April 12, 2025 7:25 pm

അൽഖായിദയുടെ പിടിയിൽ സിറിയ; പ്രസിഡണ്ട് കയറിയ വിമാനം തകർന്നു ?

ദമാസ്ക്കസ്: സിറിയയിൽ ഭരണ നിയന്ത്രണം ഹയാത്ത് തഹ്‌രീർ അൽ ഷംസ് എന്ന ഈ സായുധ സംഘത്തിന്റെ കയ്യിലായി. ഒരു കാലത്ത് അൽഖായിദ ഭീകരൻ ആയിരുന്ന അബു മുഹമ്മദ് അൽ ജുലാനിയാണ് ഇതിൻ്റെ തലവൻ. ദീർഘകാലം അൽഖായിദയുടെ ഉപവിഭാഗമായി പ്രവർത്തിച്ച സായുധ സംഘം ഭരണം പിടിച്ചതോടെ സിറിയയുടെ ഭാവി എന്തെന്ന ആശങ്ക ശക്തമായി

74 ശതമാനം സുന്നി മുസ്ലിംകളും 13 ശതമാനം ഷിയാക്കളും പത്തു ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യമാണ് സിറിയ.ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ വൻശക്തി രാജ്യങ്ങൾ ഈ പ്രശ്‌നത്തിൽ ഉടൻ ഇടപെടാൻ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണു അമേരിക്കയുടെ പ്രതികരണം. വിഷയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല എന്ന് നിയുക്ത പ്രസിഡന്റ് ഡോണാൾഡ്‌ ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായി സംശയം ഉയർന്നിട്ടുണ്ട്. വിമതർ ദമാസ്കസ് നഗരം പിടിച്ചടക്കിയതോടെ ഇവിടെ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ഇല്ല്യുഷിൻ II 76T വിമാനമാണ് ദമാസ്കസിൽ നിന്ന് പറന്നുയർന്നു തീരദേശ മേഖലയിലേക്ക് പോയശേഷം പിന്നീട് ഇവിടെ നിന്ന് വഴി തിരിച്ച് എതിർദിശയിലേക്ക് പറന്നത്. എന്നാൽ പൊടുന്നനെ വിമാനം റഡാറിൽ നിന്ന് പുറത്തുപോയി.

വിമാനം തകർന്നു എന്ന കാര്യം പോലും സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ അസദ് ഉണ്ടായിരിക്കാനുള്ള വിദൂര സാധ്യതകൾ പറയപ്പെടുന്നുണ്ട്. വിമതർ രാജ്യം കയ്യടക്കുമ്പോഴൊക്കെയും രാജ്യത്ത് തുടർന്ന ബാഷർ അൽ അസദ് താൻ എങ്ങോട്ടേക്കും പലായനം ചെയ്യാനില്ല എന്നായിരുന്നു പ്രഖ്യാപിച്ചത്. സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളിൽ വച്ചാണ് വിമാനം കാണാതായിരിക്കുന്നത്.ആക്രമണത്തിൽ വിമാനം തകർന്നതാണോ എന്നുപോലും വ്യക്തമല്ല.

സിറിയയിലെ ഔദ്യോഗിക സർക്കാരിലെ ഉന്നതർ വാർത്ത ഏജൻസിയായ റോയിറ്റേഴ്‌സിന് നൽകിയ പ്രതികരണത്തിൽ, ബാഷർ അൽ അസദ് ഈ വിമാനത്തിൽ ഉണ്ടായിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചു എന്നും രാജ്യം സ്വതന്ത്രം ആയെന്നും വിമതർ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു.

സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.

ദേശീയ ടെലിവിഷനും റേഡിയോയും വിമതരുടെ നിയന്ത്രണത്തിൽ ആയി. പ്രസിഡന്റിന്റെ കൊട്ടാരവും വിമതർ കയ്യേറി. വിമതരുടെ ഭരണത്തോട് സഹകരിക്കാൻ താൻ തയാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പ്രഖ്യാപിച്ചു.

അസദ് ഭരണം അവസാനിച്ചതോടെ സിറിയയുടെ ഇരുണ്ട കാലം അവസാനിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ഹാഡി അൽ ബഹ്റയുടെയും പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News