ചിത്രങ്ങളിലെ തുണി ഉരിയുന്ന ആപ്പുകൾ പുതിയ ഭീഷണി

ന്യൂയോർക്ക് : ആർക്കും ആരുടെയും ചിത്രമെടുത്ത് ന​ഗ്ന ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും പ്രചാരമേറുന്നു.

സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം പേർ ഇത്തരം വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു.വിപണന സാധ്യത കൂട്ടുന്നതിനായി ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം.

2023 ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചു.ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത്.

ലൈംഗികതയുള്ള പരസ്യങ്ങൾ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. സംശയാസ്പദമായ പരസ്യങ്ങൾ അവലോകനം ചെയ്ത് നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്ന് ​ഗൂ​ഗിൾ വ്യക്തമാക്കി.

ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ആശങ്ക വർധിക്കുന്ന സമയത്താണ് ഇത്തരം ന​ഗ്ന ആപ്പുകളുടെ ഭീഷണി. ഡീപ്ഫേക്ക് പോണോഗ്രാഫി നിരോധിക്കുന്ന നിയമം അമേരിക്കയിൽ നിലവിലില്ല.

എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ നഗ്ന ചിത്രങ്ങൾ നിർമ്മിക്കുന്നത് നിയമവിരുദ്ധമാണ്. നവംബറിൽ, നോർത്ത് കരോലിനയിലെ ഒരു ചൈൽഡ് സൈക്യാട്രിസ്റ്റിനെ വസ്ത്രം അഴിക്കുന്ന ആപ്പുകൾ ഉപയോഗിച്ചതിന് 40 വർഷം തടവിന് ശിക്ഷിച്ചിരുന്നു.