ജനനേന്ദ്രിയം മുറിച്ച കേസിൽ ആദ്യ കുറ്റപത്രം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം  പെൺകുട്ടി  മുറിച്ച കേസിൽ,ഏഴ് വർഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗക്കേസിൽ  സ്വാമിക്കെതിരായ കുററപത്രം ആണിത്.

സ്വാമിക്കെതിരെ ബലാത്സംഗത്തിനും മുറിച്ച പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം  മുറിച്ചതിനുമായി ക്രൈംബ്രാഞ്ച് രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെയുള്ള കേസിലെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും.

തിരുവന്തപുരം പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പീഡന ശ്രമം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. ഉപദ്രവം ചെറുക്കാനാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

2017 -മെയ് 19-ന് പുലർച്ചെയാണ് ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്.പേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളിൽ വിശ്വസിച്ചിരുന്നു.

പൂജ ചെയ്യാൻ എത്തിയ ഗംഗേശാനന്ദ 23 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥം പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

സ്വാമിക്കെതിരെ മൊഴി നൽകിയ പെൺകുട്ടി പിന്നീട് മൊഴി മാറ്റി. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സ്വാമിയുടെ മുൻ അനുയായിയും തന്റെ സുഹൃത്തുമായ അയ്യപ്പദാസിന്റെ പ്രേരണ കാരണമാണ് ജനനേന്ദ്രിയം മുറിച്ചത് എന്നായിരുന്നു മാറ്റിയ മൊഴി.പരാതിക്കാരി ആദ്യ മൊഴി തിരുത്തിയെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.