മന്ത്രി സ്ഥാനം പോയാലും……….

Suresh gopi

കൊച്ചി: ‘സിനിമയിൽ അഭിനയിക്കാതെ പറ്റില്ല, ഇല്ലെങ്കില്‍ ചത്തുപോകും.സിനിമ ചെയ്യാന്‍ ഞാന്‍ കേന്ദ്ര മന്ത്രി അമിത് ഷായോട് അനുവാദം ചോദിച്ചിട്ടുണ്ട്. അതല്ല, മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു’.- കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഒറ്റക്കൊമ്പന്‍’ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനാണ് ശ്രമം.

ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താന്‍ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ട് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘സിനിമയില്‍ മാത്രം അല്ല. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം.’- സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപി നായകനായി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ ഒറ്റക്കൊമ്പനാണ് ഏറ്റവും പ്രധാനപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ സംഘത്തിൽ അദ്ദേഹം ആറാം തീയതിയോട് കൂടി ചേരുമെന്നാണ് കരുതുന്നത്.

മാത്യൂസ് തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണിത്. 2020ല്‍ പ്രഖ്യാപിച്ച ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങുകയായിരുന്നു. പ്രഥ്വിരാജ് നായകനായ ‘കടുവ’ എന്ന സിനിമയുമായി ഒറ്റക്കൊമ്പനു സമാനതകള്‍ ഉണ്ടാകുന്നു എന്നതായിരുന്നു പ്രധാന ആരോപണം.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ചിത്രം, മമ്മുട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയെ കാത്തിരിക്കുന്നത്.