തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാട്ടി സി.ബി.ഐ ഇൻസ്പെക്ടർ നിപുൻ ശങ്കർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശാസ്ത്രീയ തെളിവുകൾ .
ക്ളിഫ് ഹൗസിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിക്കാരി പറയുന്ന ദിവസം ധരിച്ചിരുന്ന സാരി സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡി.എൻ.എ പരിശോധന അടക്കം നടത്താനാണ് നിർദ്ദേശിച്ചിരുന്നത്. ഏതെങ്കിലും വിധത്തിലുള്ള സ്രവങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.
സംഭവം നടന്നതായി പറയപ്പെടുന്ന 2012 സെപ്തംബർ 19ന് ക്ളിഫ് ഹൗസിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴിയാണ് സി.ബി.ഐക്ക് നൽകിയത്. ഉമ്മൻചാണ്ടിയെ കാണാൻ പരാതിക്കാരിക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായിരുന്ന ടെനി ജോപ്പനും മൊഴി നൽകി.
പരാതിക്കാരിയുമായി ക്ളിഫ് ഹൗസിൽ പോയിട്ടില്ലെന്നും ഉമ്മൻചാണ്ടിയെ നേരിട്ടു കണ്ടിട്ടില്ലെന്നുമാണ് പരാതിക്കാരിയുടെ വാഹനം ഓടിച്ചിരുന്ന സന്ദീപ് മൊഴി നൽകിയത്.