ഡോ.ജോസ് ജോസഫ്
”അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല”. ഒറ്റയ്ക്ക് 100 വില്ലന്മാരെ അടിച്ചും ഇടിച്ചും വീഴ്ത്തുന്ന മമ്മൂട്ടിയുടെ മാസ്സ് ഹീറോയിസമാണ് ടർബോ. ഇടുക്കിയിൽ തുടങ്ങുന്ന ടർബോ ജോസിൻ്റെ അടിയുടെയും ഇടിയുടെയും പെരുന്നാൾ ചെന്നൈയിലേക്ക് നീളുന്നു.
പ്രേമലു, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ആവേശം, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സമീപകാല മലയാള ചിത്രങ്ങളെപ്പോലെ ടർബോയുടെ കഥയും ഏറിയ പങ്കും കേരളത്തിനു പുറത്താണ്. ക്ലീഷേ വില്ലൻ ഗ്യാങുകളെയും ഗുണ്ടാ പോലീസിനെയും കാണുമ്പോൾ ടർബോ ഒരു തമിഴ് സിനിമയാണോ എന്ന് ഇടയ്ക്ക് സംശയം തോന്നും.
കന്നഡ നടൻ രാജ് ബി ഷെട്ടി, തെലുങ്ക് നടന്മാരായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരാണ് വില്ലന്മാരുടെ വേഷത്തിൽ എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി പോക്കിരി രാജ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വൈശാഖാണ് ടർബോയുടെ സംവിധായകൻ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. 2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
മിഥുൻ മാനുവേൽ തോമസ് രചിച്ച തിരക്കഥയിൽ അദ്ദേഹത്തിൻ്റെ കഥകളിൽ പതിവുള്ള സീരിയൽ കില്ലർമാരൊന്നുമില്ല.കഥ ശരാശരിയാണ്.പുതുമയൊന്നുമില്ല. മമ്മൂട്ടിയുടെ സ്റ്റാർഡം പരമാവധി മുതലാക്കി മാസ്സ് ആക്ഷൻ രംഗങ്ങളൊരുക്കാനാണ് ശ്രമം. അതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു.
ചെന്നൈയിലെ ഒരു കുടുംബത്തിൻ്റെ കൊലപാതകത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.പിന്നീട് ഇടുക്കിക്കാരനായ ടർബോ ജോസ് (മമ്മൂട്ടി ) എന്ന തനി നാട്ടിൻ പുറത്തുകാരൻ്റെ ജീവിതവുമായി ആ സംഭവങ്ങൾ ബന്ധിക്കപ്പെടുന്നു.
ടൂറിസ്റ്റുകളെ ട്രെക്കിംഗിന് കൊണ്ടു പോകുന്നതാണ് നാട്ടുകാർ ജോസേട്ടായി എന്നു വിളിക്കുന്ന ടർബോ ജോസിൻ്റെ പണി. പെരുന്നാൾ തല്ലാണ് ജോസിൻ്റെ പ്രധാന വിനോദം.ജോസേട്ടൻ്റെ ഇടി കാണാൻ മാത്രമായി പെരുന്നാളിനു വരുന്നവരുണ്ട്.അമ്മ റോസക്കുട്ടി ചേടത്തിയോട് ( ബിന്ദു പണിക്കർ ) മാത്രമാണ് അവിവാഹിതനായ ജോസിന് അനുസരണ.ബാക്കിയെല്ലാം അലമ്പ് ലൈനാണ്.
പെരുന്നാളിന് ഗുണ്ടാ ഗ്യാങ്ങിനോട് ഏറ്റുമുട്ടിയ ജോസ് കൂട്ടുകാരൻ ജെറിയുടെ (ശബരീഷ് വർമ്മ ) പ്രേമമാണ് ക്വൊട്ടേഷൻകാരുടെ ലക്ഷ്യമെന്നു കണ്ടെത്തുന്നു. അതിനു പിന്നാലെ പോയ ടർബോ ജോസിൻ്റെ ജീവിതം മാറി മറിയുകയാണ്. അയാൾ ചെന്നൈയിലേക്ക് നാടു വിടുന്നു.
പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം തമിഴ് സിനിമകളിൽ കാണുന്നതു പോലെയാണ്.ഒന്നാം പകുതിയിലെ ട്വിസ്റ്റാടെ ചിത്രം ക്രൈം ത്രില്ലറായി മാറുന്നു.ചെന്നൈയിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് അണിയറയിലിരുന്നു ചരടു വലിക്കുന്ന അജ്ഞാതനായ കിങ്മേക്കർ വെട്രിവേൽ ഷൺമുഖ സുന്ദരം (രാജ് ബി ഷെട്ടി ) എന്ന സൈക്കോയുടെ രംഗപ്രവേശനത്തോടെ ചിത്രം മറ്റൊരു ലെവലിലേക്കു മാറുന്നു.
വൈശാഖിൻ്റെ തന്നെ പുലിമുരുകനിലെ മുരുകന് ഡാഡി ഗിരിജ എന്ന പോലെയാണ് ടർബോ ജോസിന് വെട്രിവേൽ. ആസൂത്രിതമായ ബാങ്ക് കൊള്ളയും എം എൽ എ മാരുടെ കച്ചവടവുമെല്ലാം നടത്തുന്ന വെട്രിവേൽ ടർബോ ജോസിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനാണ്.
എന്നാൽ ടർബോ ജോസിനെ ‘അണ്ടർഎസ്റ്റിമേറ്റ് ‘ ചെയ്ത വെട്രിവേലിന് ജോസിൻ്റെ പ്ലാൻ ബി യ്ക്കു മുന്നിൽ അടിയറവ് പറയേണ്ടി വരുന്നു. ത്രസിപ്പിക്കുന്ന കാർചേയ്സും പുലിമുരുകനിലേതു പോലുള്ള വിയറ്റ്നാം ഫൈറ്റുമൊക്കെയായി ഹൈവോൾട്ടേജിലാണ് രണ്ടാം പകുതി.
രജനികാന്തിൻ്റെ ജയിലറിലെ കോമഡി വേഷത്തെ അനുസ്മരിപ്പിക്കുന്ന കോമഡി വില്ലൻ വേഷവുമായി തെലുങ്ക് നടൻ സുനിലും വെട്രിവേലിൻ്റെ സഹായിയായ വില്ലൻ വിൻസൻ്റായി കബീർ ദുഹാൻ സിങും രണ്ടാം പകുതിയിൽ കളം നിറയുന്നുണ്ട്. വെട്രിവേൽ ചെറിയ മീനായിരുന്നുവെന്നും വലുതെന്തോ വരാനിരിക്കുന്നുവെന്നും സൂചന നൽകി തമിഴ് സൂപ്പർ സ്റ്റാർ വിജയ് സേതുപതിയുടെ വോയ്സ് ഓവറിലാണ് ചിത്രം അവസാനിക്കുന്നത്.
ചിത്രത്തിൻ്റെ തുടക്കത്തിൽ പള്ളിപ്പെരുന്നാളിൻ്റെ പശ്ചാത്തലത്തിൽ ‘മെഗാഷോ ‘ എന്ന് എഴുതിക്കാണിക്കുന്നുണ്ട്.ടർബോ ആദ്യാവസാനം മമ്മൂട്ടി എന്ന മെഗാസ്റ്റാറിൻ്റെ അഴിഞ്ഞാട്ടത്തിനു വേണ്ടി തയ്യാറാക്കിയ സിനിമയാണ്. അഭിനയ പ്രാധാന്യമുള്ള വേഷമൊന്നുമല്ല ടർബോ ജോസ്.മമ്മൂട്ടി ഫാൻസിനെയും ആക്ഷൻ ചിത്രങ്ങളുടെ ആരാധകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്നതാണ് മമ്മൂട്ടിയുടെ ജോസേട്ടായി.
ഇടുക്കിയിലെ ഇൻട്രോയിലും ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തിലുമൊക്കെ കൃത്രിമത്വം മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും ഇതു പോലൊരു ചിത്രത്തിൽ അതൊന്നും പ്രസക്തമല്ല.പ്രധാന വില്ലനായി രാജ് ബി ഷെട്ടി നടത്തിയ പ്രകടനം എടുത്തു പറയണം.പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അജ്ഞന ജയപ്രകാശാണ് നായിക.
നിശ്ചയദാർഢ്യമുള്ള ഇന്ദു എസ് നായർ എന്ന ബാങ്ക് ഓഫീസറുടെ വേഷം അ
ഞ്ജന ഭംഗിയാക്കി. മകനെ വരച്ച വരയിൽ നിർത്തുന്ന റോസക്കുട്ടിയുടെ വേഷം ബിന്ദു പണിക്കരും മികച്ചതാക്കി. ജോണി ആൻ്റണി, മണി ഷൊർണൂർ, കുഞ്ചൻ, ദിലീഷ് പോത്തൻ, അബു സലീം, കോട്ടയം രമേഷ്, പ്രശാന്ത് അലക്സാണ്ടർ, രാഹുൽ രാജഗോപാൽ, തമിഴ് ‘നടൻ നമോ നാരായണൻ, നിഷാന്ത് സാഗർ,നിരജ്ഞന അനൂപ്, ആമിന നിജാം, ശ്രുതി സുരേഷ് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
ആക്ഷൻ രംഗങ്ങൾ വിഷ്ണു ശർമ്മയുടെ ക്യാമറ ഭംഗിയായി പകർത്തി. ആക്ഷൻ രംഗങ്ങളുടെ ഒഴുക്കിനെ ക്രിസ്റ്റോ സേവ്യറിൻ്റെ പശ്ചാത്തല സംഗീതവും നന്നായി സഹായിച്ചിട്ടുണ്ട്. മിഥുൻ മാനുവേൽ തോമസിൻ്റെ തിരക്കഥ ദുർബ്ബലമാണെങ്കിലും മമ്മൂട്ടിയുടെ പ്രകടനവും വൈശാഖിൻ്റെ സംവിധാന മികവും അതിനെ മറികടന്നു.
—————————— —————————— —–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
—————————————————————————–