ക്ഷത്രിയൻ
കെ.പി.ഉമ്മറിനെ പേടിച്ച് ബാലൻ കെ നായരുടെ വീട്ടിൽ കയറിയ വനിതയെപ്പോലെ ആണിപ്പോൾ കേരളത്തിലെ മാപ്രകൾ.
കാരണഭൂതനിൽ നിന്നും കേട്ട ‘കടക്ക് പുറത്ത്’ ഓർത്ത് ഇടയ്ക്ക് വല്ലപ്പോഴും ഉറക്കം ഞെട്ടിയുണരുമെങ്കിലും അതിൻറെ ഹാങ്ങോവർ പതുക്കെ മാറിവരികയായിരുന്നു.
അപ്പോഴാണ് സുരേഷ് ഗോപിയണ്ണൻ വക ആക്രോശം. കടക്ക് പുറത്ത് എന്ന് പറഞ്ഞതല്ലാതെ കേരള മുഖ്യൻ ആരുടെയും മുഖത്ത് വിരൽ ചൂണ്ടിയിരുന്നില്ല.
ഗോപിയണ്ണൻ വിരൽ ചൂണ്ടിയെന്ന് മാത്രമല്ല, തീക്ഷ്ണമായി നോക്കിപ്പേടിപ്പിക്കുകയും ചെയ്തു.
പോളണ്ടിനെക്കുറിച്ച് ഒന്നും ചോദിക്കരുതെന്ന സിനിമാ ഡയലോഗ് മാത്രമേ മാപ്രകൾക്ക് അറിയാമായിരുന്നുള്ളൂ. ജബൽപൂരിനെക്കുറിച്ച് ഒന്നും ചോദിക്കരുതെന്ന് അവരാരും ജേണലിസം ക്ലാസുകളിൽനിന്ന് പോലും പഠിച്ചിട്ടുമില്ല.
തലേദിവസം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിൽനിന്ന് ആവശ്യത്തിലേറെ വാങ്ങിക്കെട്ടിയാണ് സുരേഷ് ഗോപിയണ്ണൻ നെടുമ്പാശേരിക്ക് വിമാനം കയറിയത്. വിമാനത്തിൽ അൽപം മയങ്ങാനൊരുങ്ങിയെങ്കിലും കണ്ണടക്കുമ്പോഴൊക്കെ ബ്രിട്ടാസ് വന്ന് മുന്നിൽ നിൽക്കുന്നത് പോലയായിരുന്നു.
രാജ്യസഭാ അംഗമാണെങ്കിലും ബ്രിട്ടാസിൻ്റെ ത്രാസിൽ പത്രപ്രവർത്തകൻ എന്നതിനാണ് മുന്തിയ സ്ഥാനം. അതുകൊണ്ടാണ് അണ്ണൻ്റെ രോഷം പത്രക്കാർക്കെതിരെ നുരഞ്ഞുപൊങ്ങിയതെന്ന് കരുതുന്നവരുണ്ട്.
അല്ലങ്കിലും ഈ മാപ്രകൾക്ക് അങ്ങനെ തന്നെ വേണം. കാലം മാറിയതൊന്നും അറിയാതെയുള്ള കവാത്താണ് മാപ്രകളുടേത്.
ഇ.എം.എസിനെപ്പോലെ, അച്യത മേനോനെപ്പോലെ, കെ.കരുണാകരനെപ്പോലെ, എ.കെ.ആൻറണിയെപ്പോലെ, സി.എച്ച്.മുഹമ്മദ് കോയയെപ്പോലെ, ഇ.കെ.നായനാരെപ്പോലെ, വി.എസ്.അച്യുതാനന്ദനെപ്പോലെ വെറുമൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയനുമെന്ന് കരുതിപ്പെരുമാറിയതാണ് ‘കടക്ക് പുറത്ത്’ കിട്ടാനുണ്ടായ കാരണം.
നോക്കിപ്പേടിപ്പിച്ചുവെന്നതിന് പുറമെ ആരാണ് മാധ്യമമെന്നും ചോദിച്ചിട്ടുണ്ട് ഗോപിയണ്ണൻ. കേന്ദ്രത്തിലെ അരമന്ത്രിക്ക് പോലും മനസിലാകാത്തവരാണ് വർത്തമാനകാല മാധ്യമപ്രവർത്തകർ എന്ന് വരികിൽ എവിടെയോ എന്തോ കാര്യമായ പിശകുണ്ട്. അത് മന്ത്രിയുടേതാണോ മാപ്രകളുടേതാണോ എന്നൊന്നും നിർവചിക്കാൻ വയ്യ.
മലയാളിയായ പള്ളീലച്ചൻ അക്രമിക്കപ്പെട്ട സംഭവമാണ് ജബൽപൂരിലേത്. വഖഫിൻ്റെ ബലത്തിൽ മുനമ്പത്ത് വിത്തിറക്കാൻ വരുന്ന മലയാളിയായ കേന്ദ്രമന്ത്രിയോട് മലയാളികളായ പത്രക്കാർ അതേക്കുറിച്ച് ചോദിക്കുന്നത് സ്വാഭാവികം. അതിനാണ് ഗോപിയണ്ണൻ അങ്കക്കലി പൂണ്ടത്.
സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ വന്നതാണ് ഗോപിയണ്ണൻ. കഥാപാത്രമായി അലിഞ്ഞുചേർന്ന് അഭിനയിക്കുന്ന അഭിനേതാക്കൾ സിനിമയുടെ ചിത്രീകരണം പൂർത്തിയായാലും കഥാപാത്രത്തിൽനിന്നും ഇറങ്ങിവരാൻ ഏറെ കാലമെടുക്കുമത്രെ. മോഹൻ ലാലിനെക്കുറിച്ചൊക്കെ അങ്ങനെ വർത്തമാനമുണ്ട്.
എന്നുവച്ച് പതിറ്റാണ്ടുകൾ മുൻപത്തെ സിനിമയിലെ കഥാപാത്രമായി ഇപ്പോഴും ജീവിക്കുമെന്ന അവസ്ഥ എവിടെയും ആർക്കും അനുഭവമില്ല. സുരേഷ് അണ്ണൻ പത്രക്കാരോട് ഉറഞ്ഞാടിയത് ‘ഭരത് ചന്ദ്രൻ ഐ.പി.എസ്’ ആയിട്ടാണെന്നാണ് ഒരുവശം. അതായത് അണ്ണൻ കാവിക്കൊടി പിടിക്കാൻ ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്ത കാലത്ത് പുറത്തിറങ്ങിയതാണ് ഭരത്ചന്ദ്രൻ ഐ.പി.എസ്.
ആ കഥാപാത്രം അഭിനേതാവിൻറെ ശരീരത്തിൽനിന്ന് ഇപ്പോഴും ഇറങ്ങിപ്പോയിട്ടില്ലെങ്കിൽ കാര്യമായ എന്തോ കുഴപ്പമുണ്ട്. നാഗവല്ലിയായാണ് അണ്ണൻ പ്രത്യക്ഷപ്പെട്ടതെന്ന അഭിപ്രായക്കാരുമൂണ്ട്. അതാണെങ്കിൽ അണ്ണൻ അഭിനയിച്ച കഥാപാത്രവുമല്ല. മറ്റ് കഥാപാത്രങ്ങളും ഇങ്ങനെ തടിമാറി ആവാഹിക്കുമെന്നാണെങ്കിൽ കോംപ്ലിക്കേഷൻ വർധിക്കുന്നേയുള്ളൂ.
മനുഷ്യരെ സംബന്ധിച്ചെടുത്തോളം ഒഴിവാക്കാൻ പാടില്ലാത്ത ചില സംഗതികളിൽ ആഹാരം ഉൾപ്പെടും. ചിലർക്ക് ചില മരുന്നുകളും ഒഴിവാക്കാൻ പാടില്ലാത്തതാണ്. അറിയാതെയെങ്ങാനും മുടങ്ങിപ്പോയാൽ അനന്തരഫലം പ്രവചിക്കാനാകില്ല.
തലേദിവസം തട്ടിക്കയറിയ അണ്ണൻ അടുത്ത ദിവസം താനിറങ്ങുന്ന വഴിയിൽ പത്രക്കാരുണ്ടാകരുതെന്ന നിർദേശവും നൽകിയത്രെ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നടമാടിയിരുന്ന കാലത്ത് വഴിയിൽ താഴ്ന്ന ജാതിക്കാരില്ലെന്ന് ഉറപ്പുവരുത്താൻ നാട്ടുമൂപ്പന്മാർ കിങ്കരന്മാരെ പറഞ്ഞയക്കുമായിരുന്നു. അതുപോലെയാണിപ്പോൾ പത്രക്കാരെ കൺവെട്ടത്ത് കണ്ടുപോകരുതെന്ന ഗോപിയണ്ണൻ്റെ ആജ്ഞ.
പത്രക്കാരുടെ തോളിൽ കയ്യിട്ട് കുശലം പറഞ്ഞിരുന്ന കെ.ജി.മാരാരും പത്രക്കാരോട് സ്നേഹത്തോടെ പെരുമാറുന്ന ഒ രാജഗോപാലുമൊക്കെ നയിച്ച പാർട്ടിയുടെ മന്ത്രിയാണ് ഗോപിയണ്ണനുമെന്ന് മനസിലാക്കുമ്പോഴാണ് മനസിലൊരുതരം കിരുകിരുപ്പ്… ഷിറ്റ് !!!!!!!!