വാഷിങ്ടണ്‍: സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ അമേരിക്കയിൽ പിരിച്ചുവിട്ടു.
എന്നാല്‍, ഇത് ആദ്യഘട്ടം മാത്രമാണ്.. രണ്ടുലക്ഷത്തോളം ആളുകളെ പുറത്താക്കാൻ ആണ് ലക്ഷ്യം എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു..
സര്‍ക്കാര്‍ മേഖലയിൽ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ളത്. ട്രംപും ഉപദേശകനായ ഇലോണ്‍ മസ്‌കും കൂടിച്ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മസ്‌കിന്റെ ഇടപെടലിനേക്കുറിച്ച് വിമര്‍ശനങ്ങളുയരുന്നുണ്ട്.എന്നാല്‍, ഓഡിറ്റ് നടത്തിയാണ് നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രംപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ സഹാധ്യക്ഷന്‍ കൂടിയാണ് ശതകോടീശ്വരനായ മസ്‌ക്.
ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരെ ആണ് അധികവും പിരിച്ചുവിട്ടത്. റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും അടുത്ത ആഴ്ചയോടെ പിരിച്ചുവിട്ടേക്കും. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.
ആഭ്യന്തര വകുപ്പിന് കീഴില്‍ പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണല്‍ പാര്‍ക്കുകളും നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലയില്‍ തൊഴിലെടുത്തിരുന്ന 2300 ആളുകളെയും വെള്ളിയാഴ്ച പിരിച്ചുവിട്ടു.
മൈക്രോസോഫ്റ്റ് ടീമിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുന്‍കൂട്ടി തയ്യാറാക്കിയ മെസേജുകള്‍ വഴിയുമാണ് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. നിങ്ങളുടെ സാധനസാമഗ്രികള്‍ എല്ലാമെടുത്ത് 30 മിനിറ്റിനുള്ളില്‍ ഓഫീസ് വിടണമെന്നായിരുന്നു അറിയിപ്പ് .
പിരിച്ചുവിടുന്നുണ്ടെങ്കില്‍ ആ വിവരം ഇ-മെയിലില്‍ മുന്‍കൂട്ടി അറിയിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാൽ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്തത്.
നീതി നിഷേധമാണ് നടന്നിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറയുന്നത്. തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ പരിരക്ഷയും നിഷേധിക്കപ്പെട്ടു.
മുന്‍കൂട്ടിയുള്ള അറിയിപ്പ് നല്‍കാതെ, നിയമം അനുശാസിക്കുന്ന ഒരു നടപടികളും സ്വീകരിക്കാതെയാണ് ജീവനക്കാരെ കൂട്ടമായി പുറത്താക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.
ഇതിനിടെ, ഉപഭോക്തൃ സാമ്പത്തിക സംരക്ഷണ ബ്യൂറോ (സി എഫ് പി ബി) തകര്‍ക്കാനും തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങള്‍ താത്ക്കാലികമായി തടയണമെന്ന് ഫെഡറല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
സാമ്പത്തിക സ്ഥാപനങ്ങളെ മേല്‍നോട്ടം വഹിക്കുന്ന പ്രധാന റെഗുലേറ്ററാണ് സി എഫ് പി ബി. ബാങ്ക് ഓഫ് അമേരിക്ക, ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ സി എഫ് പി ബിയുടെ മേല്‍നോട്ടത്തിലാണ്.
വാഷിംഗ്ടണ്‍ ഡി സിയിലെ ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പ്രത്യേക കാരണമില്ലാതെ സി എഫ് പി ബിക്ക് ഒരു ജീവനക്കാരെയും പിരിച്ചുവിടാന്‍ കഴിയില്ല കൂടാതെ വ്യാപകമായ തൊഴില്‍ കുറയ്ക്കലുകള്‍ നടത്തുവാന്‍ അനുവദിക്കില്ല എന്ന് കോടതി പറഞ്ഞു.
ഈ ആഴ്ച തുടക്കത്തില്‍ സി എഫ് പി ഡസന്‍കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഉടന്‍ തന്നെ കൂടുതല്‍ വെട്ടിക്കുറയലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജീവനക്കാരുടെ യൂണിയനും മറ്റ് സംഘടനകളും ചേര്‍ന്ന് കോടതിയില്‍ താല്‍ക്കാലിക നിരോധന ഉത്തരവിനായി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
സി എഫ് പി ബിയുടെ കരുതല്‍ ഫണ്ടുകള്‍ ഫെഡറല്‍ റിസര്‍വിലേക്കോ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലേക്കോ കൈമാറുന്നത് തടഞ്ഞ് കോടതി ഉത്തരവിട്ടു. ഈ നീക്കം ഏജന്‍സിയെ പൂര്‍ണമായും ധനസഹായമില്ലാത്ത നിലയിലാക്കുമായിരുന്നു. കൂടാതെ സി എഫ് പി ബിയുടെ യാതൊരു ഡാറ്റയും രേഖകളും ഇല്ലാതാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 3 വരെ ഉത്തരവ് നിലനില്‍ക്കും