January 7, 2025 6:32 am

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിച്ചാൽ 94,651 രൂപ പിഴ

ബേൺ: മുഖം മുഴുവനായി മൂടുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം വസ്ത്രം ധരിച്ചാല്‍ 94,651 രൂപയാണ് പിഴ.

ദേശീയ സുരക്ഷ മുതൽ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബുര്‍ഖ നിരോധനം നടപ്പാക്കുന്നത്.2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്. നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്.

രാജ്യത്തെ മുസ്ലിം സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു.വിമാനങ്ങൾ, നയതന്ത്ര മേഖലകൾ, ആരാധനാലയങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ, പൊതുസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മുഖം മറക്കേണ്ട ആവശ്യമുണ്ടായാൽ അനുമതി നൽകും

ബുര്‍ഖ കൂടുതലായി ധരിക്കുന്നത് മുസ്ലീം സ്ത്രീകളാണെന്നതിനാല്‍ നിയമം ഇസ്ലാം വിരുദ്ധമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒരിടത്തും ഇതില്‍ മതം കാണേണ്ടതില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മറുവശത്തും തുടരുന്നു.

പൊതുസ്ഥലങ്ങളിൽ മൂക്ക്, വായ, കണ്ണുകള്‍ മുതലായവ മറയുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് നിയമം വിലക്കിയിരിക്കുന്നത്. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കായി മാസ്‌കുകളും മറ്റും ധരിക്കുന്നത് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആരാധനാലയങ്ങളില്‍ ആചാരത്തിന്റെ ഭാഗമായോ സിനിമാ, സീരിയല്‍, പരസ്യ ഷൂട്ടിങ്ങുകളിലോ പെര്‍ഫോമന്‍സുകളിലോ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. സുരക്ഷാ കാരണങ്ങളാലും സ്വകാര്യത സംരക്ഷിക്കാനും മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കാവുന്നതാണെന്നും നിയമത്തില്‍ പറയുന്നു.

ഇത്തരമൊരു ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് വലതുപക്ഷ പാര്‍ട്ടിയായ എസ്വിപിയാണ്. തീവ്രവാദത്തെ അകറ്റിനിര്‍ത്തൂ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

എന്നാല്‍ പൗരന്മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് സര്‍ക്കാരിന് നിഷ്‌കര്‍ഷിക്കാനാകില്ലെന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പിന്നീട് 2023 സെപ്തംബറിലാണ് സ്വിസ് പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്. 2024ല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും 2025 ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിൽ വന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News