യയുണ്ട് കേന്ദ്രത്തിന്. അതിന് സമാനമായി എസ്എഫ്ഐഒ വീണമിട്ടാൻ ഒരുങ്ങുന്ന വിവരം വാർത്തകളിൽ നിറയുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടേണ്ടത് നവോത്ഥാന നായകൻ്റെയും ബാധ്യത തന്നെയല്ലേ.
——————————————————————
‘വിവേകം താനേ വരില്ല, യത്നിക്കണം, ധാരാളം വായിക്കണം’-
ശ്രീ നാരായണ ഗുരു