ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ആലുവ സി എം ആർ എൽ മാസപ്പടി കേസിൽ രണ്ടാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സത്യവാങ്മൂലം നല്‍കി.
അന്വേഷണത്തിനെതിരായ സി എം ആർ എൽ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം.സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വീണ ഉള്‍പ്പെടെ 20 പേരുടെ മൊഴിയെടുത്തു. സി എം ആർ എൽ എം ഡി:ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടേയും മൊഴി രേഖപ്പെടുത്തി. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും.
സിഎംആർഎല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇൻ്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആർഎല്ലിന്റെ ഹര്‍ജി.
ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്നതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.