കൊച്ചി:”അന്തസ്സ് ഒരു ചെറിയ വാക്കല്ല. ഭംഗിയുള്ള ഒരു കുപ്പായമാണ്.അതിന് വ്യക്തിയെക്കാൾ വലിപ്പം ഉണ്ടായിരുക്കുമ്പോൾ മാത്രമേ അതിണങ്ങൂ. ‘അച്ഛൻ മൂന്നു യുദ്ധങ്ങൾ നടത്തിയാൽ’ കിട്ടുന്ന ഒന്നല്ലത്. .പാക്കിസ്ഥാനിൽ പോകാൻ ആഗ്രഹിക്കുന്നവരെ ടയർ കത്തിച്ച് കഴുത്തിലിടണം”എന്നു പറഞ്ഞ അതേ നാവുകൊണ്ടാണ് പാണക്കാട്ടിരുന്ന് ബിരിയാണിയും ‘പഴയ ആ ഛർദ്ദിലും’ ഒന്നിച്ചു തിന്നത്.
”
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ചു എഴുത്തുകാരനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ചു എഴുത്തുകാരനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.
“ജീവിച്ചിരിക്കുന്നവരിൽ എൻ.കെ. പ്രേമചന്ദ്രൻ, കടന്നപ്പള്ളി ഉൾപ്പെടെ ഇനിയും എത്രയോ ഉദാഹരണങ്ങളുണ്ട്.മരിച്ചവരിലും ഉണ്ട് ഏറെ. ഇവരൊന്നും ഏറ്റ അവഗണനകൾ,അധിക്ഷേപങ്ങൾ വ്യക്തിഹത്യകൾ ഒന്നും ഒരിക്കലും ഏറ്റിട്ടില്ല അയാൾക്ക്. എട്ടുവർഷത്തെ ‘അധരവ്യായാമ’മാണ് അയാളുടെ ആകെ അധ്വാനം. അയാൾ വരുമ്പോൾ കൊടി കെട്ടിയാൽ കൈ വെട്ടിമാറ്റപ്പെടുന്ന ഇടങ്ങളൊന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.”ആര്യാലാൽ തുടരുന്നു.
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
കേരളത്തെയാകെ ഉലച്ച പാർട്ടി മാറ്റമായിരുന്നു എം.വി.രാഘവൻ്റേത്. മാറും മുന്നേയും മാറിക്കഴിഞ്ഞും പാർട്ടി രാഘവനെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തു. ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ എന്നൊക്കെ വിളിക്കപ്പെടുന്ന നിയമസഭയിൽ രാഘവൻ്റെ ഉടുമുണ്ടുരിഞ്ഞു. വധശ്രമങ്ങളും വെടിവെയ്പ്പും നടന്നു.
രക്തസാക്ഷികൾ ഉണ്ടായി.കുരങ്ങും പാമ്പും പോലും പാർട്ടിപ്പകയിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ല. രാഘവൻ പാർട്ടി വിട്ടുപോയി. അയാൾ ഇ. എം. എസിനെ വിമർശിച്ചു. കൂടെ നിന്നു ചതിച്ചു എന്നു വിശ്വസിച്ച സർവ്വരെയും വിമർശിച്ചു, ആക്ഷേപിച്ചു. പക്ഷെ ഒരിക്കൽ പോലും വിശ്വസിച്ച ആശയത്തെ തള്ളിപ്പറഞ്ഞില്ല. ഇറക്കിവിടപ്പെട്ടിട്ടും രാഘവൻ്റെ പാർട്ടി ‘കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി’യായിരുന്നു. വിശ്വസിച്ച ആദർശത്തെ ഉറങ്ങിയുണരുമ്പോൾ കുലുക്കുഴിഞ്ഞു തുപ്പിക്കളയും പോലെ കളയാൻ രാഘവന് കഴിഞ്ഞില്ല.
മരിച്ചപ്പോഴും, ശരിതെറ്റുകൾ എന്തുമാകട്ടെ രാഘവൻ കമ്മ്യൂണിസ്റ്റായിരുന്നു.പക്ഷെ ഒരിടത്തും ഒരിക്കലും മൂന്നു യുദ്ധം നടത്തിയ അഭിമാനിയായ അച്ഛൻ്റെ മകനാണ് താൻ എന്ന് അയാൾ ആത്മാഭിമാനത്തിൻ്റെ വീമ്പു പറഞ്ഞില്ല. പ്രവൃത്തി കണ്ട ജനമാണ് അയാൾക്ക് ‘ഒരു തന്തയേ ഉണ്ടാവൂ’ എന്ന് ഉറപ്പിച്ചത്.
കെ.ആർ. ഗൗരിയും ഇങ്ങനെയൊക്കെത്തന്നെയാണ്. “ചോത്തി ഗൗരി” എന്ന വംശീയാക്ഷേപവും ഒറ്റപ്പെടുത്തലും അവസര നിഷേധവും അവരെ പ്രകോപിപ്പിച്ചു. പാർട്ടി വിട്ടുപോയ താൻപോരിമയാർന്ന ഗൗരിയമ്മ വ്യക്തികളെ, നേതൃത്വത്തെ നിശിതമായി വിമർശിച്ചു. ഇ എം.എസും നായനാരും അവരുടെ നാവിൻ്റെ ചൂടറിഞ്ഞു. മുൻപു വിളിച്ച മുദ്രാവാക്യങ്ങളെയോ ആദർശത്തെയോ അവർ മരിക്കും വരെ തള്ളിപ്പറഞ്ഞില്ല. ‘കളത്തിൽ പറമ്പിൽ രാമൻ’ മൂന്നു യുദ്ധം നടത്തിയതുകൊണ്ടല്ല ഗൗരി ഗൗരിയമ്മയായി ജീവിച്ചു മരിച്ചത്. ജനിതക ഗുണങ്ങളുള്ള അവരൊരു ധീരയായിരുന്നു !
“മദാമ്മ”യെന്നും “അലൂമിനിയം പട്ടേൽ” എന്നുമൊക്കെ വിളിച്ചെങ്കിലും കെ. കരുണാകരനും മകനുംപോലും കോൺഗ്രസ് സംസ്കാരത്തെ പുച്ഛിച്ചില്ല. ആദർശാടിത്തറയുടെ ശക്തമായ പ്രേരണകൊണ്ടൊന്നും ആയിരിക്കില്ലത്. നന്ദി പൂർവ്വമായ ചില ഓർമ്മകൾ കരുണാകരനെ അതിൽ നിന്നും വിലക്കിയിരിക്കണം. കെ. കരുണാകരൻ മരിക്കുമ്പോൾ ചതിയനായല്ല ചതിക്കപ്പെട്ടവനായി കാലം അടയാളപ്പെടുത്തി വച്ചത് അതുകൊണ്ടാണ്.
ജീവിച്ചിരിക്കുന്നവരിൽ എൻ.കെ. പ്രേമചന്ദ്രൻ, കടന്നപ്പള്ളി ഉൾപ്പെടെ ഇനിയും എത്രയോ ഉദാഹരണങ്ങളുണ്ട്.മരിച്ചവരിലും ഉണ്ട് ഏറെ. ഇവരൊന്നും ഏറ്റ അവഗണനകൾ,അധിക്ഷേപങ്ങൾ വ്യക്തിഹത്യകൾ ഒന്നും ഒരിക്കലും ഏറ്റിട്ടില്ല അയാൾക്ക്. എട്ടുവർഷത്തെ ‘അധരവ്യായാമ’മാണ് അയാളുടെ ആകെ അധ്വാനം. അയാൾ വരുമ്പോൾ കൊടി കെട്ടിയാൽ കൈ വെട്ടിമാറ്റപ്പെടുന്ന ഇടങ്ങളൊന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. പണമില്ലായ്മയും പട്ടിണിയും കെട്ടിവച്ച കാശ് നിത്യ നഷ്ടമായിത്തീരുന്ന തെരഞ്ഞെടുപ്പുകളും അവസാനിച്ചു തുടങ്ങിയിരുന്നു.ചാനൽ ചർച്ചകളിൽ വീറോടെ വാശിയോടെ അതിലേറെ അഭിമാനത്തോടെ പറയാൻ പലതും ചെയ്തൊരു ഭരണകൂടമുണ്ടായിരുന്നു. ഉച്ചത്തിൽ പറഞ്ഞാൽ മെച്ചത്തിലാവുന്ന കാലമായിരുന്നു സന്ദീപ് വാരിയരുടെ കാലം.
അയാൾ ഒരു നല്ല ഉച്ചഭാഷിണിയായിരുന്നു. പരിപാടിയുടെ മുഴുവൻ ചെലവും കൂലിയായി വേണം എന്നാഗ്രഹിച്ച ഒരു ഉച്ചഭാഷിണി . അത്യാഗ്രഹങ്ങളാൽ അടയാളപ്പെടുത്തപ്പെടുത്തപ്പെട്ട മറ്റൊരു മണ്ടൻ മാത്രമേ അയാൾക്കു തുല്യം കഥകളിൽ പോലുമുള്ളൂ! ‘പൊൻമുട്ടയിടുന്ന താറാവിനെക്കൊന്ന’ മറ്റൊരു മണ്ടനാണത്. അയാളുടെ രാഷ്ട്രീയ നീക്കങ്ങളെല്ലാം ധൃതി കൂടി സ്വയംകൃതാനർത്ഥങ്ങളായ വിഡ്ഢിത്തരങ്ങളാണ്. ഇതാണ് സന്ദീപെങ്കിൽ അയാളെ ഭയക്കാൻ ഒന്നുമില്ല,ആശ്വസിക്കാൻ ഏറെയുണ്ട് താനും!
നുണയനും സ്ഥൈര്യമില്ലാത്തവനും ജളനുമായ ഒരുവന് നിമിഷങ്ങളിലെ പ്രഭയും ആയുസ്സുമേയുള്ളൂ. അയാളെക്കാൾ മുറ്റിയ ജളൻമാരുള്ളതുകൊണ്ട് അല്പായുസ്സായ ‘ഫാൻസ് ക്ലബു’കൾക്ക് അതുമതിയാകും. ഇവിടെയും അങ്ങനെയാണതുണ്ടാവുന്നത്. രാഷ്ട്രീയം ദീർഘദർശനത്തിൻ്റെ കല കൂടിയാണ്. അവിടെ നിലനിൽക്കാൻ ജളത്വ പരകോടിയിലെത്തിയ ‘സെൽഫി കാർഡുകൾ’ പോരാ. സന്ദീപിനെ എതിർക്കുന്നത് അയാളുടെ തന്നെ അത്യാഗ്രഹവും സ്ഥിരതയില്ലായ്മയും ജളത്വവും പിന്നെ നാവും തന്നെയായിരിക്കും. കാലം സാക്ഷി പറയാൻ കാത്തു നിൽക്കുന്നുണ്ട്.
മൂന്നു യുദ്ധം ജയിച്ച ഒരച്ഛനെക്കുറിച്ചയാൾ വീമ്പു പറയുന്നു. ‘അച്ഛൻ്റെ യുദ്ധങ്ങൾ’ പാണക്കാട് അംഗീകരിക്കുമോ? എന്നതാണ് ഇനി കാര്യം! ” വദനമപി കരചരണങ്ങളല്ല ശൗര്യാസ്പദം വാനരന്മാർക്ക് വാല്മേൽ ശൗര്യമാകുന്നു” എന്നാണല്ലോ! വാനരൻമാർക്ക് മാത്രമല്ല വാര്യർക്കും ജാതിവാൽ പ്രധാനമാണ്.വാര്യർ എന്ന ജാതി വാലിൻ്റെ മേന്മയേറിയായിരുന്നു ഇതുവരെ സഞ്ചാരം . അച്ഛൻ്റെ ജാതി വാലിൻ്റെ പ്രിവിലേജുകൾക്കിടെ അമ്മയുടെ ‘മൂത്താൻ ചോര’ അയാൾ ഓർത്തതില്ല. ഇപ്പോഴാണ് മൂത്താൻ തറയിലെ വോട്ടുകളുടെ വില പേശുന്നത്.വീണപ്പോൾ താങ്ങാൻ ‘മൂത്താൻ’ മാത്രമല്ല ‘മേത്തനും’ വേണം. “പാക്കിസ്ഥാനിൽ പോകാൻ ആഗ്രഹിക്കുന്നവരെ ടയർ കത്തിച്ച് കഴുത്തിലിടണം”എന്നു പറഞ്ഞ അതേ നാവുകൊണ്ടാണ് പാണക്കാട്ടിരുന്ന് ബിരിയാണിയും ‘പഴയ ആ ഛർദ്ദിലും’ ഒന്നിച്ചു തിന്നത്.
അന്തസ്സ് ഒരു ചെറിയ വാക്കല്ല. ഭംഗിയുള്ള ഒരു കുപ്പായമാണ്.അതിന് വ്യക്തിയെക്കാൾ വലിപ്പം ഉണ്ടായിരുക്കുമ്പോൾ മാത്രമേ അതിണങ്ങൂ. ‘അച്ഛൻ മൂന്നു യുദ്ധങ്ങൾ നടത്തിയാൽ’ കിട്ടുന്ന ഒന്നല്ലത്. ആദർശം നദിയിലെ കല്ലിൽ പറ്റിയ പായൽ മാതിരിയല്ല. ഉരുണ്ടുരുണ്ടു പോകുമ്പോൾ അത് പൊഴിഞ്ഞും തേഞ്ഞും പോവുകയില്ല. സത്യവാൻ്റെ ഹൃദയത്തിൽ പതിച്ച ഒരു മുദ്രയാണത്. വഞ്ചകൻ്റെ ഹൃദയത്തിൽ അത് പതിയുകയില്ല. രാഷ്ട്രീയം എതിരാളികളുമായുള്ള കൂട്ടുകച്ചവടമാക്കുന്നവന് ആ മുദ്ര വലിച്ചെറിയാൻ മാത്രമുള്ള വിലയില്ലാത്ത ഒരു ഓട്ടക്കാലണയാണ്.
അതാണയാൾ ചെയ്തത്.
ഇത്രയും പറഞ്ഞത് ‘വീട്ടുകാരെയാകെ കടിച്ചിട്ടിറങ്ങിപ്പോയ ഒരു നായ’യെ ഓർത്തല്ല. അതിൻ്റെ ‘കുര’യോർത്ത് അഭിമാനിക്കുകയും വിഷമിക്കുകയും ചെയ്തിരുന്നവരെ കരുതിയാണ്. വിഷമിക്കണ്ട …അത് അപ്പുറത്തെ വീട്ടിൽ നിന്ന് ഇങ്ങോട്ടു നോക്കി കുരയ്ക്കുന്നുണ്ട്
ഒറ്റുകാരല്ല…. വെട്ടേറ്റു വീണവരുടെ ആത്മാവാണ് ഇവിടെ കാവൽ .