കൊച്ചി: മലയെയും മലയെ ആരാധിച്ചവനെയും ദൈവമായി ആരാധിച്ചവരെയാണ് ഹിന്ദു എന്നു വിളിച്ചത്. ദീപാവലിയുടെ ദിവസങ്ങളിലൊന്ന് ഗോവർദ്ധനത്തെ ആരാധിക്കാനുള്ളതായിരുന്നു. ചിലർക്കത് രാമനേയും സീതയേയും വിളക്കു കൊളുത്തി വരവേൽക്കാനുള്ളത്…ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തുടർന്നാണ് ഈ കുറിപ്പ് .
കള്ളും മുറുക്കാനും നേദിക്കുന്നവനും പാനകവും മോദകവും നേദിക്കുന്നവനും ഹിന്ദുവാകുന്നത് അവരിരുവരും മോക്ഷത്തിൽ വിശ്വസിക്കുന്നു, പുനർജന്മത്തിൽ , ആത്മാവിൽ വിശ്വസിക്കുന്നു,തൂത്തെറിഞ്ഞിട്ടും പോകാതെ ജാതി അവനെ പൊതിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ് ആര്യാലാൽ തുടരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :-
ചരിത്രം പഠിക്കാൻ തുടങ്ങുന്ന ഇന്ത്യക്കാരനോട് ഇല്ലായ്മകളെപ്പറ്റി പറഞ്ഞു കൊണ്ടാണത് തുടങ്ങുന്നത്. “നിങ്ങൾക്ക് ഹെറോഡോട്ടസിനെ പോലെ പ്ലീനിയെപ്പോലെ ഒരു ചരിത്രകാരനില്ല” എന്ന ഒറ്റ പ്രസ്താവന കൊണ്ട് ഇതിഹാസങ്ങളെയും മിത്തുകളെയും അത് അപകൃഷ്ടമാക്കി ചരിത്ര ബാഹ്യമാക്കിക്കളയും.
ഇന്ത്യക്കാരന്റെ ചരിത്ര സൃഷ്ടി ‘റൊമീള ഥാപ്പറി’ൽ ആരംഭിച്ച് റൊമീള ഥാപ്പറിൽ അവസാനിക്കുന്നതാണ് ചിലർക്കെങ്കിലും ഇഷ്ടം. ജനതയുടെ സംസ്കാരത്തെ ഹിന്ദുമതം തീണ്ടാതെ പുറത്തു നിർത്താനുള്ള മെച്ചപ്പെട്ട ഗോവസൂരി പ്രയോഗമാണ് ഥാപ്പർ.
ഹിന്ദുമതം ബ്രിട്ടീഷ് സൃഷ്ടിയാണെന്ന് സ്ഥാപിച്ചെടുക്കാൻ ഥാപ്പറുടെ ചരിത്ര നിർമ്മിതികളാണുപകരണങ്ങൾ. ഇന്ത്യയിലെ ആചാര വൈവിധ്യത്തെ ഹിന്ദുമതം എന്നു വ്യാഖ്യാനിച്ചത് ബ്രിട്ടീഷുകാരോ രാജാറാം മോഹൻ റോയിയോ ആയിക്കൊള്ളട്ടെ ഭാഗ്യവശാൽ ചരിത്രം ആരംഭിക്കുന്നത് ആ പേരിടീൽ കർമ്മത്തിൽ നിന്നുമല്ല.അമേരിക്ക എന്നതിനു പകരം എന്തു പേരിട്ടിരുന്നെങ്കിലും ആ ഭൂവിഭാഗത്തിന് എന്തു മാറ്റാമാണുണ്ടാവുക? ഭൂഗുരുത്വത്തിന് ആ പേരു കേൾക്കും മുന്നെയും പിന്നെയും എന്തു മാറ്റമാണുള്ളത്. പേരിലെന്തിരിക്കുന്നു എന്ന ഇംഗ്ലീഷ് ചോദ്യം നന്നായി ഇണങ്ങുന്നതിവിടെയാണ്.
സത്യത്തെ അവഗണിച്ചു കൊണ്ട് ഥാപ്പറെയും ശിഷ്യരേയും വാദത്തിന് അംഗീകരിച്ചാൽത്തന്നെ, ‘നല്ലെണ്ണ’ എന്ന് ഏതെങ്കിലും ഒരു എണ്ണയെ വിളിക്കേണ്ടിവരുന്നത് നല്ലതല്ലാത്ത മറ്റെണ്ണകളുടെ സാന്നിധ്യമാണ് എന്ന സാമാന്യ ബോധം മതി ബ്രിട്ടീഷുകാരന്റെ ഹിന്ദുമത പേരിടീലിന്റെ യുക്തി മനസ്സിലാക്കാൻ.
മറ്റു മതങ്ങളുടെ സാന്നിധ്യത്തിൽ നിന്നും ജന സങ്കലനത്തെ തിരിച്ചറിയേണ്ടതുണ്ടായിരുന്നു അവർക്ക് .
ഒരു ജാതി കൊണ്ട് പൂർണ്ണമാകാതിരുന്ന ഒരു സാമൂഹിക ക്രമമായിരുന്നു അത്.മതമെന്നതിലുപരി ധർമ്മം എന്നതു വിളിക്കപ്പെട്ടതതുകൊണ്ടാണ്. ഏതെങ്കിലും ഒരു ജാതിക്ക് സമൂഹനിർമ്മിതിയിൽ അതിന്റെ പങ്കു മാത്രമേ വഹിക്കാൻ കഴിഞ്ഞുള്ളൂ.
നിറത്തിന്റെയും സമ്പത്തിന്റെയും എല്ലാ ഭേദഭാവനകൾക്കുമപ്പുറത്ത്,ആചാര വൈവിധ്യത്തിനപ്പുറത്ത് വിശ്വാസങ്ങളുടെ അദൃശ്യമായ ഒരു ചരട് സമൂഹത്തെ ബന്ധിപ്പിച്ചു നിർത്തി.ജാതി കൊണ്ട് അടയാളപ്പെടുത്തിയിരുന്ന ഒരു സാമൂഹിക ജീവിതത്തിൽ അവർ കണ്ട പൊരുത്തങ്ങളെച്ചേർത്താണ് ഹിന്ദുമതം അഥവാ സനാതന ധർമ്മം എന്നു വിവക്ഷിച്ചത്. സത്യത്തിൽ ഹിന്ദു മതത്തെ അവഹേളിക്കാനായി കണ്ടെത്തിയ ജാതിയും അതിന്റെ ഗുണദോഷങ്ങളുടെ സാന്നിധ്യവുമാണ് ഈ ധർമ്മത്തിന്റെ സാന്നിധ്യ സാക്ഷി.
അഗ്നിഹോത്രി യമനിയമാദികളോടെ ബ്രഹ്മോപാസന ചെയ്ത് ഹിന്ദുവായി . ചാത്തൻ തന്റെ ജാത്യകലത്തിൽ നിന്നുകൊണ്ട് മാടൻ പോത്തിനെ ബ്രഹ്മമായി ഉപാസിച്ച് ഹിന്ദുവായി . വടക്കുംനാഥന്റെ ശിരസ്സിൽ വലംപിരി ശംഖിൽ നിന്നും തീർഥം വീണു. കണ്ണപ്പന്റെ ശിവന് കവിൾകൊണ്ട വെള്ളത്തിലായിരുന്നു അഭിഷേകം. മാടൻപോത്തിനെ ബ്രഹ്മമാക്കുന്ന,കവിൾകൊണ്ട വെള്ളത്തെ ഗംഗയാകുന്ന അത്ഭുതത്തെയാണ്, ചാത്തനെയും അഗ്നിഹോത്രിയേയും ചേർത്ത് ‘ഹിന്ദു’ എന്നു വിളിച്ചത്.
ചരിത്രം ഉണ്ടോ എന്നു പോലുമറിയാത്ത മലയർക്ക് രാമനേയും സീതയേയും അറിയാം. കാട്ടിൽ കുറിച്യരെ ഹിന്ദു വാക്കിയത് രാമനാണ്. പുല്പള്ളിയിലെ വാല്മീക്യാശ്രമവും കല്ലായിരിക്കുന്ന അമ്മയും മക്കളും നമ്മളോട് പറയുന്നതതാണ്.
പൂജിക്കാൻ പുരുഷനും സ്ത്രീയ്ക്കും അവകാശമുള്ളവരെയാണ് ഹിന്ദുവെന്ന് വിളിച്ചത്. മണ്ണാറശ്ശാലയിലെ നിലവറയിൽ മാത്രല്ല അത്. വനാന്തരങ്ങളിൽ സാന്താളരുടെ ഗോത്ര ഭൂമിയിൽ ആണും പെണ്ണും ശിവനെയും രാമനെയും പൂജിക്കുന്നു. പൂജാ വൈവിധ്യങ്ങൾക്കിടയിലും ശിവനും രാമനും ചേർന്ന് സാന്താളരെ ഹിന്ദുവാക്കുന്നു.പെണ്ണിനു ‘വിലക്കും പൂജയും വിധിക്കുന്ന’ വൈവിധ്യത്തെക്കൂടിയാണ് ഹിന്ദു എന്നു വിളിക്കുന്നത്.
മലയെയും മലയെ ആരാധിച്ചവനെയും ദൈവമായി ആരാധിച്ചവരെയാണ് ഹിന്ദു എന്നു വിളിച്ചത്. ദീപാവലിയുടെ ദിവസങ്ങളിലൊന്ന് ഗോവർദ്ധനത്തെ ആരാധിക്കാനുള്ളതായിരുന്നു. ചിലർക്കത് രാമനേയും സീതയേയും വിളക്കു കൊളുത്തി വരവേൽക്കാനുള്ളത്. ചിലർക്കാകട്ടെ മുരാരിയെ സ്തുതിക്കാനുള്ളത്. ഒരേ ഉത്സവത്തിലെ ഈ വൈവിധ്യമാണ് ഹിന്ദു മതം .
കള്ളും മുറുക്കാനും നേദിക്കുന്നവനും പാനകവും മോദകവും നേദിക്കുന്നവനും ഹിന്ദുവാകുന്നത് അവരിരുവരും മോക്ഷത്തിൽ വിശ്വസിക്കുന്നു, പുനർജന്മത്തിൽ , ആത്മാവിൽ വിശ്വസിക്കുന്നു,തൂത്തെറിഞ്ഞിട്ടും പോകാതെ ജാതി അവനെ പൊതിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ്.
മുത്തപ്പന്റെ ഉണക്കമീനും അയ്യപ്പന്റെ അരവണയും ഒരു പോലെ വിശുദ്ധമാകുന്ന അത്ഭുതത്തിന്റെ പേരാണ് ഹിന്ദു മതം. നടരാജന് പാദത്തിലമർന്ന മുയലകാസുരനും മുടിയിലെ ഇന്ദു കലയുമില്ലെങ്കിൽ പൂർണ്ണതയില്ല. ഇക്കണ്ട പേയും പിശാചും തീച്ചാമുണ്ഡിയും മാടനും മറുതയുമെല്ലാം കൈലാസത്തിൽ നിന്നിറങ്ങി കാവിൽ വന്നിരുന്ന ഭൂതഗണങ്ങളാണ്. ഈ സർവ്വാശ്ലേഷിത്വമാണ് നരേറ്റീവുകളെ അതിജീവിച്ച് ഹിന്ദുവിനെ സനാതനമാക്കുന്നത്.
ആകാശത്തിൽ നിന്നുമല്ല പ്രകൃതി ബോധത്തിൽ നിന്നും ഈശ്വരീയത കണ്ടെത്തിയവരെയാണ് ഹിന്ദുവെന്നു വിളിച്ചത്. അവരാണ് മാതൃദേവതാ സങ്കല്പത്തെ പരാശക്തിയായി ആയിരം പേരിട്ടു വിളിച്ചത്. പേരിന്റെ സ്ഥിരതയെ തകർക്കുന്ന സർവ്വവ്യാപിത്വത്തിന്റെ സൂചനയാണ് സഹസ്രനാമങ്ങൾ. ആയിരം പേരുള്ളവളുടെ പേരേതാണ് ?അവളെ പൂജിക്കേണ്ട വിധം എങ്ങനെയാണ് ? ഈ വൈവിധ്യത്തിന്റെ അത്ഭുതകരമായ രസപ്പൊരുത്തത്തെയാണ് ഹിന്ദു എന്നു വിളിച്ചത്.
ബ്രഹ്മണ്യം അവൾക്കു മുന്നിൽ കൈകൾ കൂപ്പി “യാ ദേവീ സർവ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിത നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമ:” എന്നു പ്രാർത്ഥിച്ചപ്പോൾ തിറയുറഞ്ഞുണർന്ന ആദിമ ബോധമാകട്ടെ കാവിനു മുന്നിൽ നിന്ന്” തെയ്യം തത്തെയ്യം തത്ത ..” അമ്മയാകുന്ന ദൈവം ജയിക്കട്ടെയെന്ന് ആദിമ താളങ്ങളിൽ തെറി കൊണ്ടും അശ്ലീലാംഗ്യങ്ങൾ കൊണ്ടു പോലും ആടിയാർത്തു. ഭാഷയുടെയും താളത്തിന്റെയും ഭേദങ്ങൾക്കുപരി അമ്മ ദൈവത്തിന്റെ പൊരുത്തമാണവരെ ഹിന്ദുവാക്കിയത്.
ആയുധം ധരിപ്പിച്ചു ദുർഗയാക്കി,വീണയും പുസ്തകവുമെടുപ്പിച്ച് സരസ്വതിയാക്കി, അഭയവും വരദവും അരുളുന്ന ലക്ഷ്മിയാക്കി ഇച്ഛയ്ക്കൊത്ത ദൈവങ്ങളെ സൃഷ്ടിച്ച് ഇച്ഛയ്ക്കൊത്ത് ആരാധിച്ചവരെയാണ് ലോകം ഹിന്ദുവെന്ന് വിളിച്ച് മുപ്പത്തിമുക്കോടി വൈജാത്യങ്ങൾക്ക് ഉടമയാക്കിയത്.കാവിനെയും തെയ്യത്തെയും വെളിച്ചപ്പാടിനെയും ഹൈന്ദവ ബാഹ്യമാക്കിയവർക്ക് കൊടുങ്ങല്ലൂരിന്റെ ഭരണിപ്പാട്ട് പക്ഷെ ബൗദ്ധ വിരുദ്ധവും ഹൈന്ദവീയവുമാണ്. ഇരട്ടത്താപ്പിന് മാതൃ ഗഭർത്തിൽ നിന്നേ അവകാശം വാങ്ങി വന്നവരെ പറ്റി എന്തു പറയാനാണ്!
ആകാശാത് പതിതം തോയം യഥാ ഗച്ഛതി സാഗരം സർവദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി” ….. ഉണക്കമീനും കള്ളും പാനകവും പാല്പായസവുമെല്ലാം മനുഷ്യരെ ഒരേയിടത്തിലെത്തിക്കും എന്ന വിശ്വാസമാണ് ഹിന്ദുത്വം! അവർ കാവുതീണ്ടും ഗുളികനും തീച്ചാമുണ്ഡിക്കുമൊപ്പം. മുടിയെടുത്തുറയും നെറ്റി പിളർത്തി രുധിരധാരയർപ്പിക്കും. പഞ്ചുരുളിയുടെ ധർമ്മ ജയങ്ങളിൽ ആനന്ദിക്കും.
പറയനായ തിരുമൂലരുടെ പറയപ്പട പാടി വരികയാണ്. ഒൺറേ കുലം ഒരുവനേ ദേവനും .. അൻപേ ശിവം. സനാതനി പാടിയ സാഹോദര്യത്തിന്റെ ഐക്യത്തിന്റെ ആ പാട്ടിലും വലിയ സ്നേഹഗാഥയൊന്നും ലോകം പിന്നിതുവരെ കേട്ടതില്ല.
“പാതാളപ്പടവുകൾ കയറി
പറയപ്പട തുള്ളി വരുന്നു
പറയയറയും താളം തുള്ളീ
പറയപ്പട പാടി വരുന്നു.!”