സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ നേരില്‍കാണും

In Featured
September 23, 2023

കൊച്ചി : പുതിയ പദവിനല്‍കിയത് നാടുകടത്താനാണെന്ന വികാരത്തില്‍ സുരേഷ് ഗോപി. ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞാലുടന്‍ സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ നേരില്‍കാണും. അതേസമയം സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

തൃശ്ശൂര്‍ മുഴുവനായെടുത്തില്ലെങ്കിലും കുറെയൊക്കെ ഏറ്റെടുക്കാന്‍ അന്ന് സുരേഷ് ഗോപിക്ക് കഴി‍ഞ്ഞു. രണ്ടുലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടുനേടിയ അദ്ദേഹം വോട്ടുശതമാനം 2014 തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയതിനെക്കള്‍ മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ചു. 2014 ല്‍ കെ.പി. ശ്രീശന് കിട്ടിയത് 8.05 % വോട്ടായിരുന്നു. അതിന് മുമ്പ് രമ രഘുനന്ദന് 4.66%.

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തന്നെയാകും ബിജെപി സ്ഥാനാര്‍ഥിയെന്ന സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എഫ് ബി പോസ്റ്റിലൂടെ സൂചന നല്‍കിയെങ്കിലും ഒരുവിഭാഗം തന്നെ നാടുകടത്താന്‍ ശ്രമിക്കുന്നുവെന്ന വികാരം സുരേഷ് ഗോപിക്കുണ്ട്. അതിന്റെ ഭാഗമായാണ് കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതെന്ന് അദ്ദേഹം കരുതുന്നു.

ഈ പദവി ഏറ്റെടുത്താലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തടസിമില്ലെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി നേരിയ വോട്ടുവ്യത്യാസത്തിലാണ് മൂന്നാമതായത്.സുരേഷിന് 31.30 ശതമാനം വോട്ടുകിട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ പത്മജ വേണുഗോപാലിന് 33.22 ശതമാനം വോട്ടായിരുന്നു കിട്ടിയത്. 2016 ല്‍ ബി. ഗോപാലകൃഷ്ണന് ഇവിടെ 19.46 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ കുറെക്കാലമായി സുരേഷി ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയുമാണ്.

 ബിജെപി കേന്ദ്രനേതൃത്വത്തോട് തന്റെ വികാരങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താനാണ് താരത്തിന്റെ ശ്രമം.