കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ വിജയവും തുടർച്ചയായ മൂന്നാം തവണയിലെ ഭരണവും ഉറപ്പായിരുന്നു. ജവഹർലാൽ നെഹ്റു മാത്രമാണ് ഇതുവരെ ദീർഘകാലം പ്രധാനമന്ത്രിയായിരുന്നത്. 1947ൽ അദ്ദേഹം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1947, 1952, 1957, 1962 വർഷങ്ങളിൽ അദ്ദേഹം തുടർച്ചയായി പ്രധാനമന്ത്രിയായി തുടർന്നു. 1964ൽ മരണംവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. തെരഞ്ഞെടുപ്പ് പരാജയമോ ഇടവേളയോ അദ്ദേഹം നേരിട്ടില്ല. 1947 മുതൽ 1964 വരെ 17 വർഷക്കാലം അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു: 1947 ഓഗസ്റ്റ് 15 മുതൽ 1964 മേയ് 27 വരെ. മറ്റൊരു പ്രധാനമന്ത്രിക്കും ഇത്രയും കാലം പദവിയിൽ തുടരാനായില്ല.
രണ്ടാം ടേം പൂർത്തിയാക്കുന്ന നരേന്ദ്ര മോദി ഇപ്പോൾ മൂന്നാം ടേമിനായി ആഗ്രഹിക്കുന്നു, ഒരുപക്ഷേ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനേക്കാൾ ദീർഘമായ സേവനത്തിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നപ്പോൾ, പ്രധാന എതിരാളിയായ ഇന്ത്യ മുന്നണിയിൽ വേണ്ടത്ര യോജിപ്പും കൂട്ടായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നില്ല. പല നേതാക്കളും പ്രധാനമന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നു. ഇതെല്ലാം നരേന്ദ്ര മോദിക്ക് ലോക്സഭയിൽ അർഹമായ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരം ലഭിച്ചേക്കുമെന്ന പൊതുധാരണയോ പ്രതീക്ഷയോ ജനിപ്പിക്കുന്നതായിരുന്നു.
വിധിയുടെ വിരോധാഭാസമെന്നു പറയട്ടെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെപ്പോലുള്ള ചില മുതിർന്ന നേതാക്കൾ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണി പങ്കാളിത്തത്തിനു പരിഗണന നൽകിയെങ്കിലും ചില പ്രാദേശിക താത്പര്യങ്ങൾ നിമിത്തം കാത്തിരിപ്പു നയത്തിന് മുൻഗണന നൽകി. ന്യൂഡൽഹിയിലെ അധികാരകേന്ദ്രങ്ങളിൽ ഉയർന്ന സ്ഥാനം ലഭിക്കുമ്പോൾ സ്വന്തം സാധ്യതകൾ ശോഭനവും മികച്ചതുമാക്കുന്നതിനുള്ള തീരുമാനം എടുക്കുക എന്നതിലേക്കും മമത മാറി.
അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നതിനാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന്റെ സംയുക്ത മതേതര രാഷ്ട്രീയ സഖ്യം ഫലവത്തായില്ല. എന്നാൽ, ചിലർ യഥാർഥ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയും ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. മോദിയുടെ മറ്റൊരു ടേം മതേതര ആശയങ്ങൾക്കും ജനാധിപത്യത്തിനും ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂടിനും ഭീഷണിയാകുമെന്ന് അവർ കരുതിയതിനാൽ, മോദി നയിക്കുന്ന എൻഡിഎയെ പരാജയപ്പെടുത്താൻ പരമാവധി ശ്രമിക്കുക എന്നതാണ് അവരുടെ പരിപാടി.
പ്രതികൂലമായ മാറ്റങ്ങൾ
രാഷ്ട്രീയത്തിലെ ഭാഗ്യം പോലെ ചില സംഭവങ്ങളും വിഷയങ്ങളും കാര്യങ്ങളെ മാറ്റിമറിച്ചു. ഇന്ന് മോദിയുടെ സുഖപ്രദമായ വിജയം രാഷ്ട്രീയമായി വെല്ലുവിളിക്കപ്പെടുന്നു. ബഹുജന പിന്തുണയിലും ജനകീയ പ്രതിച്ഛായയിലും പ്രതികൂലമായ മാറ്റമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയുടെ കാര്യമെടുക്കുക, വെളിപ്പെടുന്നതനുസരിച്ച് നൽകിയ സംഭാവനയുടെ പകുതിയിലേറെ ലഭിച്ചത് ഭാരതീയ ജനതാ പാർട്ടിക്കാണ്.
അഴിമതിക്കെതിരേ പോരാടുന്നതിനും ഭരണം ശുദ്ധീകരിക്കുന്നതിനും പേരുകേട്ട മോദിജിയുടെ പ്രതിച്ഛായയ്ക്കൊപ്പം അത് ചേർന്നുപോയില്ല. വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി (കുറഞ്ഞത് രണ്ടു കോടി തൊഴിലവസരങ്ങൾ) പ്രവർത്തിക്കുക എന്നതായിരിക്കും എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്രത്തിൽ ഭരിക്കുന്ന സഖ്യം ബഹുജന അടിത്തറ കെട്ടിപ്പടുക്കാൻ ഹിന്ദുത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത്. ഇത് ന്യൂനപക്ഷങ്ങളെ എൻഡിഎയിൽനിന്ന് അകറ്റി.
എൻഡിഎയുടെ ഉദ്ദേശ്യങ്ങളും തന്ത്രങ്ങളും അവർക്ക് ഇഷ്ടമല്ലാതാകുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ചോദ്യങ്ങൾ ഉയരുകയും ചെയ്തു. ഇതിനെത്തുടർന്ന്, തെരഞ്ഞെടുപ്പ് അകലെയല്ലാത്തപ്പോൾ മുസ്ലിം സമുദായത്തിനെതിരേ ഒരു ഉന്നത നേതാവിന്റെ ചില പരാമർശങ്ങൾ വന്നു. ഇത് മുസ്ലിം സമുദായത്തിലെ ഒരു പ്രധാന വിഭാഗത്തെ എൻഡിഎയിൽനിന്ന് അകറ്റുന്ന സാഹചര്യമുണ്ടാക്കി.
ഇതു ശരിയാക്കാനുള്ള ചില നടപടികൾ ആഗ്രഹിച്ച ഫലം നൽകിയില്ല. ഭരണഘടനയുടെ ഭാഗമായ ഏകീകൃത സിവിൽ കോഡ്, പൗരത്വ നിയമം തുടങ്ങിയ നിർദിഷ്ട നിയമനടപടികളിൽ നേരത്തേതന്നെ അസന്തുഷ്ടരായ വിഭാഗങ്ങളായിരുന്നു ഇവർ. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ആദ്യഘട്ടത്തിലെ മോശം പോളിംഗ് എൻഡിഎയ്ക്ക് അത്ര സുഖകരമല്ലെന്ന സൂചനയാണു നൽകിയത്.
രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, പാവപ്പെട്ടവർക്ക് പെൻഷൻ, രാജ്യത്തെ 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ ഭക്ഷണം, പാർപ്പിടം തുടങ്ങിയ വിവിധ ക്ഷേമ നടപടികൾ, നിരാലംബർക്ക് രണ്ടു കോടി വീടുകൾ, ന്യൂനപക്ഷങ്ങൾക്ക് സ്കോളർഷിപ്പുകൾ എന്നിങ്ങനെയുള്ള എൻഡിഎയുടെ ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.
രാജ്യത്തുടനീളം റോഡ് ഷോകളിലും ബഹുജന സമ്മേളനങ്ങളിലും ഇതെല്ലാം അവതരിപ്പിച്ചു. എന്നാൽ ഇത്തരം ശ്രമങ്ങൾ ന്യൂനപക്ഷങ്ങളുടെയും ഗ്രാമീണ ജനതയുടെ ഒരു വിഭാഗത്തിന്റെയും പിന്തുണ നേടിയെടുക്കാൻ സഹായിച്ചില്ല. കഴിഞ്ഞ പത്തു വർഷമായി മാധ്യമ പ്രവർത്തകരെ കാണുന്നതിൽനിന്ന് വിട്ടുനിൽക്കുന്ന മോദി, അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ചില മാധ്യമപ്രവർത്തകരെ കാണുകയും മൊത്തത്തിൽ മെച്ചപ്പെടുത്താനുള്ള നയമാണ് താൻ പിന്തുടരുന്നതെന്ന് വിശദീകരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു.
നിർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾക്ക് പാർട്ടി സംവിധാനങ്ങളിനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും ദരിദ്ര വിഭാഗങ്ങൾക്കുമുള്ള സംവരണത്തെക്കുറിച്ചുള്ള ചർച്ചകളും സമൂഹത്തിലെ അസന്തുഷ്ടരായ വിഭാഗങ്ങളുമായി വിശദീകരിക്കാനുള്ള ശ്രമവും നല്ല രീതിയിൽ പോയില്ല.
പ്രാദേശിക കക്ഷികളെ ആകർഷിക്കാനായില്ല
പ്രാദേശിക കക്ഷികളെ എൻഡിഎയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടന്നില്ല എന്നതാണ് മറ്റൊരു പ്രതികൂല വശം. വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിലും വികസന പരിപാടികൾക്കും ക്ഷേമ നടപടികൾക്കും പിന്തുണ നൽകുന്നതിലും അവഗണിക്കപ്പെട്ടതായി ചില സംസ്ഥാനങ്ങൾക്കു പരാതിയുണ്ടായിരുന്നു. കേന്ദ്രത്തിൽ തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധ ചില സംസ്ഥാനങ്ങൾക്ക് അനുകൂലമായി ലഭിച്ചതായും ആരോപണമുണ്ട്.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുൻഗണനകളും ജനങ്ങളുടെ മാനസികാവസ്ഥയും അത്ര സുഖകരമല്ലാത്ത പ്രചാരണ സാഹചര്യവും അറിഞ്ഞായിരിക്കാം, ലോക്സഭയിൽ എൻഡിഎ 400-ലധികം സീറ്റുകൾ നേടുമെന്നും ബിജെപി 370-ലധികം സീറ്റുകൾ നേടുമെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗങ്ങളിൽ പ്രഖ്യാപിച്ചു. എന്നാൽ ഇതും ആത്മവിശ്വാസം വളർത്താൻ സഹായിച്ചില്ല. എൻഡിഎ തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണരീതിയിലും ദരിദ്ര ജനവിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണത്തിലും മാറ്റങ്ങളുണ്ടാകുമെന്ന് പ്രചാരണങ്ങളിൽ ഇന്ത്യ മുന്നണി മുന്നറിയിപ്പു നൽകി.
കേന്ദ്ര ഏജൻസികളും ആരോപണങ്ങളും
വിവിധ ആരോപണങ്ങളിലൂടെയും നിയമനടപടികളിലൂടെയും കേന്ദ്ര ഏജൻസികൾ സംസ്ഥാനതല നേതാക്കൾക്കെതിരേ നടത്തിയ നീക്കങ്ങൾ സാമൂഹിക വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറുപാർട്ടികളെയും സംഘടനകളെയും അകറ്റി. ഈ ആരോപണങ്ങളിൽ ചിലത് സമഗ്രമായി അന്വേഷിച്ചിട്ടില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മദ്യനയത്തിനെതിരേ ശരിയായ വസ്തുതകളില്ലാതെ മുന്നോട്ടുപോയി, അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകരും ജയിലിലായി. എന്നാൽ ഒടുവിൽ കേജരിവാൾ ജാമ്യം നേടിയത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികൾക്കും ബിജെപിക്കും തിരിച്ചടിയായി. ചുരുക്കിപ്പറഞ്ഞാൽ, പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ, പ്രതിപക്ഷത്തെ വലിയൊരു വിഭാഗം എൻഡിഎയ്ക്കെതിരേയാണ്. അത് എങ്ങനെ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
പ്രചാരണം പുരോഗമിക്കുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് സുഖപ്രദമായ സാഹചര്യം നിലനിർത്താനായില്ല എന്നതാണ് യാഥാർഥ്യം. നിയോജക മണ്ഡലങ്ങളിലെ ചെറിയ പ്രശ്നങ്ങൾ പോലും ഉയർന്ന് ബിജെപിയുടെ പ്രതിച്ഛായയെ പ്രതികൂലമായ അവസ്ഥയിലാക്കി. വിവിധ ഘടകങ്ങൾ മൂലമുള്ള ഇത്തരം മാറ്റങ്ങൾ പല പ്രതിപക്ഷ പാർട്ടികളെയും ഗ്രൂപ്പുകളെയും ഒന്നിച്ചുനിർത്തി എൻഡിഎയ്ക്കെതിരേ വോട്ട് ചെയ്യുന്നതിനുള്ള നില ശക്തമാക്കി.
ബിജെപി നേതൃത്വം, പ്രത്യേകിച്ച് നരേന്ദ്ര മോദി എങ്ങനെ പ്രതികരിക്കുമെന്നും ലക്ഷ്യമിടുന്ന വിജയം നേടുന്നതിനായി അദ്ദേഹത്തിന്റെ തന്ത്രം എപ്രകാരം പുനഃക്രമീകരിക്കപ്പെടുമെന്നും കണ്ടറിയണം. ജനങ്ങൾക്കിടയിൽ മോദിയോടും അദ്ദേഹത്തിന്റെ ഉറപ്പുകളോടും അനുകൂല മനസുണ്ടെങ്കിലും മാറുന്ന തെരഞ്ഞെടുപ്പ് രംഗം കണക്കിലെടുക്കുമ്പോൾ മുന്നോട്ടുള്ള ദൗത്യം സുഗമമല്ല. താത്പര്യമുണർത്തുന്ന ചോദ്യം ഇതാണ്: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെപ്പോലെ തുടർച്ചയായി മൂന്നാം തവണയും വിജയിച്ച് പ്രധാനമന്ത്രിയാകാൻ മോദിക്കു കഴിയുമോ?
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക