ഓഹരികൾ ഇടിഞ്ഞു; നിക്ഷേപർക്ക് നഷ്ടം 53,000 കോടി

മുംബൈ: രാഷ്ടീയ, സാമ്പത്തിക രംഗങ്ങളിൽ വിവാദം ഉയർത്തിയ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ തകര്‍ന്ന് അദാനി ഓഹരികള്‍. നിക്ഷേപകര്‍ക്ക് 53,000 കോടി രൂപ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്.

എഴു ശതമാനം വരെ ഇടിവാണ് അദാനി ഗ്രൂപ്പിൻ്റെ കമ്പനി ഓഹരികൾ നേരിട്ടത്. 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാല്‍ 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിൻ്റെ ആദ്യ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമുണ്ടായ ഇടിവിനോളം എത്തിയില്ല.

വരും ദിവസങ്ങളില്‍ ഹിൻഡൻബർഗിൻ്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടില്‍ സെബി അന്വേഷണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളും അദാനി നിക്ഷേപകർ നിരീക്ഷിക്കും. ഈ വിഷയത്തിൽ ഏകദേശം 24 കാര്യങ്ങളാണ് സെബി പരിശോധിക്കുന്നത്. അതില്‍ ചില കാര്യങ്ങളിലെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

ഹ്രസ്വകാലത്തേക്ക് അദാനി ഓഹരികളിലും വിപണിയിലും റിപ്പോർട്ട് ചില സ്വാധീനം ചെലുത്താമെങ്കിലും അവ പിന്നീട് മുകളിലേക്ക് ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

സെബി ചെയർ പേഴ്സണ്‍ മാധബി പുരി ബുച്ചിനും, അവരുടെ ഭർത്താവ് ധവല്‍ ബുച്ചിനും ഹിൻഡൻബർഗിന്റെ പുതിയ കഥയിലെ കഥാപാത്രങ്ങൾ.അദാനി ഗ്രൂപ്പ് നടത്തിയ പണമിടപാട് അഴിമതിയിൽപ്പെട്ട പണം ഉപയോഗിച്ച് അവർ രണ്ട് അവ്യക്തമായ ഓഫ്ഷോർ സ്ഥാപനങ്ങളില്‍ ഓഹരി എദുത്തു എന്നാണ് ഹിഡൻബർഗിൻ്റെ ആരോപണം.

അവിശുദ്ധ ബന്ധം അദാനിക്കെതിരേയുള്ള അന്വേഷണത്തെ ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാല്‍ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് അദാനി ഗ്രൂപ്പും മാധബ് പുരി ബുച്ചും.