സ്വർണ കടത്ത് : ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ

In Featured, Special Story
May 30, 2024

 

ദില്ലി :  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന്  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എന്നാല്‍, വിമാനത്താവള സഹായങ്ങള്‍ക്കായി പാര്‍ട്ട് ടൈം സേവനം നല്‍കുന്ന മുന്‍ സ്റ്റാഫ് അംഗമാണ് പിടിയിലായതെന്നാണ് തരൂര്‍ നല്‍കുന്ന വിശദീകരണം. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി തരൂര്‍ .  സംഭവമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്ന് വ്യക്തമാക്കിയ തരൂര്‍ ആരോപിക്കപ്പെടുന്ന ഇപ്പോഴത്തെ തെറ്റിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും നിയമനടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.

‘ധരംശാലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എയര്‍പോര്‍ട്ട് ഫെസിലിറ്റേഷന്‍ സഹായത്തിന്റെ കാര്യത്തില്‍ എനിക്ക് പാര്‍ട്ട് ടൈം സേവനം നല്‍കുന്ന എന്റെ മുന്‍ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടത്, ഇതറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി. സ്ഥിരമായി ഡയാലിസിസിന് വിധേയനാകുന്ന 72 വയസ്സുള്ള, റിട്ടയര്‍മെന്റില്‍ കഴിയുന്ന അദ്ദേഹത്തിനുമേല്‍ ആരോപിച്ചിട്ടുള്ള തെറ്റ് ഒരിക്കലും അംഗീകരിക്കാനാകില്ല. വിഷയം അന്വേഷിക്കുകയും നടപടികളെടുക്കുകയും ചെയ്യുന്ന അധികാരികളുടെ ശ്രമങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകണം’, തരൂര്‍ പറഞ്ഞു.