മഹാസമരം എങ്ങിനെയാണ് രണ്ടാം ദിവസം കണ്ണടച്ച് തുറക്കും മുമ്പ് അവസാനിച്ചത്

In Featured, Special Story
May 21, 2024
കൊച്ചി :സ്വതന്ത്രകേരളം കണ്ട ഏറ്റവും വലിയ മഹാസമരം എങ്ങിനെയാണ് രണ്ടാം ദിവസം കണ്ണടച്ച് തുറക്കും മുമ്പ് അവസാനിപ്പിച്ചതെന്നത് ഇപ്പോഴും പ്രഹേളികയാണ്. മഹാ ജനക്കൂട്ടം സ്വയം പ്രഖ്യാപിച്ചു പിരിഞ്ഞതല്ലല്ലോ?.മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു .
“സെക്രട്ടറിയറ്റ് വളഞ്ഞുവെച്ച ചരിത്രം സൃഷ്ടിച്ച സമരം നടത്തേണ്ടിവന്നത് “വി എസ് അച്യുതാന്ദന്റെ പിടിവാശി കാരണമാണെന്ന്” ചെറിയാൻ ഫിലിപ്പ് ചാനലിൽ ആക്രോശിക്കുമ്പോൾ റാസ്‌പുട്ടിന്റെ പ്രലോഭനത്തിന് വഴങ്ങിയുള്ള ഒപ്പാര് വിളിയാണതെന്ന് ആർക്കാണ് മനസിലാകാത്തത്.
രാജികൊണ്ടേ സമര രംഗത്തു നിന്ന് പിൻവാങ്ങൂ എന്ന നിശ്ചയദാർഢ്യമുള്ള പ്രഖ്യാപനത്തോടെ, സ്വതന്ത്രകേരളം കണ്ട ഏറ്റവും വലിയ മഹാസമരം എങ്ങിനെയാണ് രണ്ടാം ദിവസം കണ്ണടച്ച് തുറക്കും മുമ്പ് അവസാനിപ്പിച്ചതെന്നത് ഇപ്പോഴും പ്രഹേളികയാണ്. മഹാ ജനക്കൂട്ടം സ്വയം പ്രഖ്യാപിച്ചു പിരിഞ്ഞതല്ലല്ലോ?. രഹസ്യകേന്ദ്രത്തിൽ നിഗൂഢമായി ഉണ്ടാക്കിയ ഒത്തുതീർപ്പായിരുന്നു അതെന്നതിൽ തർക്കമുണ്ടാകില്ല..ജി ശക്തിധരൻ തുടരുന്നു .
============================================================================================
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
============================================================================================
പാർട്ടിയിൽ മണിച്ചനും വന്നു; ചെറിയാൻ ഫിലിപ്പും വന്നു
ലപോലെ വന്ന സോളാർ വിവാദം എലിപോലെ പോയത് സ്വാഭാവികമാണ്. ഒത്തുകളി രാഷ്ട്രീയത്തിന്റെ അടഞ്ഞ വാതിലുകൾ തുറക്കാൻ എളുപ്പമല്ല. മുഖ്യമന്ത്രിയുടെ രാജികൊണ്ടേ സമര രംഗത്തു നിന്ന് പിൻവാങ്ങൂ എന്ന നിശ്ചയദാർഢ്യമുള്ള പ്രഖ്യാപനത്തോടെ, സ്വതന്ത്രകേരളം കണ്ട ഏറ്റവും വലിയ മഹാസമരം എങ്ങിനെയാണ് രണ്ടാം ദിവസം കണ്ണടച്ച് തുറക്കും മുമ്പ് അവസാനിപ്പിച്ചതെന്നത് ഇപ്പോഴും പ്രഹേളികയാണ്. മഹാ ജനക്കൂട്ടം സ്വയം പ്രഖ്യാപിച്ചു പിരിഞ്ഞതല്ലല്ലോ?.
രഹസ്യകേന്ദ്രത്തിൽ നിഗൂഢമായി ഉണ്ടാക്കിയ ഒത്തുതീർപ്പായിരുന്നു അതെന്നതിൽ തർക്കമുണ്ടാകില്ല.. ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ചചെയ്ത് തീരുമാനിച്ചതായിരുന്നില്ല അത്.
തലസ്ഥാനഗരം ഒന്നരദിവസം ശ്വാസം വിടാനാകാതെ ഞെരിപിരി കൊണ്ട അത്യുഗ്രസമരം ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌ പോലെ അവസാനിച്ചത് എങ്ങിനെയെന്ന് ഏതെങ്കിലും മാധ്യമം ചിന്തിച്ചിട്ടുണ്ടോ? അപ്രിയ സത്യങ്ങൾ ആർക്കും ഇഷ്ടമില്ലല്ലോ ..
അടിയന്തിരാവസ്ഥയിലെ ക്രൂരതകൾ പിൽക്കാലത്ത് പുറത്തുവന്നത് പോലെ ഇവിടെയും ഒരു നാൾ സത്യം മറനീക്കപ്പെടാം.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഈ ഉപരോധത്തിന് മുമ്പും പിമ്പുമെന്ന കാലഗണന വെച്ച് ഏതെങ്കിലും ധിഷണാശാലിയായ മാധ്യമ പ്രവർത്തകനോ /മാധ്യമപ്രവർത്തകയോ ആഭ്യന്തര വകുപ്പിൽ ചില ഫയലുകൾ പരതിയാൽ കണ്ടെത്താവുന്നതേയുള്ളൂ ആ സത്യം. അതിനുള്ള ആർജ്ജവം ഉണ്ടാകണമെന്ന് മാത്രം. ഉമ്മൻ‌ചാണ്ടി സ്ഥാനം ഒഴിയുംവരെ ഒച്ചിഴയും വേഗത്തിൽ നീങ്ങിയ ആ ഫയലുകൾ എന്തുകൊണ്ട് മന്ത്രിസഭാ മാറ്റത്തോടെ ശീഘ്ര വേഗത്തിൽ പരിശോധനയ്ക്കു വിളിപ്പിക്കപ്പെട്ടു എന്നത് വേണ്ടുവോളം സൂചന നൽകുന്നുണ്ട്. എന്തായാലും പുലരാത്ത ഒരു രാവുമില്ലല്ലോ?
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് എനിക്ക് എഴുതാനുള്ളത്. സെക്രട്ടറിയറ്റ് വളഞ്ഞുവെച്ച ചരിത്രം സൃഷ്ടിച്ച സമരം നടത്തേണ്ടിവന്നത് “വി എസ് അച്യുതാന്ദന്റെ പിടിവാശി കാരണമാണെന്ന്” ചെറിയാൻ ഫിലിപ്പ് ചാനലിൽ ആക്രോശിക്കുമ്പോൾ റാസ്‌പുട്ടിന്റെ പ്രലോഭനത്തിന് വഴങ്ങിയുള്ള ഒപ്പാര് വിളിയാണതെന്ന് ആർക്കാണ് മനസിലാകാത്തത്.
ചെറിയാൻ ഫിലിപ്പ് എന്താ സിപിഎം പോളിറ്റ് ബ്യുറോ അംഗമായിരുന്നോ? ഇങ്ങിനെയൊരു “പിടിവാശി”യെക്കുറിച്ചു ഏതെങ്കിലും ഒരു നേതാവ് കഴിഞ്ഞ 11 വർഷത്തിനുള്ളിൽ എവിടെയെങ്കിലും പറഞ്ഞു കേട്ടോ ? എവിടെനിന്നാണ് ഇയാൾക്ക് ഈ വിവരം കിട്ടിയത്?
വി എസ്സിനെ പ്പോലെ രാഷ്ട്രീയത്തിനതീതമായി കേരളം ആദരിക്കുന്ന,ശയ്യാവാലമ്പിയായ ഒരു നേതാവിനെക്കുറിച്ചു ഇയാളെപ്പോലെ തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ ഭിക്ഷാംദേഹി എന്തും വിളിച്ചു പറയാമോ? പിണറായി വിജയൻറെ ഇന്ദിരാഭവനിലെ ഏജന്റാണോ ഇയാൾ?
ഇങ്ങിനെ ഒരു പഴി വിഎസ്സിന്റെ മേൽ കെട്ടിവെക്കുന്നത് കൊണ്ട് കോൺഗ്രസ്സിന് എന്താ നേട്ടം? മുഖ്യമന്ത്രി പിണറായി വിജയനുള്ള വിടുവേലയാണെങ്കിൽ ഈ മാലിന്യത്തെ അറബിക്കടലിൽ കൊണ്ട് കളയണ്ടേ സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതുപോലുള്ള അഞ്ചാം പത്തികളെ കൊണ്ടാണ് കോൺഗ്രസിന്റെ ഗ്രാഫ് താഴോട്ട് പോയത്.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഉമ്മൻചാണ്ടിയെ കുടുക്കാൻ കെണി ഒരുക്കുന്ന ഗൂഢാലോചനയിൽ ‘റാസ്‌പുട്ടിൻ’ അഹോരാത്രം പണി എടുത്തപ്പോൾ ഏതെങ്കിലും സദാചാരസംഹിതയുടെ പേരിലാണോ അതിന് തോളോട് തോൾ ചേർന്ന് നിന്ന് ചെറിയാൻ ഫിലിപ്പ് മനഃസാക്ഷിയില്ലാതെ കൂട്ടുനിന്നത്. അപ്പോഴും അതേ മാന്യന്റെ പാതിരാ കോളുകൾ സരിതയുടെ ഫോണിൽ എത്രയോ കിടപ്പുണ്ട് . അതൊന്നും മാധ്യമങ്ങളിൽ വരാതെ ഒതുക്കിയതിന്റെ നന്ദി, ആരോടാണ് പറയേണ്ടത്? അതാണ് ഏറ്റവും വലിയ ഐറണി!
സോളാർ കേസ് എന്നത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചതിയാണ്. രാഷ്ട്രീയ പകമൂത്തപ്പോൾ ഒരു മുഖ്യമന്ത്രി എതിരാളിയെ ഇല്ലായ്മചെയ്യാൻ ഉപയോഗിച്ച വിഷസൂചിയാണിത്. തീയില്ലാതെ പുകയുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ തീപോയിട്ട് ഒരു ചെറിയ തീപ്പൊരിയുടെ നിഴലിന്റെ നിഴൽ പോലും ഇല്ലാതിരുന്നിടത്ത് ഇതാ തീക്കുണ്ഡം എന്ന് മുറവിളി കൂട്ടിയത് , ദൈവത്തിൽ മാത്രം വിശ്വസിച്ച ഒരു വയോധികൻ അനുഭവിച്ച മനോവ്യഥക്ക് ആർ സമാധാനം പറയും? ആ തീക്കുണ്ഡത്തിൽ എണ്ണ പകർന്നുകൊടുത്ത നൃശംസനാണ് ചെറിയാൻ ഫിലിപ്പ് .
ആരാണ് ചെറിയാൻ ഫിലിപ്പ്? വ്യക്തിഹത്യ രാഷ്ട്രീയം കൊണ്ടും , , തേജോവധ രാഷ്ട്രീയം കൊണ്ടും ഉപജാപങ്ങളിൽ അഭിരമിക്കുന്ന കേരളത്തിലെ മറ്റൊരു ‘റാസ്‌പുട്ടിൻ’. കെ കരുണാകരനായിരുന്നു ഇയാളുടെ വ്യക്തിഹത്യയ്ക്കു ദശാബ്ദങ്ങളോളം ഇര.
കൗമാരം വിട്ടപ്പോൾ തന്നെ എ കെ ആന്റണിയെ ഉമ്മവെച്ചു നടന്നവൻ തലയെടുപ്പായപ്പോൾ കൊടുവാൾ കൊണ്ട് അദ്ദേഹത്തെയും വെട്ടി.
അതിനിടെ മാർക്‌സും ഏംഗൽസും പൂർത്തിയാക്കാത്ത മൂലധനത്തിന്റെ തുടർ വാള്യങ്ങൾ ഏറ്റെടുത്ത് മാർക്സിസം കാലോചിതമാക്കാമെന്ന വാഗ്‌ദാനവുമായി എ കെ ജി സെന്ററിന്റെ പടികയറി . കിടപ്പുറപ്പിച്ചു. എ കെ ജി സെന്ററിൽ അഭയം കിട്ടിയപ്പോൾ അവിടെ കണ്ടവരെല്ലാം അപ്സരസുകൾ ആയിരുന്നു. ഇപ്പോൾ ഇന്ദിരാ ഭവനിൽ അവരെയെല്ലാം അവതരിപ്പിക്കുന്നത് കുലടകളായിട്ടാണ്. ഒന്നാംതരം ഉദരംഭരി. ലക്ഷണമൊത്ത മിർജാഫർ മാരാണ് ഇരു ‘റാസ്‌പുട്ടി’നുകളും. .ഇന്ത്യൻ മണ്ണിൽ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ച മിർജാഫറെ ഓർമ്മയില്ലേ? ജന്മനാടിനെ ഒറ്റുകൊടുത്തവൻ! .
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഏതാ ഈ എ കെ ജി സെന്റർ എന്ന് ഈ വേതാളം തിരിച്ചറിയാതെ പോയതാണോ ?
എ കെ ജി സെന്റർ നിർമ്മിക്കാൻ നൽകിയ ഭൂമിയുടെ എലുകയുടെ പേരിൽ ഒറ്റയാൾ പട്ടാളമായി എത്ര കാലമാണ് അതിന്മേൽ കിടന്ന് വിരകിയത്. എന്നിട്ട് എന്തുണ്ടായി? ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഈ ക്ഷുദ്രപ്രവർത്തനത്തിന് ഒപ്പം നിന്നോ? പൊളിക്കേണ്ടിവന്നത് എ കെ ജി സെന്റർ അല്ല. ഇയാളുടെ ദുഷിച്ച മനക്കോട്ടയാണ്. ഭൂമി അളന്നു നൽകിയതിൽ പിശകുണ്ടാകാം എങ്കിൽ പോലും ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹാമേരുവിനെ അതിന്റെ പേരിൽ അധിക്ഷേപിച്ചുകൂടെന്ന പ്രബുദ്ധത കോൺഗ്രസ്സ് നേതാക്കൾക്കുണ്ടായി. അതാണവരുടെ മഹത്വം. അത് ഈ ഉദരംഭരിക്കുണ്ടായില്ല.
മാത്രമല്ല ദില്ലിയിൽ കണ്ണായ സ്ഥലത്ത് എ കെ ജി യുടെ പേരിൽ മറ്റൊരു സ്മാരകം ഉയർത്താനും കോൺഗ്രസ് സഹായിച്ചു. തിരുവനന്തപുരത്തെ എ കെ ജി സെന്റർ പൊളിപ്പിക്കാൻ ഇയാൾ സമരം നടത്തുമ്പോൾ ആണ് അന്നത്തെ രാജ്യസഭാ എം പി കെ മോഹനൻ ഒരു ശപഥം പോലെ ഭഗീരഥ പ്രയന്തം നടത്തി മന്ത്രി ഭൂട്ടാസിംഗിനെ വിടാതെ പിടിച്ചു ദില്ലിയിൽ അതിനുള്ള ഭൂമിയും മറ്റ് നടപടികളും തുടങ്ങിവച്ചത്. കെ മോഹനൻ അന്ന് കാണിച്ച ശുഷ്‌ക്കാന്തിയിൽ ആവേശഭരിതനായി പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് ഒരിക്കൽ എന്നോട് പറഞ്ഞത്, കേരളത്തിൽ അരമണിക്കൂർ നീണ്ട് നിൽക്കുന്ന ഒരു വാർത്താ ചാനൽ നമുക്ക് തുടങ്ങണമെന്നും അതിന്റെ ചുമതല കെ മോഹനന് നൽകണമെന്നും. അത് സുർജിത്തിന്റെ സ്വപ്നമായിരുന്നു. .
ഇത് മണത്തറിഞ്ഞ പിണറായി വിജയൻ ഇത് അട്ടിമറിച്ചു. എടുപിടിയായി ഒരുകോടി രൂപ മുസ്ലിം ലീഗ് കാരനായ വ്യവസായിയിൽ നിന്ന് വാങ്ങി .
മദ്യ വാറ്റ് കച്ചവടക്കാരൻ മണിച്ചൻ അടക്കമുള്ളവരിൽ നിന്ന് ശതകോടികൾ കിട്ടിയപാടെ പാർട്ടിയുടെ അധഃപതനം തുടങ്ങി. അങ്ങിനെയാണ് എ കെ ജി സെന്റർ കുഴിച്ചുമൂടാൻ നിന്ന ചെറിയാൻ ഫിലിപ്പുമാർക്ക് കൈരളി അഭയമായത് .പാർട്ടിയിൽ മണിച്ചനും വന്നു ചെറിയാൻ ഫിലിപ്പും വന്നു. അതാണ് അതിന്റെ മെറ്റഫോർ ഫോസിസ് .അതേക്കുറിച്ചു കൂടുതൽ എഴുതുന്നില്ല.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. പക്ഷെ മറ്റൊരു പാർട്ടിയുടെ ശയ്യാവലംബിയായ സ്ഥാപക നേതാവിനെക്കുറിച്ചു കോൺഗ്രസ്സിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഒരാൾ സിപിഎമ്മിലെ ‘റാസ്‌പുട്ടിന്റെ’ പ്രലോഭനത്തിന് വഴങ്ങി ” വി എസ്സിന്റെ പിടി വാശികാരണമാണ് ” സോളാർ വിഷയത്തിൽ സെക്രട്ടറിയറ്റ് വളയൽ സമരം നടത്തിയതെന്ന് ഉദ്‌ഘോഷിച്ചാൽ കോൺഗ്രസ് മൗനം ഭജിക്കുകയാണോ ചെയ്യേണ്ടത്?
എല്ലാ ഉപജാപകങ്ങൾക്കും കൂട്ടുനിന്ന് വെറും ചണ്ടിയായപ്പോൾ പബ്ലിസിറ്റി ക്കുവേണ്ടി കണ്ണുനട്ടിരിക്കുന്ന ഈ വൈതാളികനെ കോൺഗ്രസ് എന്തിന് പേറണം. ? പിണറായി വിജയൻറെ ചാരൻ ചെയ്യേണ്ട പണി ഇന്ദിരാഭവനിലിരുന്ന് എന്തിനാ ഇയാൾ എടുക്കുന്നത്? ജനാധിപത്യത്തിൽ റാസ്‌പുട്ടിൻ മാരുടെ മാമാപ്പണി എന്തിന് കോൺഗ്രസ് അനുവദിക്കണം.
നെഹ്രുവിനെ അധിക്ഷേപിച്ചു ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കമ്മ്യുണിസ്റ്റുകാർ മൗനം ദീക്ഷിച്ചിട്ടുണ്ടോ അതോ ചുട്ടമറുപടി കൊടുത്തിട്ടുണ്ടോ? കോൺഗ്രസ്സ് പിരിച്ചുവിടണമെന്നും താൻ കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്നും ഗാന്ധിജി മനോവിഷമത്താൽ പ്രഖ്യാപിച്ചപ്പോൾ അരുത് ,അരുത് എന്ന് ഉച്ചത്തിൽ പറഞ്ഞവരാണ് അക്കാലത്തെ കമ്മ്യുണിസ്റ്റുകാർ . ഇപ്പോൾ ഇവിടെ ഒരു ഈനാം പേച്ചി ഇങ്ങിനെയും!
മാധ്യമപ്രവർത്തകർ രാഷ്ട്രീയ വിഷയങ്ങളിൽ താൽപ്പര്യം കാണിക്കുന്നതും സന്ദർഭോചിതമായി ഇടപെടുന്നതും പുതിയകാര്യമൊന്നുമല്ല. പലപ്പോഴും അവർ പല ചരിത്രസംഭവങ്ങൾക്കും നിമിത്തമാകാറുണ്ട്. സിപിഎം രൂപം കൊള്ളാനുള്ള നിമിത്തം പോലും പ്രസിദ്ധ മാധ്യമപ്രവർത്തകനായ നന്ദി പുരാവസ്തു രേഖാ ശേഖരത്തിൽ നിന്ന് കണ്ടെത്തിയ ഒരു കത്തിൽ നിന്നാണ്. ഓരോ മാധ്യമപ്രവർത്തകനും അത്തരത്തിൽ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടാകാം.പക്ഷെ ഒരു കമ്മ്യുണിസ്റ്റ് പത്രപ്രവർത്തകൻ അത്തരം സന്ദർഭങ്ങളിൽ അനുവർത്തിക്കുന്ന ചില സംഘടനാ രീതിയുണ്ട്. അതൊന്നും കൂടാതെ ഒന്നോ രണ്ടോ പത്രപ്രവർത്തകർ തമ്മിൽ ഉപജാപം നടത്തി നിമിഷം നേരം കൊണ്ട് ഒരു മഹാസമരത്തിന് പരിസമാപ്തി ഉണ്ടാക്കി എന്ന് വരുത്തി തീർക്കുന്നത് പാർട്ടിയെ ബഡായി ബംഗ്ളാവ് ആക്കുന്നതിനു തുല്യമാണ്.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
വി എസ് പിടിവാശി കാണിച്ചത് കൊണ്ടാണ് ഈ ഉപരോധം തന്നെ ഉണ്ടായതെന്ന് ചെറിയാൻ ഫിലിപ്പ് പെരും നുണയെഴുതി ‘റാസ്‌പുട്ടിനെ’ സുഖിപ്പിക്കുമ്പോൾ എത്ര കഠിനമായി ആഴ്ചകളോളം അധ്വാനിച്ചിട്ടാണ് ലക്ഷക്കണക്കിന് ആളുകളെ തലസ്ഥാനത്തു അണിനിരത്തിയതെന്ന സത്യം വിസ്മരിക്കുകയാണ്.
വിഎസ് എന്താ ടാർസൺ ആണോ? സമരം പിൻവലിക്കുന്ന തീരുമാനത്തിലേക്ക് നീങ്ങുന്ന സന്ദർഭത്തിന്റെ പിരിമുറുക്കം ടെലിവിഷൻ ദൃശ്യങ്ങൾ ചുരുളഴിച്ചാൽ കൂടുതൽ ബോധ്യമാകും. . ആംഗ്യ ഭാഷയിലായിരുന്നു പല പ്രമുഖരുടേയും ആശയവിനിമയം. ഈ വിവരം പിണറായി വിജയൻ നേരിട്ട് വിഎസിനോട് പറഞ്ഞിരുന്നില്ല എന്നതാണ് പരമസത്യം. അത് നിർവ്വഹിച്ചത് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു .ഞാൻ കൂടുതൽ എഴുതേണ്ടതില്ലല്ലോ ..