തിരുവനന്തപുരം: ബലാൽസംഗക്കേസിൽ സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം.
തിരുവനന്തപുരത്തെ മസ്ക്കററ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അവർ പറയുന്നു.സിദ്ധിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു ഈ ലൈംഗിക അതിക്രമക്കേസ്.2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം ഹോട്ടലില്‍ വിളിച്ചുവരുത്തി, പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.
101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്‍ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു.
ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീന് കറിയും തൈരുമാണ് നടൻ കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബില്ലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു.