വാഷിംഗ്ടണ്‍: പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഉത്തരവിനെ തുടർന്ന്, സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുടച്ചുനീക്കാൻ അമേരിക്കയും സോമാലിയയും ചേർന്ന് സൈനിക ആക്രമണം ആരംഭിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് തലവനെ വധിക്കുകയാണ് മുഖ്യലക്ഷ്യം.”ഗുഹകളില്‍ ഒളിച്ചിരുന്ന് ഈ കൊലയാളികള്‍ അമേരിക്കയെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തുകയാണ്,” എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സൈനിക ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അമേരിക്ക അറിയിച്ചു.രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് മുതിര്‍ന്ന ഐഎസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സൊമാലിയ പ്രസിഡന്റിന്റെ ഓഫിസ് എക്സിലെ ഒരു പോസ്റ്റില്‍, പറഞ്ഞു.
അമേരിക്കയെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തുന്ന തീവ്രവാദികളെ കണ്ടെത്തി ഇല്ലാതാക്കാന്‍ അമേരിക്ക എപ്പോഴും തയ്യാറാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്നും പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു.
സൊമാലിയയില്‍ നൂറുകണക്കിന് തീവ്രവാദികളുണ്ടെന്നാണ് അമേരിക്ക പറയുന്നത്.അവരില്‍ ഭൂരിഭാഗവും പുന്റ്ലാന്‍ഡിലെ ബാരി മേഖലയിലെ കാല്‍ മിസ്‌കാറ്റ് പര്‍വതനിരകളില്‍ ഒളിച്ചു താമസിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്.