ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും
വഖഫ് ബോർഡുകൾ പരിഷ്കരിക്കാനുള്ള ബില്ലിൽ , വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ശുപാർശയുണ്ട്. ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും. നിലവിൽ വഖഫ് ബോർഡുകളിലോ സംസ്ഥാന, കേന്ദ്ര കൗൺസിലുകളിലോ സ്ത്രീകൾക്ക് അംഗത്വമില്ല.
പള്ളികളുടെയും ഇസ്‌ലാമിക മത സ്ഥാപനങ്ങളുടെയും നടത്തിപ്പടക്കമുള്ള കാര്യങ്ങളാണ് വഖഫ് ബോർഡിൻ്റെ ചുമതല. വഖഫ് ബോർഡ് നിയമത്തിൽ 40 ഭേദഗതികൾക്ക് വെള്ളിയാഴ്ച്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി മത നേതൃത്വത്തിലെ ഒരു വിഭാഗവുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തി. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ബിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ലോക്സഭാംഗങ്ങൾക്കിടയിൽ ബില്ലിന്റെ പകർപ്പ് വിതരണം ചെയ്തു.
ബിൽ പാസായാൽ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിനു കീഴിലുള്ളത്.
യു പി എ സര്ക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാർ ലക്ഷ്യം. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. നിലവിലെ നിയമം അനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു.
ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങള്‍ പുതിയ നിയമം വന്നാല്‍ നഷ്ടമാകും. 2013ല്‍ യു പി എ സര്ക്കാരിന്റെ കാലത്ത് വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. വഖഫ് ബോര്‍ഡിന് ലഭിച്ച അധിക അവകാശങ്ങള്‍ പുതിയ ഭേദഗതികളോടെ ഇല്ലാതാവും.
വഖഫ് ബോര്‍ഡ് ഏതെങ്കിലും ഭൂമിയില്‍ അധികാരം ഉന്നയിച്ചാല്‍ അത് അനുവദിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും പരിശോധനകളുണ്ടാകും.ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വഖഫ് വസ്തുക്കളുടെ മേല്‍ നിരീക്ഷണ അധികാരം.
വഖഫിന്‍റെ സ്വത്തുക്കള്‍ രജിസ്ട്രര്‍ ചെയ്യാനായി പോര്‍ട്ടല്‍ നിലവില്‍ വരും. റവന്യൂ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ക്കായി ഡേറ്റാ ബേസും സജ്ജമാക്കും. വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും നിര്‍ണ്ണായകമായമാറ്റങ്ങള്‍ വരും.
11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കും. 2 പേര്‍ മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, എംപി, എംഎല്‍എ അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോർഡിലുണ്ടാകണമെന്നുമാണ് നിര്‍ദ്ദേശം. മുസ്‌ലിംങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു.
ദാനമായും, അല്ലാതെയും ലഭിച്ച സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും, നടത്തിപ്പിനുമുള്ള പൂര്‍ണ്ണാധികാരവും വഖഫ് ബോര്‍ഡുകൾക്ക് നല്‍കുന്ന 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്.
നിലവില്‍ 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത് വകകളാണ് വഖഫ് ബോര്‍ഡുകളുടെ കീഴിലുള്ളത്. സൈന്യവും, റെയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ ആസ്തിയുള്ളത് വഖഫ് ബോര്‍ഡുകള്‍ക്കാണ്.
വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഹരിയാന, ജാർഖണ്ഡ്, കശ്മീർ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചാണ് ഈ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നത്. ധ്രുവീകരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കുററപ്പെടുത്തി