ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്തംബർ 17 ന് 74 തികയും. 2025 ൽ 75 -)ം പിറന്നാൾ ആഘോഷിക്കുന്ന മോദി അധികാരം ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കപ്പെടുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യൻ സ്വാമി.
‘ആർ.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി, തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബർ 17-ന് വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിൽ, മറ്റ് വഴികളിലൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര നഷ്ടപ്പെടും.’ സ്വാമി എക്‌സിൽ കുറിച്ചു.
നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ സ്വാമി കഴിഞ്ഞയാഴ്ച ജി ഡി പിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജി ഡി പി വളർച്ചയെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നാണ് അദ്ദേഹം ആരോപിച്ചത്.
75 വയസായാൽ വിരമിക്കണമെന്നാണ് ബി.ജെ.പിയിലെ അലിഖിത നയം. 2014ൽ മോദി അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കിയ നയമാണിത്. 2014-ലെ തെരഞ്ഞെടുപ്പിൽ പല മുതിർന്ന നേതാക്കൾക്കും സീറ്റ് കിട്ടിയിരുന്നില്ല.
എൽ.കെ. അഡ്വാനിയും സുമിത്ര മഹാജനും ആനന്ദി ബെന്നും മുരളി മനോഹർ ജോഷി വരെ ഈ മാനദണ്ഡപ്രകാരം മാറി. ഈ പ്രായത്തിനു മുകളിലുള്ളവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടെന്നും ഭരണഘടനാപദവി കൈകാര്യം ചെയ്യേണ്ടതില്ലെന്നുമുള്ളത് പാർട്ടി നയമായി സ്വീകരിച്ചിട്ടുണ്ടെന്ന് അമിത്ഷാ നേരത്തെ പരസ്യമായി സമ്മതിച്ചിരുന്നു.