കൊച്ചി : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ പേയാട് എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പ്രചാരണ യോഗത്തിൽ പ്രസംഗത്തിനിടെ സുഭാഷിണി അലി മലയാളത്തിൽ നടത്തിയ പരാമർശം സദസ്സിനെ ചിരിപ്പിച്ചു .‘പത്മജ പോയി, അനിൽ ആന്റണി പോയി…’ ‘മുരളീധരൻ ഈസ് വെയ്റ്റിങ്, സുധാകരൻ ഈസ് വെയ്റ്റിങ്… ഓൺ യുവർ മാർക്ക്…’ എന്നു കൂടി സുഭാഷിണികൂട്ടിച്ചേർത്തു .
പത്മജ കോൺഗ്രസ് വിട്ടതിനെക്കുറിച്ച് ഒരു മാസം മുൻപു കൊല്ലത്തു വൃന്ദ കാരാട്ട് നടത്തിയ പ്രസംഗം ‘പത്മജ പോയി’ എന്നു ലളിതമായി പരിഭാഷപ്പെടുത്തിയ സിപിഎം കൊല്ലം ഏരിയ കമ്മിറ്റിയംഗം കെ.പി.സജിനാഥിനു കയ്യടി ലഭിച്ചിരുന്നു. അതേസമയം, ഇന്നലെ തന്റെ പ്രസംഗത്തിന്റെ പരിഭാഷയോടു സുഭാഷിണി അലിക്കു വലിയ മതിപ്പുണ്ടായില്ല.
‘ഭരണഘടനയ്ക്കു പകരം ബിജെപി മനുസ്മൃതി പ്രതിഷ്ഠിക്കുന്നു, മതനിരപേക്ഷ ഭരണഘടന മാറ്റിയെഴുതുന്നു, എൽഡിഎഫ് സർക്കാർ സാമൂഹിക ക്ഷേമ പെൻഷൻ കൊടുക്കുന്നു, അയോധ്യയിൽ മോദിയുടെ വലിയ പടവും ശ്രീരാമന്റെ ചെറിയ പ്രതിമയും സ്ഥാപിച്ചു’ എന്നിങ്ങനെ പ്രസംഗത്തിന്റെ പല ഭാഗത്തു പറഞ്ഞ കാര്യങ്ങളാണു പരിഭാഷകൻ വിട്ടുകളഞ്ഞത്.
ഒടുവിൽ ഇവയിൽ ചിലതു സുഭാഷിണി തന്നെ മലയാളത്തിൽ പറഞ്ഞു. ‘മനസ്സിലായോ’ എന്ന ചോദ്യത്തിന് ‘ഉവ്വെ’ന്നു സദസ്സ് തലകുലുക്കി. കേരളത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന 18 എംപിമാർക്കും ഡൽഹിയിൽ ശബ്ദമുണ്ടായിരുന്നില്ലെന്നും അവരവിടെ പായസവും ബിരിയാണിയും കഴിച്ചു നടക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.