അലഹബാദ് : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് ഷാഹി ഈദ്ഗാഹിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി.
സർവേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബർ 18ന് കോടതി വീണ്ടും കേൾക്കും. സർവേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അന്ന് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേയ്ക്ക് അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച അപേക്ഷ അലഹബാദ് ഹൈക്കോടതി അംഗീകരിച്ചതായി ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ വാദങ്ങൾ കോടതി തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഷാഹി ഈദ്ഗാ മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ട്. യഥാർത്ഥ സ്ഥാനം അറിയാൻ, ഒരു അഭിഭാഷക കമ്മീഷണർ ആവശ്യമാണ്. ഇത് കോടതിയുടെ സുപ്രധാന വിധിയാണ്,” ജെയിൻ പറഞ്ഞു.
മുഗൾ ചക്രവർത്തി ഔറംഗസീബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ 13.37 ഏക്കറിൽ ക്ഷേത്രം തകർത്താണ് ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തർക്കത്തിലുള്ള ഭൂമി ശ്രീകൃഷ്ണ വിരാജ്മാനിൽ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന ഹർജികൾക്കൊപ്പം 17-ഓളം ഹർജികൾ ഹൈക്കോടതിയിൽ തീർപ്പാക്കുന്നുണ്ട്.