February 21, 2025 8:03 am

ശശി തരൂരിന് ഇതെന്തു പറ്റി?

“ലോകത്തെ തന്നെ ഏറ്റവും വലിയ വളർച്ചയാണ് കേരളത്തിൽ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റത്തിൽ നടന്നിരിക്കുന്നതത്രേ. അതായത് ലോകത്തെ ശരാശരി വളർച്ചയുടെ (നമ്മളെ കണ്ണ് തള്ളിപ്പിക്കുന്ന ടെക്നോളോജികൾ വികസിപ്പിച്ചെടുക്കുന്ന സ്റ്റാർട്ട് അപ്പുകൾ കൂണ് പോലെ മുളയ്ക്കുന്ന അമേരിക്ക ഉൾപ്പെടെയാണെന്നോർക്കണം) അഞ്ചു മടങ്ങ്. The devil is in the details എന്നാണല്ലോ പറയുക” ശശി തരൂരിന്റെ അഭിപ്രായത്തെ വിശകലനം ചെയ്ത് മുൻ ഐക്യ രാഷ്ട്ര സഭാ ഉദ്യോഗസ്ഥൻ പ്രമോദ് കുമാർ ഫേസ്ബുക്കിൽ എഴുതുന്നു

“മാർക്സിസ്റ്റുകളുടെ പൂർണമായും വഴി തെറ്റിക്കുന്ന തള്ളുകൾ ഏറ്റു തള്ളിക്കൊണ്ടു നടക്കുന്ന നിലവാരത്തിലേയ്ക്ക് തരൂരും എത്തിയോ?…അത്രയും മെച്ചപ്പെട്ട അവസ്ഥയാണ് ഇവിടത്തേതെങ്കിൽ എത്ര ആയിരം കോടിയുടെ പുതിയ IT നിക്ഷേപങ്ങൾ കേരളത്തിൽ വന്നു, മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എത്ര വൻകിട ആഗോള കമ്പനികൾ ഇവിടെ വന്നു? മൊത്തം IT exports എത്രയുണ്ട്?പ്രമോദ് തുടരുന്നു.

 

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-

ഈ ശശി തരൂരിന് ഇതെന്തു പറ്റി? ഈ മാർക്സിസ്റ്റുകളുടെ പൂർണമായും വഴി തെറ്റിക്കുന്ന തള്ളുകൾ ഏറ്റു തള്ളിക്കൊണ്ടു നടക്കുന്ന നിലവാരത്തിലേയ്ക്ക് അദ്ദേഹവും എത്തിയോ? കോൺഗ്രസ്സിനിട്ടു പണി കൊടുക്കുകയാണോ അതോ, എനിക്ക് അങ്ങോട്ട് പോകാൻ മടിയില്ല എന്ന് കോൺഗ്രസ്സ് ഹൈ കമ്മാണ്ടിനെയുൾപ്പെടെ ബോധിപ്പിക്കാനാണോ? ഏതായാലും അനവസരത്തിലുള്ള ഈ തള്ളലുകൾ എന്താണെന്നും യാഥാർഥ്യം എന്താണെന്നും നോക്കാം.
1. ലോകത്തെ തന്നെ ഏറ്റവും വലിയ വളർച്ചയാണ് കേരളത്തിൽ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റത്തിൽ നടന്നിരിക്കുന്നതത്രേ. അതായത് ലോകത്തെ ശരാശരി വളർച്ചയുടെ (നമ്മളെ കണ്ണ് തള്ളിപ്പിക്കുന്ന ടെക്നോളോജികൾ വികസിപ്പിച്ചെടുക്കുന്ന സ്റ്റാർട്ട് അപ്പുകൾ കൂണ് പോലെ മുളയ്ക്കുന്ന അമേരിക്ക ഉൾപ്പെടെയാണെന്നോർക്കണം) അഞ്ചു മടങ്ങ്. The devil is in the details എന്നാണല്ലോ പറയുക. അതു കൊണ്ട് അതിന്റെ ഡീറ്റയിലിലേയ്ക്ക് നോക്കുക – കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ evaluation ഇപ്പോൾ 1.7 ബില്യൺ ഡോളറാണത്രേ (ആണോ, ആയിക്കോട്ടെ), അത് കാണിക്കുന്നത് ഒരു വര്ഷം കൊണ്ട് 254 ശതമാനം വളർച്ചയാണത്രേ. ഇതിലെ ആഗോള ശരാശരി 46 ശതമാനം മാത്രമാവുമ്പോഴാണ് ഈ 254 ശതമാനം.
വൻപലിശയ്‌ക്ക്‌ നിക്ഷേപം സ്വീകരിച്ച് മുങ്ങുന്ന പറ്റിപ്പുകാരുടെ അതെ തന്ത്രം. ഒരു വർഷം ഇങ്ങനെ വളർച്ച ഉണ്ടായെന്നതിന് എന്ത് significance ആണുള്ളത്? Baseline വളരെ ചെറുതായതു കൊണ്ടാണ് ഇങ്ങനെ രണ്ടര ഇരട്ടി വർദ്ധിച്ചത് (വർദ്ധിച്ചെങ്കിൽ), ഇനി വരുന്ന വർഷങ്ങളിലും ഇങ്ങനെ ഉണ്ടാവുമെന്നാണോ? ഇതൊന്നും കണ്ടു നിക്ഷേപകർ വരില്ല, പക്ഷെ ആളുകളെ പറ്റിക്കാം.
അതും ലോക ശരാശരിയുടെ അഞ്ചു മടങ്ങാണത്രെ, ഇങ്ങനെയുമുണ്ടോ തള്ളൽ.
2. ഈ 254 ശതമാനം വളർന്നിട്ടും 1.7 ബില്യൺ മാത്രമാണല്ലോ മൊത്തം valuation? തമിഴ് നാട്ടിൻറെത് എത്രയെന്നറിയാമോ? 27 ബില്യൺ! ബാംഗ്ളൂരിന്റെത്? 72 ബില്യൺ! മദ്രാസ് ഐഐടിയിലെ സ്റ്റാർട്ട് ആപ്പുകളുടെ valuation മാത്രം അഞ്ചു ബില്യൺ അടുപ്പിച്ചു വരും. അപ്പോഴാണ് ഈ കണ്ണിൽപ്പൊടിയിടുന്ന പരിപാടി!
അപ്പോൾ എന്താണ് ശരിക്കുമുള്ള സ്റ്റോറി? സാങ്കേതികമായി മുൻപന്തിയിൽ നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ തുശ്ചമായ valuation ഉള്ള ഒരു സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റത്തെ ലോകത്തെ തന്നെ ഏറ്റവും മികച്ചതായി കാണിക്കണം. ഇതൊന്നും കണ്ടിട്ടാവില്ല ഇൻവെസ്റ്റർസ് വരുക, അപ്പോൾ ഇതൊക്കെ ആരെ കാണിക്കാനാണ്? അതിനെക്കുറിച്ചൊന്നും വലിയ പിടിപാടില്ലാത്ത പൊതു ജനങ്ങളെ. ഇതിന്റെ പേരാണ് പ്രോപഗണ്ട!
ലോകത്ത് ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണല്ലോ outcome evaluate ചെയ്യുക എന്നത്? ഇങ്ങനെ 254 ശതമാനം വളർന്ന സ്റ്റാർട്ട് ആപ്പ് ഇക്കോസിസ്റ്റത്തിൽ എത്ര ലക്ഷം പേർക്ക് ജോലി കിട്ടി? അത്രയും മെച്ചപ്പെട്ട അവസ്ഥയാണ് ഇവിടത്തേതെങ്കിൽ എത്ര ആയിരം കോടിയുടെ പുതിയ IT നിക്ഷേപങ്ങൾ കേരളത്തിൽ വന്നു, മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എത്ര വൻകിട ആഗോള കമ്പനികൾ ഇവിടെ വന്നു? മൊത്തം IT exports എത്രയുണ്ട്?
എന്റെ തരൂരെ കഷ്ടമായിപ്പോയി, സ്വന്തം പാർട്ടിക്കിട്ട് പാര പണിയുമ്പോൾ ഈ കണക്കുകളൊക്കെ ഒന്ന് പരിശോധിക്കണമായിരുന്നു.
Hyperbole മലയാളക്കരയുടെ ഒരു ശാപമാണ്. എന്തിനെയും ഊതിപ്പെരുപ്പിച്ചു പറയുക. സ്കൂൾ പിള്ളേരുടെ എ+ മുതൽ തുടങ്ങി “ലാലേട്ട”നാണ് ലോകം കണ്ട ഏറ്റവും വലിയ നടൻ എന്നത് വരെയുള്ള ഈ ബഡായി. ബഡായി അടിച്ചടിച്ച് അതിന്റെ ഇരകളായി മാറിയതു കാരണമാണ് ദിവസവും ആയിരക്കണക്കിന് മലയാളികൾ പറ്റിക്കപ്പെടുന്നത്. നമ്മളുടെ പുളു നമ്മൾ തന്നെ വിശ്വസിക്കാൻ തുടങ്ങും. ഹിന്ദിക്കാർ പറയുന്ന പോലെ “കുച്ച് ഭീ”! എന്ത് പറഞ്ഞും ആളുകളെ പറ്റിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News