കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീളുന്നു. ഒന്നാംപ്രതിയും കൊള്ളപ്പലിശക്കാരനുമായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴി. കരുവന്നൂരില്‍നിന്ന് തട്ടിയെടുത്ത കോടികള്‍ സതീഷ്കുമാര്‍ ബഹ്റൈനില്‍ സഹോദരന്‍ ശ്രീജിത്ത്, വസന്തകുമാരി എന്നിവരുടെ ബിസിനസില്‍ നിക്ഷേപം നടത്തിയെന്നുമാണ് മൊഴിയില്‍ പറയുന്നു.
തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നു ഇഡി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.
കരുവന്നൂരിന് പുറമെ സതീഷ്കുമാര്‍ സിപിഎം നിയന്ത്രണത്തിലുള്ള അയ്യന്തോള്‍ സഹകരണബാങ്കിലും കള്ളപ്പണം വെളുപ്പിച്ചതായും പത്ത് വര്‍ഷം കൊണ്ട് 40 കോടി രൂപ വെളുപ്പിച്ചെന്നും ഇഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു.തന്റെയും കുടംബാംഗങ്ങളുടെയും പേരിലെടുത്ത അഞ്ച് അക്കൗണ്ടുകളിലൂടെയാണ് സതീഷ്കുമാര്‍ ഈ ഇടപാടുകള്‍ നടത്തിയത്. വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.